വാഷിങ്ടൺ: വെനിസ്വേലൻ പ്രതിപക്ഷ നേതാവ് മരിയ കൊറിന മചാഡോ തന്റെ നോബൽ സമാധാന പുരസ്കാര മെഡൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് കൈമാറിയ സംഭവത്തിൽ പ്രതികരണവുമായി ട്രംപ് രംഗത്ത്. “അവൾ തന്നെയാണ് അത് എനിക്ക് നൽകിയത്” എന്ന ലളിതമായ വിശദീകരണമാണ് ട്രംപ് മുന്നോട്ടുവച്ചത്. എട്ട് യുദ്ധങ്ങൾ അവസാനിപ്പിച്ചതിന്റെ അംഗീകാരമായാണ് മചാഡോ ഈ പുരസ്കാരം നൽകിയതെന്നും ട്രംപ് പറഞ്ഞു.
വൈറ്റ് ഹൗസിൽ മാധ്യമങ്ങളോട് സംസാരിക്കവെ ട്രംപ് പറഞ്ഞതിങ്ങനെ, “അവൾ അത് എനിക്ക് നൽകി. അതൊരു നല്ല ചിന്തയായി തോന്നി. നിങ്ങൾ എട്ട് യുദ്ധങ്ങൾ അവസാനിപ്പിച്ചു, ചരിത്രത്തിൽ നിങ്ങളേക്കാൾ അർഹനായ മറ്റാരുമില്ലെന്ന് അവൾ പറഞ്ഞു. അതൊരു മനോഹരമായ ആദരവാണ്.”
കഴിഞ്ഞ വ്യാഴാഴ്ച വൈറ്റ് ഹൗസിൽ നടന്ന കൂടിക്കാഴ്ചയ്ക്കിടെയാണ് മചാഡോ നോബൽ സമാധാന പുരസ്കാര മെഡൽ ട്രംപിന് കൈമാറിയത്. ഇത് പരസ്പര ആദരവിന്റെ മനോഹരമായ ചിഹ്നം ആണെന്ന് ട്രംപ് വിശേഷിപ്പിച്ചു. ട്രംപ് മെഡൽ കൈവശം വയ്ക്കുമെന്ന് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാർത്താ ഏജൻസി റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്തു. സോഷ്യൽ മീഡിയയിൽ പുറത്തുവിട്ട ചിത്രത്തിൽ, ഓവൽ ഓഫീസിൽ ട്രംപിനൊപ്പം നിൽക്കുന്ന മചാഡോയെയും, “2025-ലെ നോബൽ സമാധാന പുരസ്കാരം മരിയ കൊറിന മചാഡോയ്ക്ക്” എന്ന കുറിപ്പുള്ള ഫ്രെയിം കൈവശം വച്ചിരിക്കുന്ന ട്രംപിനെയും കാണാം.
അതുപോലെ മെഡലിനൊപ്പം നൽകിയ സന്ദേശത്തിൽ, “ശക്തിയിലൂടെ സമാധാനം പ്രോത്സാഹിപ്പിച്ചതിനും, നയതന്ത്രത്തെ മുന്നോട്ട് നയിച്ചതിനും, സ്വാതന്ത്ര്യവും സമൃദ്ധിയും സംരക്ഷിച്ചതിനും പ്രസിഡന്റ് ഡോണൾഡ് ജെ. ട്രംപിന്റെ അസാധാരണമായ നേതൃത്വത്തിന് നന്ദിയോടെ” എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. വെനിസ്വേലയെ സ്വതന്ത്രമാക്കുന്നതിനായുള്ള ട്രംപിന്റെ “നിശ്ചയദാർഢ്യവും തത്വാധിഷ്ഠിതവുമായ നടപടികൾക്ക്” നന്ദി അറിയിക്കുന്നതായും സന്ദേശത്തിൽ പറയുന്നു.
അതേസമയം മചാഡോയുടെ നടപടിയോട് പ്രതികരിച്ച് ട്രംപ് സോഷ്യൽ മീഡിയയിൽ, “ഇന്ന് വെനിസ്വേലയിലെ മരിയ കൊറിന മചാഡോയുമായി കൂടിക്കാഴ്ച നടത്തിയത് വലിയ ബഹുമതിയാണ്. അവൾ അതീവ ധൈര്യമുള്ള സ്ത്രീയാണ്. ഞാൻ നടത്തിയ പ്രവർത്തനങ്ങൾക്ക് നന്ദിയായി അവൾ തന്റെ നോബൽ സമാധാന പുരസ്കാരം എനിക്ക് നൽകി. പരസ്പര ആദരവിന്റെ മനോഹരമായ ചിഹ്നം. നന്ദി, മരിയ!” എന്ന് കുറിച്ചു.
നോബൽ സമാധാന പുരസ്കാരം സ്വന്തമാക്കണമെന്ന ആഗ്രഹം ട്രംപ് പലപ്പോഴും പരസ്യമായി പ്രകടിപ്പിച്ചിട്ടുണ്ട്. 2009-ൽ അധികാരമേറ്റ് മാസങ്ങൾക്കകം തന്നെ ഈ പുരസ്കാരം ലഭിച്ച മുൻ പ്രസിഡന്റ് ബറാക് ഒബാമയെ ട്രംപ് പലതവണ വിമർശിച്ചിട്ടുണ്ട്. തന്റെ രണ്ടാം കാലാവധിയുടെ ആദ്യ വർഷത്തിൽ ഇന്ത്യ–പാക്കിസ്ഥാൻ തമ്മിലുണ്ടായ 2025 മേയ് സംഘർഷം ഉൾപ്പെടെ എട്ട് യുദ്ധങ്ങൾ അവസാനിപ്പിച്ചതിന്റെ ക്രെഡിറ്റ് ട്രംപ് അവകാശപ്പെടുന്നു. ഈ ഓരോ യുദ്ധത്തിനും തനിക്ക് നോബൽ സമാധാന പുരസ്കാരം അർഹമാണെന്നും അദ്ദേഹം ആവർത്തിച്ചു പറയുന്നുണ്ട്.
അതേസമയം 11 മാസം വെനസ്വേലയിൽ ഒളിച്ചുകഴിയുകയായിരുന്നു മച്ചാഡോ. കഴിഞ്ഞമാസം നോർവേയിലാണ് അവർ പൊതു ഇടത്തിൽ പ്രത്യക്ഷപ്പെട്ടത്. നോർവേയിലെ നൊബേൽ സമ്മാന വിതരണച്ചടങ്ങിനുശേഷമായിരുന്നു അത്. മഡുറോയുടെ പിൻഗാമിയായി വെനസ്വേല ഭരിക്കാൻവേണ്ട വിശ്വാസ്യത മച്ചാഡോയ്ക്കില്ലെന്ന് ട്രംപ് നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. മഡുറോയുടെ വൈസ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസാണ് വെനസ്വേലയുടെ ഇടക്കാല പ്രസിഡന്റ്. മച്ചാഡോയ്ക്കുപകരം റോഡ്രിഗസിനെയാണ് ട്രംപ് പിന്തുണച്ചത്.
President Donald Trump said Friday he accepted Venezuelan opposition leader María Corina Machado’s Nobel Peace Prize medal because “she offered it to me.” The president claims to have ended eight wars and said Machado told him that no one deserved the prize more than him. pic.twitter.com/ccutjkJU77
— The Associated Press (@AP) January 16, 2026















































