തിരുവനന്തപുരം: ശബരിമല ശ്രീകോവിലിലെ പഴയ വാതിലിന്റെയും പ്രഭാമണ്ഡലത്തിന്റെയും ശാസ്ത്രീയ പരിശോധന നടത്താൻ പ്രത്യേക അന്വേഷണ സംഘത്തിന് (എസ്‌ഐടി) അനുമതി നൽകി ഹൈക്കോടതി. കൂടാതെ എസ്‌ഐടിയിലേക്ക് ഡിവൈഎസ്പി, സിഐ എന്നിങ്ങനെ രണ്ടുപേരെ പുതുതായി ഉൾപ്പെടുത്തുകയും ചെയ്തതായി റിപ്പോർട്ട്. അതുപോലെ സ്വർണക്കൊള്ള സംബന്ധിച്ച അന്വേഷണം എത്രയും വേഗം പൂർത്തീകരിക്കാനാണ് ഹൈക്കോടതി നിർദേശം നൽകുകയും ചെയ്തു.
2019 മാർച്ചിൽ പുതിയ വാതിലുകൾ പണിതതോടെ ശ്രീകോവിലിലെ പഴയ വാതിലുകൾ സന്നിധാനത്തെ സ്‌ട്രോങ് റൂമിൽ സൂക്ഷിച്ചിരിക്കുകയാണിപ്പോൾ. 1998-ൽ സ്വർണം പൊതിഞ്ഞ വാതിലും പ്രഭാമണ്ഡലവുമാണ് സ്‌ട്രോങ് റൂമിലുള്ളത്. ഇവയുടെ ശാസ്ത്രീയ പരിശോധന നടത്താനാണ് എസ്‌ഐടിക്ക് ഹൈക്കോടതി അനുമതി നൽകിയത്. വാതിലും പ്രഭാമണ്ഡലവും പരിശോധിച്ച് സ്വർണം പൊതിഞ്ഞത് സംബന്ധിച്ച കണക്കെടുക്കും.
അതേസമയം കേസിൽ പുതിയതായി രംഗപ്രവേശം ചെയ്ത മൂന്നുപേരുടെ പങ്കാളിത്തം സംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണ്. നിലവിൽ കേസിലെ 16 പ്രതികളിൽ 11 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവ കൂടാതെയാണ് മറ്റു മൂന്നുപേരുടെകൂടെ പങ്കാളിത്തം സംബന്ധിച്ച് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. വിഎസ്എസ്‌സി റിപ്പോർട്ട് അടിസ്ഥാനത്തിലാണ് കോടതി ഇക്കാര്യങ്ങളെല്ലാം നിർദേശിച്ചത്.
1998-ൽ സ്വർണം പൊതിഞ്ഞത് 2019-ൽ ഇളക്കിമാറ്റി എന്നത് വിഎസ്എസ്‌സി റിപ്പോർട്ടോടുകൂടി സ്ഥിരീകരിച്ചിരിക്കുകയാണ് കോടതി. കെമിക്കൽ പരിശോധനയിൽ രണ്ട് പാളികളിലും വ്യത്യാസമുണ്ടെന്നും വിഎസ്എസിയിൽ നടത്തിയ പരിശോധനയിൽ വ്യക്തമായിക്കഴിഞ്ഞു. ഇതുസംബന്ധിച്ച് വിഎസ്എസ്‌സിയിലെ ശാസ്ത്രജ്ഞരുടെ മൊഴി വിശദമായി രേഖപ്പെടുത്തും. സ്വർണക്കൊള്ള ശാസ്ത്രീയമായി തെളിയിക്കപ്പെട്ടു എന്നതാണ് റിപ്പോർട്ടിലെ പ്രധാന കാര്യം. വിഎസ്എസസിയിൽ നടത്തിയ പരിശോധനയിൽ ക്രമേക്കേട് കണ്ടെത്തിയതായി ശാസ്ത്രീയമായി തെളിയിക്കപ്പെടുകയും ചെയ്തു. ഇത് കേസിൽ വളരെ നിർണായകമാകും.
