കോഴിക്കോട്: ബസിൽ വച്ച് ലൈംഗികാതിക്രമം നടത്തിയെന്ന യുവതിയുടെ ആരോപണം സമുഹമാധ്യമത്തിൽ പ്രചരിച്ചതിന് പിന്നാലെയാണ് ഗോവിന്ദപുരം സ്വദേശി ദീപക് ആത്മഹത്യ ചെയ്തത സംഭവത്തിൽ യുവതിക്കെതിരെ കേസെടുത്ത് പോലീസ്. വടകര സ്വദേശി ഷിംജിത മുസ്തഫയ്ക്ക് എതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തിയാണ് പോലീസ് കേസ് എടുത്തത്. ദീപക്കിൻറെ കുടുംബത്തിൻറെ പരാതിയിലാണ് നടപടി. മെഡിക്കൽ കോളേജ് പൊലീസാണ് യുവതിക്കെതിരെ കേസെടുത്തത്. പോലീസ് വീട്ടിലെത്തി ബന്ധുക്കളുടെ മൊഴിയെടുത്തിരുന്നു.
അതേസമയം യുവതിയുടെ മൊഴി കൂടി രേഖപ്പെടുത്തിയ ശേഷമാണ് പോലീസ് കേസടുത്തത്. പയ്യന്നൂരിൽ സ്വകാര്യ ബസിൽ വെച്ച് ലൈംഗിക അതിക്രമം നടത്തിയെന്ന് കാട്ടി പൊതുപ്രവർത്തക കൂടിയായ യുവതി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതിനു പിന്നാലെയായിരുന്നു ദീപക് ജീവനൊടുക്കിയത്. വീഡിയോ സമൂഹമാധ്യമത്തിലൂടെ ഏകദേശം 23 ലക്ഷം പേരാണ് കണ്ടത്.
യുവതി വസ്തുതാ വിരുദ്ധമായ ആരോപണം ഉന്നയിക്കപ്പെട്ടതിൽ മനം നൊന്താണ് ആത്മഹത്യയെന്ന ആരോപണവുമായി ദീപക്കിൻറെ കുടുംബവും സുഹൃത്തുക്കളും രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെ യുവതിക്കെതിരെ ഇവർ മുഖ്യമന്ത്രിക്കും കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർക്കും പരാതി നൽകിയിരുന്നു.
ഇതിനിടെ യുവാവിന്റെ മരണശേഷവും ബസിൽ വെച്ച് ദുരനുഭവമുണ്ടായെന്ന ആരോപണം യുവതി ടെലിവിഷൻ ചാനലുകളിലൂടെ ആവർത്തിച്ചിരുന്നു. സംഭവത്തെക്കുറിച്ചു വടകര പോലീസിൽ ഇക്കാര്യം അറിയിച്ചെന്നായിരുന്നു യുവതിയുടെ അവകാശ വാദം. എന്നാൽ ഈ വാദം വടകര പോലീസ് തള്ളി. ഇങ്ങനെയൊരു സംഭവത്തെക്കുറിച്ച് അറിയില്ലെന്നും ആരും പരാതി നൽകിയിട്ടില്ലെന്നുമായിരുന്നു വടകര ഇൻസ്പ്കെടറുടെ വിശദീകരണം. അതേസമയം സാമൂഹിക മാധ്യമങ്ങളിൽ വിമർശനം ശക്തമായതിന് പിന്നാലെ യുവതി ഇൻസ്റ്റഗ്രാം. എഫ്ബി അക്കൗണ്ടുകൾ നീക്കി.
ഗോവിന്ദപുരം ടി.പി. ഗോപാലൻ റോഡിൽ ഉള്ളാട്ട് ‘ദീപക് ഭവന’ത്തിൽ യു. ദീപക്കിനെ(42) ആണ് ഞായറാഴ്ച തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ജോലിയാവശ്യാർത്ഥം കഴിഞ്ഞ വെള്ളിയാഴ്ച ബസിൽ യാത്ര ചെയ്യുന്നതിനിടെയാണ് യുവതി വീഡിയോ പകർത്തിയത്. തനിക്കെതിരേ ലൈംഗികാതിക്രമം നടത്തിയെന്നാണ് യുവതി വീഡിയോയിൽ കൂടി ആരോപിച്ചത്. ഇത് സാമൂഹിക മാധ്യമങ്ങളിൽ വൻതോതിൽ പ്രചരിച്ചു. ഇതിന് പിന്നാലെ മറ്റൊരു വീഡിയോയുമായി പെൺകുട്ടി വീണ്ടും രംഗത്തെത്തി. ഇതിന് പിന്നാലെയാണ് ദീപകിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.













































