കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ച ജനപ്രതിനിധികളെ ആദരിക്കാൻ കൊച്ചിയിൽ സംഘടിപ്പിച്ച മെഗാ പഞ്ചായത്തിലെ ചില വീഡിയോകൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാണ്. പരിപാടിയുടെ അവസാനം പെട്ടന്നാണ് രാഹുൽ ഗാന്ധി മൻരേഖ തൊഴിലുറപ്പുമായി ബന്ധപ്പെട്ട് ജനപ്രതിനിധികൾക്ക് ചോദ്യം ചോദിക്കാൻ അവസരം നൽകിയത്. സദസ്സിൽ ആദ്യം മൈക്കിനായി കൈനീട്ടിയ അന്യസംസ്ഥാനക്കാരന് മൈക്ക് കൊടുത്തപ്പോൾ രാഹുൽ ഗാന്ധിയോട് ഒന്ന് താഴേക്ക് ഇറങ്ങി വന്ന് ഒന്ന് കെട്ടിപ്പിടിക്കൂ എന്നാണ് അയാൾ ആദ്യം ആവശ്യപ്പെട്ടത്. തുടർന്ന് ചോദിച്ചതും തൊഴിലുറപ്പുമായി ബന്ധപ്പെട്ട ചോദ്യമായിരുന്നില്ല. അതിനാൽ മൈക്ക് മറ്റൊരാൾക്ക് കൈമാറി. ഒരു കോൺഗ്രസ് പ്രവർത്തകയാണ് അടുത്ത ചോദ്യവുമായി എത്തിയത്. ജനങ്ങൾക്ക് വേണ്ടിയാണ് ചോദിക്കുന്നത്, കോൺഗ്രസിന് വോട്ട് ചെയ്താൽ ജനങ്ങൾക്ക് എന്താണ് നേട്ടം എന്നായിരുന്നു ചോദ്യം.
അതും തൊഴിലുറപ്പുമായി ബന്ധപ്പെട്ട ചോദ്യം അല്ലാത്തതിനാൽ തൊഴിലുറപ്പുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ചോദിക്കൂ എന്ന് പറഞ്ഞതോടെ “കോൺഗ്രസ് അധികാരത്തിൽ വന്നാൽ ജനങ്ങൾക്ക് എന്തൊക്കെ നേട്ടങ്ങൾ ഉണ്ടാകുമെന്ന് വീണ്ടുംചോദിച്ചു. അതിന് തൊഴിലില്ലായ്മ ഇല്ലാതാക്കാൻ ഉതകുന്ന പദ്ധതികൾ കൊണ്ടു വരും എന്ന് രാഹുൽ മറുപടി നൽകി. തുടർന്ന് തൊഴിലുറപ്പുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഒന്നും ഉയരാതിരുന്നതിനാൽ രാഹുൽ ഗാന്ധി കെസി വേണുഗോപാലിനു മൈക്ക് തിരികെ കൊടുത്തു. ചോദ്യോത്തരം അവസാനിപ്പിക്കുന്ന ഘട്ടത്തിലാണ് ആ പ്രസക്തമായ ചോദ്യം വേദിയിൽ ഉയർന്നു കേട്ടത്. രാഹുൽഗാന്ധി നടത്തിയ എല്ലാ യാത്രകളിലും സഹയാത്രിക ആയിരുന്ന എറണാകുളം പെരുമ്പാവൂർ സ്വദേശിനിയും മഹിള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി കൂടിയായ ഷീബ രാമചന്ദ്രന്റേതായിരുന്നു ആ ചോദ്യം
