ഖത്തറിൽ മാർച്ച് 27 ന് സ്പെയിനുമായും 31 ന് ഖത്തർ ദേശീയ ടീമുമായും ഉള്ള അർജന്റീനയുടെ മത്സരങ്ങൽ ഫിഫ ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നു. ഖത്തർ ഒരു ഫുട്ബോൾ ഫെസ്റ്റിവൽ തന്നെയാണ് ആ ഒരാഴ്ച ഒരുക്കിയിരിക്കുന്നത്. ഈ ടീമുകൾക്ക് പുറമേ സൗദി അറേബ്യ, ഈജിപ്ത്, സെർബിയ, തുടങ്ങിയ രാജ്യങ്ങളും കളിക്കാനെത്തുന്നു. ആകെ 6 മത്സരങ്ങളാണ് നടക്കുന്നത്. അതോടെ നമ്മുടെ കായിക മന്ത്രി അബ്ദുറഹിമാന്റെയും റിപ്പോർട്ടർ ചാനൽ മുതലാളി ആന്റോ അഗസ്റ്റിന്റേയും നുണപ്രചരണത്തിന്റെ പെട്ടിയിൽ അവസാനത്തെ ആണിയും അടിച്ചു കഴിഞ്ഞിരിക്കുകയാണ്. സത്യത്തിൽ കേരളത്തിലെ ഒരു മന്ത്രി ജനങ്ങളെ ഇത്രമാത്രം വിഡ്ഡികളാക്കിയ ഒരു സംഭവം ഇതിനു മുമ്പുണ്ടായിട്ടില്ല.
മെസി കേരളത്തിൽ വരുമോ ഇല്ലയോയെന്ന് പറഞ്ഞപ്പോൾ വരും എന്നായിരുന്നു മന്ത്രിയും റിപ്പോർട്ടർ മൊതലാളിയും ഘോരഘോരം പ്രസംഗിച്ചത്.
ഇനി വേണമെങ്കിൽ എത്രമനോഹരമായ നടക്കാത്ത സ്വപ്നം എന്നുതന്നെ പറയാം. ആദ്യത്തെ പ്രഖ്യാപനം വലിയ ദേഷമൊന്നുമില്ലാതെ പോയതായിരുന്നു. എന്നാൽ പിന്നീട് ഇത് കൂടുതൽ വഷളാക്കിയത് മാംഗോ ഫോൺ, വയനാട്ടിലെ മരംകമുറി തുടങ്ങിയ തട്ടിപ്പുകളിലൂടെ കേരളത്തിൽ കുപ്രസിദ്ധരായ റിപ്പോർട്ടർ ചാനൽ ഇത് അവരുടെ പരിപാടിയായി നടത്തുമെന്ന് പ്രഖ്യാപിച്ച് വലിയ പ്രചരണങ്ങളും വീഡിയോകളും ഒക്കെയായി എത്തിയതോടൊണ്. സത്യത്തിൽ ഇവർ ഒരിക്കലും ഇത് നടത്തുന്നതിനായി ഔദ്യോഗിക ശ്രമങ്ങളൊന്നും നടത്തിയിരുന്നില്ല എന്നതാണ് വാസ്തവം. ചുമ്മാ ആരെയൊക്കെയോ പോയി കണ്ട് അവരുടെ കൂടെ സെൽഫിയുമെടുത്ത് ഇവിടെ വന്ന് തട്ടി വിടലായിരുന്നു. മാത്രമല്ല ഒരു മത്സരം നടത്താൻ എന്തൊക്കെ ചെയ്യണം എന്നു പോലും അറിയാതെയാണ് മലയാളികളെ പറ്റിക്കാൻ എഐ വീഡിയോ ഒക്കെ ഇറക്കിയത്.
