വാഷിംഗ്ടൺ: ഇറാനിയൻ പ്രതിപക്ഷ നേതാവും മുൻ ഇറാൻ ഭരണാധികാരി ഷായുടെ മകനുമായ റേസാ പഹ്ലവി വളരെ നല്ല വ്യക്തിയാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. എന്നാൽ, ഇറാനിനുള്ളിൽ അദ്ദേഹത്തിന് ആവശ്യമായ ജനപിന്തുണ ലഭിച്ച് ഭരണാധികാരം ഏറ്റെടുക്കാൻ കഴിയുമോയെന്ന കാര്യത്തിൽ തനിക്ക് വ്യക്തതയില്ലെന്നും ട്രംപ് വ്യക്തമാക്കി.
വാഷിംഗ്ടണിലെ ഓവൽ ഓഫീസിൽ റോയിറ്റേഴ്‌സിന് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു ട്രംപിന്റെ പ്രതികരണം. ഇറാനിൽ പുരോഗമിക്കുന്ന ജനകീയ പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിൽ, മതാധിപത്യ സർക്കാർ തകർന്നുവീഴാൻ സാധ്യതയുണ്ടെന്നും ട്രംപ് പറഞ്ഞു. “ഏത് ഭരണകൂടത്തിനും വീഴ്ച സംഭവിക്കാം. എന്ത് സംഭവിക്കുമെന്നത് കാത്തിരുന്ന് കാണേണ്ട കാലഘട്ടമാണ് ഇത്,” അദ്ദേഹം കൂട്ടിച്ചേർത്തു.
ഇറാനിലെ പ്രതിഷേധങ്ങളെ പിന്തുണയ്ക്കുമെന്ന് മുൻപ് പലതവണ ട്രംപ് ഭീഷണി മുഴക്കിയിരുന്നെങ്കിലും, 1979-ൽ ഇസ്ലാമിക വിപ്ലവത്തിൽ പുറത്താക്കപ്പെട്ട ഷായുടെ മകനായ റേസാ പഹ്ലവിക്ക് പൂർണ പിന്തുണ പ്രഖ്യാപിക്കാൻ അദ്ദേഹം തയ്യാറായില്ല.
“അദ്ദേഹം നല്ല ആളായി തോന്നുന്നു. പക്ഷേ സ്വന്തം രാജ്യത്തിനുള്ളിൽ അദ്ദേഹത്തിന്റെ സ്വീകാര്യത എങ്ങനെയായിരിക്കുമെന്ന് എനിക്ക് അറിയില്ല. നാം ഇപ്പോഴും ആ ഘട്ടത്തിലേക്കെത്തിയിട്ടില്ല,” ട്രംപ് പറഞ്ഞു.
അതേസമയം അമേരിക്കയിൽ താമസിക്കുന്ന 65-കാരനായ റേസാ പഹ്ലവി, ഇറാനിലെ ഭരണകൂടവിരുദ്ധ പ്രക്ഷോഭങ്ങളുടെ മുഖ്യശബ്ദമായി മാറിയിട്ടുണ്ടെങ്കിലും, ഇറാനിലെ പ്രതിപക്ഷം പരസ്പരം മത്സരിക്കുന്ന വിഭാഗങ്ങളായി വിഭജിക്കപ്പെട്ട നിലയിലാണ്. പഹ്ലവിയെ പിന്തുണയ്ക്കുന്ന രാജതന്ത്രവാദികളും മറ്റ് ആശയധാരകളിലുള്ള ഗ്രൂപ്പുകളും തമ്മിൽ ഏകോപനമില്ലെന്നും, രാജ്യത്തിനകത്ത് ശക്തമായ സംഘടനാ ഘടനയില്ലെന്നും റിപ്പോർട്ടുകൾ പറയുന്നു.
അഭിമുഖത്തിൽ, യുക്രൈൻ- റഷ്യ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകൾ തടസപ്പെട്ടതിന് യുക്രൈൻ പ്രസിഡന്റ് വ്ലാഡിമിർ സെലൻസ്കിയെയാണ് ട്രംപ് കുറ്റപ്പെടുത്തി. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ കരാർ ഒപ്പിടാൻ തയ്യാറാണെന്നും, എന്നാൽ “പ്രധാന തടസ്സം സെലൻസ്കിയാണ്” എന്നും ട്രംപ് ആരോപിച്ചു.
അതുപോലെ ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പൗവലിനെതിരായ ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റ് അന്വേഷണത്തെച്ചൊല്ലി റിപ്പബ്ലിക്കൻ നേതാക്കൾ ഉന്നയിച്ച വിമർശനങ്ങളും ട്രംപ് തള്ളി. “അവർ വിശ്വസ്തരാകണം,” എന്നാണ് ട്രംപിന്റെ പ്രതികരണം. ഫെഡിൽ ഇടപെടൽ പണപ്പെരുപ്പം വർധിപ്പിക്കുമെന്ന് ജെപി മോർഗൻ സിഇഒ ജെയ്മി ഡൈമൺ പറഞ്ഞതിനെക്കുറിച്ച് ചോദിച്ചപ്പോൾ, “അദ്ദേഹം എന്ത് പറഞ്ഞാലും എനിക്ക് കാര്യമില്ല,” എന്നും ട്രംപ് പറഞ്ഞു.
അടുത്ത ദിവസം വെനിസ്വേലൻ പ്രതിപക്ഷ നേതാവ് മരിയ കൊറിന മച്ചാഡോയുമായി വൈറ്റ് ഹൗസിൽ കൂടിക്കാഴ്ച നടത്തുമെന്ന് ട്രംപ് അറിയിച്ചു. ഇത് ഇരുവരുടെയും ആദ്യ നേരിട്ടുള്ള കൂടിക്കാഴ്ചയാകും. “അവർ വളരെ നല്ല ആളാണ്. അടിസ്ഥാന കാര്യങ്ങൾ മാത്രമേ സംസാരിക്കൂ,” ട്രംപ് പറഞ്ഞു. അതേപോലെഅമേരിക്കൻ സമ്പദ്‌വ്യവസ്ഥയുടെ ശക്തിയെ ട്രംപ് ആവർത്തിച്ച് പ്രശംസിച്ചു. വിലക്കയറ്റത്തെക്കുറിച്ചുള്ള ആശങ്കകൾ നിലനിൽക്കുമ്പോഴും, തൊഴിൽവിപണിയും സമ്പദ്‌വ്യവസ്ഥയും ശക്തമാണെന്ന സന്ദേശം അടുത്ത ആഴ്ച സ്വിറ്റ്സർലൻഡിലെ ഡാവോസിൽ നടക്കുന്ന വേൾഡ് ഇക്കണോമിക് ഫോറത്തിൽ ലോകനേതാക്കളോട് പങ്കുവെക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
















