മഹാത്മജിയുടെ പേര് പോലും ഇല്ലായ്മ ചെയ്യുന്ന ഈ കാലഘട്ടത്തിൽ, ജനങ്ങളുടെ അവകാശങ്ങൾ പോലും പാർശ്വവൽക്കരിക്കപെടുന്ന ഈ കാലഘട്ടത്തിൽ “മൻരേഖ”എന്ന മൻമോഹൻസിങ് സർക്കാർ കൊണ്ടുവന്ന, ലോകംമുഴുവൻ ഏറ്റവും വലിയ തൊഴിൽദാന പദ്ധതി എന്ന് അറിയപ്പെടുന്ന തൊഴിലുറപ്പ് പദ്ധതിയെ ഈ സർക്കാർ സൈഡ് ലൈൻ ചെയ്യുമ്പോൾ അതിനെതിരെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് രാജ്യ വ്യാപകമായി പ്രക്ഷോഭം നടത്തുമ്പോൾ ഈ ജനാധിപത്യ ധ്വംസനത്തെ അങ്ങ് എങ്ങനെ നോക്കി കാണുന്നു എന്നായിരുന്നു ചോദ്യം. പെട്ടന്ന് തന്നെ മൈക്ക് വാങ്ങി രാഹുൽ ഗാന്ധി ആ ചോദ്യത്തിന് വിശദമായ ഉത്തരം നൽകി. രാഹുലിൻ്റെ ഉത്തരം ഇങ്ങനെ ആയിരുന്നു.”മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (MGNREGA) യുപിഎ സർക്കാർ രൂപകൽപ്പന ചെയ്തത് നമ്മുടെ രാജ്യത്തിലെ ഏറ്റവും ദരിദ്രരായ ആളുകൾക്ക് മിനിമം വേതനം ഉറപ്പാക്കാനാണ്. ഇത് ലക്ഷക്കണക്കിന് ആളുകളുടെ ജീവിതം മാറ്റിമറിച്ചു. ആ പദ്ധതി ഇപ്പോൾ നശിപ്പിക്കപ്പെടുകയാണ്.
കേന്ദ്ര സർക്കാർ നമ്മുടെ രാജ്യത്തിലെ ഏറ്റവും ദരിദ്രരായ ആളുകൾക്ക് മിനിമം വേതനം നൽകാൻ ആഗ്രഹിക്കുന്നില്ല. അതുകൊണ്ടാണ് അവർ MGNREGA-യെ ആക്രമിക്കുന്നത്. MGNREGA-യെ ആക്രമിക്കുന്ന രണ്ടാമത്തെ കാരണം, ഇത് ഏറ്റവും താഴെ തട്ടിലുള്ള സർക്കാരുകളായ പഞ്ചായത്തുകളിലൂടെ നടപ്പാക്കുന്ന പദ്ധതിയാണ്. അവർക്ക് താഴെ തട്ടിലുള്ള ഭരണ സ്ഥാപനങ്ങൾക്ക് സാമ്പത്തിക അധികാരവും തീരുമാനമെടുക്കാനുള്ള അധികാരവും നൽകാൻ താല്പര്യമില്ല. അവർ ബ്യൂറോക്രാറ്റുകളുടെ ഓഫീസുകളിൽ നിന്നും ഡൽഹിയിൽ നിന്നും എല്ലാം നിയന്ത്രിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും ദരിദ്രരായ ആളുകളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാനും മൂന്നാം തട്ടിലുള്ള സർക്കാരിന് അധികാരം നൽകാനുമാണ് നാം MGNREGA സൃഷ്ടിച്ചത്. അതുകൊണ്ടാണ് അവർ ഇതിനെ ആക്രമിക്കുന്നത്. അതുപോലെ പ്രധാനമന്ത്രി ലോക്‌സഭയിൽ MGNREGA-യെ പരിഹസിച്ചു. പക്ഷേ കോവിഡ് വന്നപ്പോൾ, MGNREGA നമ്മുടെ ജനങ്ങളെ രക്ഷിച്ചു. കോവിഡ് കാലത്ത് MGNREGA ആയിരുന്നു നമ്മുടെ ജനങ്ങളെ രക്ഷിച്ചതെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ മറുപടി. മലയാളത്തിൽ ചോദിച്ച ഷീബ രാമചന്ദ്രന്റെ ചോദ്യവും രാഹുൽ ഗാന്ധി നൽകിയ വിശദമായ ഉത്തരവും ഷാഫി പറമ്പിൽ മൊഴിമാറ്റം നടത്തി.














