ഇതൊന്നും പോരാതെ നവംബർ 17 ന് മത്സര തീയതിയും എതിരാളികളേയും വരെ ഇതിനിടെ റിപ്പോർട്ടർ മുതലാളിമാർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഫിഫയോ, അർജന്റീന ടീമോ, ഓസ്ത്രേലിയ ടീമോ ഒന്നും ഔദ്യോഗികമായി യാതൊരു പ്രതികരണവും നടത്തിയിരുന്നില്ല. അവസാനം മത്സരത്തിനുള്ള ടിക്കറ്റ് നിരക്കും പ്രഖ്യാപിച്ച് ടിക്കറ്റ് വിതരണം തുടങ്ങേണ്ട തീയതിയിലാണ് സ്റ്റേഡിയത്തിന് നിലവാരം പോരാ എന്ന് മനസിലായത്. എങ്ങനെയുണ്ട്. മത്സരം നടക്കേണ്ട സ്റ്റേഡിയം പോലും ഒരുക്കാതെയാണ് എഐ വീഡിയോയും ടീമുകൾക്ക് സഞ്ചരിക്കാനുള്ള ബസും ഒക്കെ ഇറക്കിയത്. അങ്ങനെ നാണംകെട്ട് ഒരുവഴിക്കായ ട്രീകട്ടർ മുതലാളിമാർ അവസാനം തങ്ങൾ സ്റ്റേഡിയം സൗജന്യമായി നന്നാക്കാൻ പോവുകയാണെന്നും മാർച്ചിൽ മത്സരം ഇവിടെ തന്നെ നടത്തും എന്നും പ്രഖ്യാപിച്ചു.
അതിനിടെ നവംബറിൽ വരാൻ സാധിക്കാത്തതിൽ അത്യധികം ദുഖമുണ്ടെന്നും അത് പരിഹരിക്കാനായി മാർച്ച് മാസത്തിൽ എന്തായാലും കേരളത്തിലേക്കെത്തുമെന്ന് അർജന്റീന ഫുട്ബോൾ അസോസിയേഷൻ കേരള സർക്കാരിന് മെയിൽ അയച്ചു എന്നും കായിക മന്ത്രിയും തള്ളി. റിപ്പോർട്ടർ മുതലാളി പൈസ തിരികെ വാങ്ങിയിട്ടില്ലാന്നും അതിന്റെകൂടെ പറഞ്ഞു. ആ പൈസ പോയി എന്ന് പറഞ്ഞാണോ എന്തോ ഇങ്ങനോരു മെയിൽ അവർ അന്ന് അയച്ചത്. ഇവരായതുകൊണ്ട് പൈസ കൊടുത്തിട്ടുണ്ടോ എന്നതും സംശയമാണ്. സ്റ്റേഡിയം നവീകരണത്തിന്റെ പേരിൽ എന്തൊക്കെ ചെയ്തു എന്നത് കണക്കുകൾ വരുമ്പോൾ അറിയാം. ഇവർ എത്ര ചെയ്തു, GCDA ക്ക് എത്ര നഷ്ടം വന്നു എന്നതൊക്കെ അപ്പോൾ അറിയാം. എന്തായാലും ഇവർ നന്നാക്കിയെന്ന് പറയുന്ന സ്റ്റേഡിയത്തിന്റെ ഗുണം കൊണ്ട് ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ ഈ വർഷത്തെ വേദി കോഴിക്കോട്ടേക്ക് മാറുകയാണെന്ന വാർത്തയും വന്നിട്ടുണ്ട്.
സ്ഥിരമായി കൊച്ചിയിൽ കളിച്ചുകൊണ്ടിരുന്ന ബ്ലാസ്റ്റേഴ്സ് സ്റ്റേഡിയത്തിലെ നവീകരണ ജോലികൾ പൂർത്തിയാവാത്തതിനാലും മത്സരങ്ങൾ ആരംഭിക്കുന്ന ഫെബ്രുവരി രണ്ടാം വാരത്തിനു മുമ്പ് പൂർത്തിയാവാൻ സാധ്യതയില്ലാത്തിതനാലുമാണ് കോഴിക്കോട്ടേക്ക് മാറുന്നതെന്നാണ് പറഞ്ഞത്. അപ്പോൾ സ്റ്റേഡിയം നവീകരണം എന്ന പേരിൽ റിപ്പോർട്ടർ മുതലാളിമാർ എന്താണ് അവിടെ ചെയ്തു വച്ചിരിക്കുന്നതെന്ന് ഊഹിക്കാമല്ലോ. കളിച്ചുകൊണ്ടിരുന്ന ടീമിനു പോലും വേറെ സ്ഥലം നോക്കേണ്ടി വന്നു.