അതുപോലെ തന്ത്രിയുടെ വീട്ടിൽനിന്ന് വാചി വാഹനം കണ്ടെത്തിയ കാര്യവും എസ്‌ഐടി ഹൈക്കോടതിയെ ധരിപ്പിച്ചിട്ടുണ്ട്. 2017-ൽ പഴയ കൊടിമരം മാറ്റി പുതിയത് സ്ഥാപിച്ചപ്പോൾ പഴയതിലെ വാചി വാഹനം പ്രസിഡന്റും അംഗങ്ങളും തന്ത്രി കണ്ഠരര് രാജീവർക്ക് കൈമാറിയിരുന്നെന്നാണ് പറയുന്നത്. തന്ത്രിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ അത് കണ്ടെത്തിയെന്നും ജനുവരി 13-ന് കൊല്ലത്തെ കോടതിയിൽ അത് സമർപ്പിച്ചെന്നും എസ്‌ഐടി ഹൈക്കോടതിയെ അറിയിച്ചു.
ശബരിമല സ്വർണക്കൊള്ളയുടെ ഉദയം ഒരു സ്വർണം പൂശലിലൂടെ
സർക്കാരിനെ ആകെ പിടിച്ചുകുലുക്കിയ ശബരിമല സ്വർണക്കൊള്ളയുടെ തുടക്കം ക്ഷേത്രത്തിലെ ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണപാളികൾ സ്വർണം പൂശാൻ ചെന്നൈയിൽ കൊണ്ടുപോയതോടെയെന്നു പറയാം. പാളികളിലെ സ്വർണം നഷ്ടമായെന്നു കണ്ടെത്തിയതോടെ വിവാദങ്ങൾക്കു തിരികൊളുത്തി. പിന്നീട് ഈ വിഷയത്തിൽ ഹൈക്കോടതിയുടെ നേരിട്ടുള്ള ഇടപെടലോടെ വിവാദം ചൂടുപിടിച്ചു. ഒടുവിൽ സ്വർണക്കൊള്ളയിൽ ശബരിമല മുൻ തന്ത്രി താഴ്മൺ മഠം കണ്ഠരര് രാജീവര് അടക്കം 11 പേർ അറസ്റ്റിലായി.
എന്നാൽ കേസിൽ ഇനിയും എത്രപേർ അഴിക്കുള്ളിലാകും എന്നാണ് കേരളക്കര കാത്തിരിക്കുന്നത്. വിവാദങ്ങൾ ഒരു കുറ്റാന്വേഷണം എന്നതിനപ്പുറം വിശ്വാസം, രാഷ്ട്രീയപരമായ ഉത്തരവാദിത്തം എന്നിവയെക്കുറിച്ചുള്ള വിശാലമായ ചർച്ചകൾക്ക് കൂടിയാണ് തിരികൊളുത്തിയിരിക്കുന്നത്.
