കൊല്ലം: ശബരിമല സ്വർണ്ണകൊള്ളക്കേസിലെ ഒന്നാംപ്രതി ഉണ്ണിക്കൃഷ്ണൻപോറ്റി, കൊല്ലം വിജിലൻസ് കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷയിലുള്ള വാദം പൂർത്തിയായി. വിധി ബുധനാഴ്ചണ്ടാകും. കേസിൽ ഇതുവരെ കുറ്റപത്രം സമർപ്പിക്കാത്തതിനാൽ ജാമ്യം ലഭിക്കാൻ സാധ്യതയുണ്ട്. അറസ്റ്റിലായി 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിക്കാത്തതിനാൽ തനിക്ക് സ്വാഭാവിക ജാമ്യത്തിന് അർഹതയുണ്ടെന്നാണ് ഉണ്ണിക്കൃഷ്ണൻപോറ്റിയുടെ വാദം.
കേസന്വേഷണം നിർണായകഘട്ടത്തിലെത്തി നിൽക്കുമ്പോൾ പ്രതിക്ക് ജാമ്യം നൽകരുതെന്ന കർശന നിലപാടിലാണ് പ്രോസിക്യൂഷൻ. ഇനിയും തുടരന്വേഷണം വേണ്ടതുണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. റിമാൻഡിൽ കഴിയുന്ന തന്ത്രി കണ്ഠര് രാജീവരും ഉണ്ണിക്കൃഷ്ണൻപോറ്റിയും തമ്മിലുള്ള ബന്ധം സംബന്ധിച്ച് കൂടുതൽ വ്യക്തത വരുത്തേണ്ടതുണ്ട്. നഷ്ടപ്പെട്ടത് എത്ര സ്വർണം ഏതെല്ലാം തരത്തിൽ നഷ്ടമുണ്ടായിട്ടുണ്ട് എന്നിവയും അന്വേഷിക്കണം, അവ വീണ്ടെടുക്കണം. ജാമ്യം ലഭിച്ചാൽ പ്രതി, ഒളിവിൽപ്പോകാൻ സാധ്യതയുണ്ട്. ഉയർന്ന ജാമ്യ തുക, കേരളം വിട്ടുപോകാൻ പാടില്ല എന്നീ വ്യവസ്ഥകളും വാദത്തിൽ ഉന്നയിച്ചു. ഒരുകാരണവശാലും പോറ്റിക്ക് ജാമ്യം നൽകാൻ പാടില്ലെന്ന് പബ്ളിക് പ്രോസിക്യൂട്ടർ സിജു രാജൻ വാദിച്ചു. തുടർന്നാണ് ജാമ്യഹർജിയിൽ വിധി പറയുന്നത് കൊല്ലം വിജിലൻസ് ജഡ്ജി ഡോ. സി.എസ്. മോഹിത് ബുധനാഴ്ചത്തേക്ക് മാറ്റിയത്.
കട്ടിളപ്പാളിയിലെ സ്വർണം അപഹരിച്ച കേസിലും പ്രതിയാണ് ഉണ്ണിക്കൃഷ്ണൻപോറ്റി. അതിനാൽ ആദ്യ കേസിൽ ജാമ്യം കിട്ടിയാലും ജയിൽമോചിതനാകില്ല. രണ്ടാംകേസിൽ കുറ്റപത്രം സമർപ്പിക്കേണ്ട 90 ദിവസം പൂർത്തിയാകാൻ മൂന്നാഴ്ചകൂടി ബാക്കിയുണ്ട്. അതിനുള്ളിൽ ആദ്യ കേസിലെ കുറ്റപത്രം സമർപ്പിക്കാനുള്ള ശ്രമത്തിലാണ് പ്രത്യേക അന്വേഷണ സംഘം.














