കഴിഞ്ഞ ഒക്ടോബർ അവസാനം ഇമെയിൽ വന്നു, മാർച്ചിൽ വരുന്നു എന്നൊക്കെ മന്ത്രി പറഞ്ഞപ്പോൾ തന്നെ ഫുടബോളുമായി ബന്ധമുള്ളവർ പറഞ്ഞിരുന്നു, ഇവർ വെറും പറ്റിക്കലാണ് നടത്തുന്നത്. മത്സരം നടത്തുന്നതിനുള്ള യാതൊരു ശ്രമവും ഇവരുടെ ഭാഗത്തു നിന്നുണ്ടായിട്ടില്ല എന്ന്. ഒരുപക്ഷേ മത്സരത്തിന്റെ പേരിൽ വലിയ തോതിൽ പണം വിദേശത്തേക്ക് കടത്താനോ മറ്റോ ഉള്ള ശ്രമമായിരുന്നോ എന്നും ഇതിന്റെ സ്പോൺസർമാരുടെ മുൻകാല ചെയ്തികൾ നോക്കിയാൽ സംശയിക്കേണ്ടിയിരിക്കുന്നു. അന്ന് ആന്റോ അഗസ്റ്റിൻ വെല്ലുവിളിച്ച മറ്റൊരു സംഗതി കൂടിയുണ്ട്. ഇവിടെ കളിക്കാതെ മെസി ഇന്ത്യയിൽ എവിടെയും വരാമെന്ന് കരുതേണ്ട. വരുന്നുണ്ടെങ്കിൽ ഇവിടെ വരും. ഇല്ലെങ്കിൽ ഇന്ത്യയിൽ എവിടെയും വരില്ല എന്നൊക്കെയായിരുന്നു വീരവാദം. മെസ്സി ഇതിനിടയിൽ ഡിസംബറിൽ കൊൽക്കത്തയിലും മുംബൈയിലും ഹൈദരാബാദിലും ഡൽഹിയിലും ഒക്കെ വരികയും ആരാധകരെ കണ്ടു പോവുകയും ചെയ്തു. മുതലാളിമാർ അപ്പോൾ വാലും ചുരുട്ടി മിണ്ടാതിരിക്കുകയായിരുന്നു.
എന്തായാലും മുതലാളിമാർക്ക് നഷ്ടമൊന്നും വരാൻ സാധ്യതയില്ല. ഒരു പൈസ ഇറക്കിയാൽ എന്ത് തട്ടിപ്പു കാണിച്ചും മുതലും പലിശയും തിരികെ പിടിക്കുന്നവരാണെന്ന് ഇതുവരെയുള്ള പ്രവർത്തനത്തിൽ നിന്ന് മനസിലാക്കാവുന്നതേ ഉള്ളു. നൂറു കോടി കൊടുത്തിട്ടുണ്ടെങ്കിൽ മുന്നൂറുകോടി ഉണ്ടാക്കാനുള്ള വഴി അവർ കണ്ടിട്ടുണ്ടാവും. പക്ഷേ നഷ്ടം മന്ത്രി അബ്ദു റഹ്മാനാണ്. അടുത്ത തെരഞ്ഞെടുപ്പ് സമയത്ത് മെസ്സി ട്രോളുകൾ ആയിരിക്കും പ്രധാനമായും മലപ്പുറത്ത് സർക്കാരിന്റെ വിശ്വാസ്യതയുടെ ഉദാഹരണമായി പ്രചരിക്കുക. തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പാണ് ഖത്തറിലെ ഫുട്ബോൾ ഉത്സവം എന്നതിനാൽ ഉറപ്പായും ആ സമയത്തെ വാർത്തകൾ മന്ത്രിക്ക് വലിയ ക്ഷീണമാവും. അല്ലെങ്കിലും ജനങ്ങളെ എല്ലാക്കാലത്തും പറ്റിക്കാൻ ആവില്ലല്ലോ. ഒരുനാൾ സത്യം പുറത്തു വരും. തട്ടിപ്പുകാരെ തിരിച്ചറിയുകയും ചെയ്യും.















