സ്വർണത്തിന്റെ വരവ് വിജയ് മല്ല്യയിലൂടെ
1998-ൽ വ്യവസായി വിജയ് മല്ല്യയാണ് ശബരിമ ശ്രകോവിലിനൊപ്പം ദ്വാരപാലക ശിൽപങ്ങളും സ്വർണം പൊതിയാൻ സംഭാവന നൽകുന്നത്. അന്ന് ശ്രീകോവിലിന്റെ മേൽക്കൂര, താഴികക്കുടങ്ങൾ, പതിനെട്ടാംപടി എന്നിവ സ്വർണ്ണം പൂശുന്നതിനായി ഏകദേശം 32 കിലോഗ്രാം സ്വർണ്ണവും 1,900 കിലോഗ്രാം ചെമ്പുമാണ് സംഭാവന ചെയ്തത്. പിന്നീട് 18 കോടി രൂപയുടെ ഈ പദ്ധതി തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മേൽനോട്ടത്തിലാണ് നടപ്പാക്കിയത്. തുടർന്ന് 2019-ൽ ക്ഷേത്രത്തിലെ അലങ്കാര പാനലുകളും തിരുവാഭരണങ്ങളും പുനരുദ്ധാരണത്തിനായി മാറ്റിയത്. പണികൾ പൂർത്തിയായ ശേഷം ഈ വസ്തുക്കൾ തിരികെ എത്തിക്കുകയും ചെയ്തു. കേരള ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം തിരുവിതാംകൂർ ദേവസ്വം ബോർഡ് വിജിലൻസ് പരിശോധന നടത്തിയ 2025 ഒക്ടോബറിലാണ് ഈ വിഷയം വീണ്ടും ഉയർന്നു വന്നത്. മുൻ രേഖകളുമായി താരതമ്യം ചെയ്യുമ്പോൾ സ്വർണ്ണം പൂശിയ പാളികളുടെ ഭാരത്തിൽ വ്യത്യാസങ്ങൾ കണ്ടെത്തി. ഇതിനിടെ, നടത്തിയ ലബോറട്ടറി പരിശോധനകളിൽ സ്വർണ്ണത്തിന്റെ അളവിൽ കുറവും കണ്ടെത്തി. ഈ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ, ഹൈക്കോടതി വിശദമായ അന്വേഷണത്തിന് ഉത്തരവിടുകയും ഒരു പ്രത്യേക അന്വേഷണ സംഘത്തെ (SIT) രൂപീകരിക്കുകയും ചെയ്തു.
തുടക്കം പോറ്റിയിലൂടെ
എസ്ഐടി ഈ കേസ് കൈകാര്യം ചെയ്യാനിറങ്ങിയതോടെ കേസ് ക്രിമിനൽ അന്വേഷണത്തിലേക്കു വ്യതിചലിച്ചു. അറ്റകുറ്റപ്പണികളുടെയും പരിപാലനത്തിന്റെയും ചുമതലയുണ്ടായിരുന്ന ഉണ്ണികൃഷ്ണൻ പോറ്റിയിലേക്കാണ് ആദ്യം അന്വേഷണം നീണ്ടത്. അംഗീകൃത പുനരുദ്ധാരണത്തിന്റെ മറവിൽ പോറ്റിയാണ് സ്വർണം നീക്കം ചെയ്തതെന്ന കണ്ടെത്തലിൻ്റെ അടിസ്ഥാനത്തിൽ ഇയാൾ അറസ്റ്റിലായി. അറ്റകുറ്റപ്പണിയുടെ മറവിൽ സ്വർണ്ണം പൂശിയ പാളികൾ ക്ഷേത്രത്തിൽ നിന്ന് ചെന്നൈയ്ക്കടുത്ത് ഒരു ലോഹ സംസ്കരണ യൂണിറ്റിലേക്കാണ് ഇയാൾ കൊണ്ടുപോയത്. അവിടെ വെച്ച് സ്വർണ്ണം രാസപരമായി വേർതിരിച്ചെടുത്തുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ ആരോപിക്കുന്നു. ഫാക്ടറി ഉടമയെയും വേർതിരിച്ചെടുത്ത സ്വർണ്ണം വാങ്ങിയെന്ന് ആരോപിക്കപ്പെടുന്ന കർണാടകയിലെ ബല്ലാരിയിൽ നിന്നുള്ള ഒരു സ്വർണ്ണ വ്യാപാരിയെയും അന്വേഷണ സംഘം അറസ്റ്റ് ചെയ്തതോടെ കൊള്ളയിൽ കണ്ണികളുടെ എണ്ണം കൂടാൻ തുടങ്ങി.
