തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ ഒരു വയസുകാരന്റെ മരണത്തിൽ ദുരൂഹത സംശയിച്ച് പോലീസ്. പിതാവിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്തു. പിതാവ് വാങ്ങി നൽകിയ ബിസ്‌ക്കറ്റ് കഴിച്ചതിന് പിന്നാലെയാണ് കുഞ്ഞ് ഇഹാൻ ബോധരഹിതനായത്. കുഞ്ഞിന്റെ വായിൽ നിന്നും നുരയും പതയും വരികയും ചുണ്ടിന്റെ നിറം മാറുകയും ചെയ്തിരുന്നു. ഉടൻ നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. എന്നാൽ പിന്നീട് മരണം സംഭവിച്ചു.
കാഞ്ഞിരംകുളം, ചാണി, തവ്വാവിള, ഷിജിൽ ഭവനിൽനിന്ന് കവളാകുളം ഐക്കരവിള വീട്ടിൽ വാടകയ്ക്കു താമസിക്കുന്ന ഷിജിലിന്റെയും കൃഷ്ണപ്രിയയുടെയും മകൻ ഇഹാൻ ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 9.30നാണ് സംഭവം.
ഷിജിലും കൃഷ്ണപ്രിയയും മൂന്നുമാസത്തിലേറെയായി പിരിഞ്ഞു താമസിക്കുകയായിരുന്നു. ഇതിനിടെ ബന്ധുക്കൾ ഇടപെട്ടതിനെ തുടർന്നാണ് ഇവർ വീണ്ടും ഒന്നിച്ചുതാമസം ആരംഭിച്ചത്. കവളാകുളത്ത് ഷിജിലാണ് വീട് വാടകയ്‌ക്കെടുത്തത്. കുഞ്ഞിന്റെ മരണത്തിൽ കൃഷ്ണപ്രിയയുടെ കുടുംബം ആരോപണം ഉയർത്തിയതിനെ തുടർന്നാണ് ഷിജിലിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്ത ശേഷം വിട്ടയച്ചത്.















