അറസ്റ്റ് സർക്കാർ തലത്തിലേക്ക്, ഉദ്യോഗസ്ഥരുടെ കൈകടത്തിലില്ലാതെ ഒന്നും നടക്കില്ല- എസ്ഐടി
പൊറ്റിയുടേയും സ്വർണ വ്യാപാരിയുടേയും അറസ്റ്റിനു പിന്നാലെ അന്വേഷണ സംഘത്തിന്റെ കണ്ണ് സർക്കാരിലേക്ക് തിരിഞ്ഞു. ഉദ്യോഗസ്ഥരുടെ സഹായമില്ലാതെ ഈ മോഷണം നടക്കില്ലെന്ന് അന്വേഷണ സംഘം ഉറപ്പിച്ചു. പിന്നാലെ മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബു, മുൻ എക്‌സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാർ, മുൻ ആഭരണ കമ്മീഷണർ കെ.എസ്. ബൈജു എന്നിവരുൾപ്പെടെ തിരുവിതാംകൂർ ദേവസ്വം ബോർഡിലെ നിരവധി ഉന്നത ഉദ്യോഗസ്ഥർ ഒന്നിനു പിറകെ ഒന്നായി അറസ്റ്റിലായി. നവംബർ 11-ന് മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റും സിപിഎം നേതാവുമായ എൻ. വാസുവിന്റെ അറസ്റ്റോടെ കേസിന് വലിയ രാഷ്ട്രീയ മാനം കൈവന്നു.
2019-ൽ ഇലക്ട്രോപ്ലേറ്റിംഗിനായി ഒരു സ്വർണ്ണം പൂശിയ ഷീറ്റ് ചെന്നൈയിലേക്ക് കൊണ്ടുപോകാൻ അനുമതി നൽകിയത് വാസുവാണെന്ന് എസ്ഐടി കണ്ടെത്തി. ഇത് ചെമ്പാണെന്ന് വാസുവിന്റെ നിർദ്ദേശപ്രകാരം ഔദ്യോഗിക രേഖകളിലും മഹസറിലും രേഖപ്പെടുത്തിയിരുന്നവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ ആരോപിക്കുന്നു. കൂടാതെ, നവീകരണത്തിനുശേഷവും ക്ഷേത്രത്തിലെ അധിക സ്വർണ്ണം പ്രതിയുടെ പക്കലുണ്ടായിരുന്നതായി വാസുവിന് അറിയാമായിരുന്നെന്നും പക്ഷേ അത് വീണ്ടെടുക്കാൻ നടപടിയെടുത്തില്ലെന്നും എസ്ഐടി വ്യക്തമാക്കി.
കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പദ്മകുമാറും ഇതിനിടയിൽ അറസ്റ്റിലായതോടെ സർക്കാർ അക്ഷരാർഥത്തിൽ വെട്ടിലായി. ദ്വാരപാലക ശില്പത്തിലെ സ്വർണവും കട്ടിളപ്പാളികളും അറ്റകുറ്റപണിക്കായി കൊണ്ടുപോകുമ്പോൾ ചുമതയിലുണ്ടായിരുന്നത് എ പത്മകുമാർ ആയിരുന്നു. ഉണ്ണികൃഷ്ണൻ പോറ്റിയെ സഹായിക്കാൻ എ പത്മകുമാർ നിർബന്ധിച്ചെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന് ദേവസ്വം ജീവനക്കാർ മൊഴി നൽകിയത് കേസിൽ എട്ടാംപ്രതിയാണ്.
അതേസമയം കേസിൽ ഇതുവരെ രണ്ട് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ദ്വാരപാലക വിഗ്രഹങ്ങളിൽ നിന്ന് സ്വർണ്ണം മോഷ്ടിച്ചതുമായി ബന്ധപ്പെട്ടാണ് ആദ്യത്തേത്. അതേസമയം, ക്ഷേത്രവാതിലിന് സ്വർണ്ണം പൂശിയതിലെ ക്രമക്കേടുകളാണ് രണ്ടാമത്തെ എഫ്ഐആറിൽ ഉളളത്. ബല്ലാരിയിലെ ഒരു ജ്വല്ലറിൽ നിന്ന് കണ്ടെടുത്ത 400 ഗ്രാം സ്വർണ്ണവും പോറ്റിയുടെ ബെംഗളൂരുവിലെ വസതിയിൽ നിന്ന് പിടിച്ചെടുത്ത 176 ഗ്രാം സ്വർണ്ണവും ഉൾപ്പെടെ 576 ഗ്രാം സ്വർണ്ണം അന്വേഷണ ഉദ്യോഗസ്ഥർ വീണ്ടെടുത്തിട്ടുണ്ട്. ഇത് തിരിമറി നടന്ന സ്വർണ്ണത്തിന്റെ ഒരു ചെറിയ ഭാഗം മാത്രമാണെന്നാണ് ഉദ്യോഗസ്ഥർ കരുതുന്നത്.
തന്ത്രിയിലേക്കുള്ള യാത്ര
ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങളിൽ അവസാന വാക്കായിരുന്ന തന്ത്രി കണ്ഠരര് രാജീവരിലേക്കും അവസാനം അന്വേഷണം എത്തി. തലമുറകളായി ശബരിമലയിലെ പൂജകൾക്ക് നേതൃത്വം നൽകുന്ന താഴമൺ മഠം കുടുംബാംഗമാണ് കണ്ഠരര് രാജീവര്, ഈ കേസിൽ അറസ്റ്റിലാകുന്ന ആദ്യത്തെ തന്ത്രി കൂടിയാണ് ഇയാൾ. ജനുവരി 9-ന് എസ്ഐടി സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ, ക്രിമിനൽ ഗൂഢാലോചന, ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യൽ എന്നീ കുറ്റങ്ങളാണ് തന്ത്രിക്ക് മേൽ ആരോപിച്ചിരിക്കുന്നത്. തിരുവാഭരണങ്ങൾ വേണ്ടത്ര പരിശോധനകളില്ലാതെ മാറ്റിയെന്നും നിഷ്കർഷിച്ചിരുന്ന ആചാരങ്ങൾ പാലിക്കപ്പെട്ടില്ലെന്നുമാണ് ആരോപണം. ദേവസ്വം ബോർഡിൽ നിന്ന് ഓണറേറിയം ലഭിക്കുന്നതിനാൽ തന്ത്രിയെ ഒരു പൊതുസേവകനായി കണക്കാക്കി അഴിമതി നിരോധന നിയമത്തിലെ വ്യവസ്ഥകളും ചുമത്തിയിട്ടുണ്ട്. ഉന്നതരുടെ അറസ്റ്റുകളോടെ സ്വർണപ്പാളി വെട്ടിപ്പുമായി ബന്ധപ്പെട്ട് പ്രതിപക്ഷം പ്രക്ഷോഭം ശക്തമാക്കി. ഭരണപരമായ വീഴ്ച ആരോപിച്ച് ദേവസ്വം മന്ത്രി വിഎൻ വാസവനോട് വിശദീകരണം ആവശ്യപ്പെട്ടു.
ക്ഷേത്ര ആസ്തികൾ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം തിരുവിതാംകൂർ ദേവസ്വം ബോർഡിനും സർക്കാരിനുമാണെന്ന് ബിജെപി ശക്തമായി വാദിച്ചു. തന്ത്രിയിലേക്കും താഴേക്കിടയിലുള്ള ഉദ്യോഗസ്ഥിലേക്കും മാത്രമാണ് അന്വേഷണം ഒടുങ്ങുന്നതെന്നും ഇതിന് പിന്നിലെ രാഷ്ട്രീയ നേതൃത്വം ഇപ്പോഴും സംരക്ഷിക്കപ്പെടുകയാണെന്നും സംസ്ഥാന ബിജെപി പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ ആരോപിച്ചു. ക്ഷേത്ര ഭരണത്തിലെ സുതാര്യതയുമായി ബന്ധപ്പെട്ട ആശങ്കകൾ ഉയർത്തിക്കാട്ടാൻ മകരവിളക്ക് ദിവസം ബിജെപി ശബരിമല സംരക്ഷണ ദീപം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതിനിടെ ചിലരിലേക്ക് മാത്രം അന്വേഷണം നീളുന്നതിനെ മുൻ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും ചോദ്യം ചെയ്തു. മുഖ്യപ്രതിയുടെ മൊഴികളുണ്ടായിട്ടും മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെയും മുതിർന്ന ഉദ്യോഗസ്ഥൻ പിഎസ്. പ്രശാന്തിനെയും അറസ്റ്റ് ചെയ്യാത്തതിലെ നീതിനിഷേധവും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. തന്ത്രിയുടെ പങ്ക് ആചാരപരമായ കാര്യങ്ങളിൽ മാത്രമായി ഒതുങ്ങുന്നുവെന്നും ദേവസ്വം ഭണ്ഡാരത്തിന്റെ പൂർണ്ണ നിയന്ത്രണം തിരുവിതാംകൂർ ദേവസ്വം ബോർഡിനാണെന്നും സുരേന്ദ്രൻ പറഞ്ഞു. റിമാൻഡ് റിപ്പോർട്ട് പ്രധാനമായും ആചാരലംഘനങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും രാജീവര് സാമ്പത്തിക നേട്ടം ഉണ്ടാക്കിയെന്ന് വ്യക്തമായി തെളിയിക്കപ്പെട്ടിട്ടില്ലെന്നും സുരേന്ദ്രൻ അവകാശപ്പെട്ടു. കടകംപള്ളി സുരേന്ദ്രനാണ് ഈ ഗൂഢാലോചനയിലെ പ്രധാന കേന്ദ്രമെന്ന് ആരോപിച്ച സുരേന്ദ്രൻ, ഔദ്യോഗിക മിനിറ്റ്സിൽ ഒപ്പുവെച്ച മുൻ ദേവസ്വം ബോർഡ് അംഗം കെപി ശങ്കർദാസിനെതിരെ നടപടിയെടുക്കാത്തത് എന്താണെന്നും ചോദ്യം ചെയ്തു.
മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയും ബല്ലാരി ആസ്ഥാനമാക്കിയ ജൂവലർ ഗോവർദ്ധനും കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയോടൊപ്പമുള്ള ചിത്രം സംബന്ധിച്ച് കോൺഗ്രസ് നേതാക്കൾക്ക് വ്യക്തമായ വിശദീകരണം നൽകാൻ കഴിഞ്ഞിട്ടില്ലെന്നും സുരേന്ദ്രൻ വിമർശിച്ചു. കേസിലെ അന്താരാഷ്ട്ര മാനങ്ങളെക്കുറിച്ച് നേരത്തെ പരാമർശങ്ങൾ ഉണ്ടായിട്ടും രമേശ് ചെന്നിത്തല, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എന്നിവർ ഉൾപ്പെടെയുള്ള മുതിർന്ന കോൺഗ്രസ് നേതാക്കൾ വ്യക്തമായ മറുപടി നൽകിയില്ലെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.
കേസുമായി ബന്ധപ്പെട്ട് പേരെടുത്ത ഒരു വ്യക്തിയെയും പാർട്ടി സംരക്ഷിക്കുന്നില്ലെന്നും, രാഷ്ട്രീയ, ഭരണ, സ്ഥാപന തലങ്ങളിൽ ഉത്തരവാദിത്തം നിശ്ചയിക്കുന്ന പൂർണ്ണവും നിഷ്പക്ഷവുമായ അന്വേഷണമാണ് തങ്ങൾ ആവശ്യപ്പെടുന്നതെന്നും ബിജെപി നേതാക്കൾ നിലപാട് എടുത്തിട്ടുണ്ട്. എസ്ഐടി അന്വേഷണം തുടരുമ്പോൾ, ശബരിമല സ്വർണ്ണകൊള്ള വിശ്വാസവും പൊതുജനവിശ്വാസവും ഉൾപ്പെടുന്ന വിഷയങ്ങളെ കേരളം എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നതിന്റെ ഒരു അളവുകോലായി മാറിയിരിക്കുകയാണ്. ഭക്തരെ സംബന്ധിച്ച് വിവാദങ്ങൾ ക്ഷേത്ര സ്വത്തുക്കളുടെ സംരക്ഷണത്തെ കുറിച്ചുള്ള ആശങ്ക ഉയർത്തുന്നു.














































