വാഷിങ്ടൺ: ഇറാനിൽ രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധങ്ങൾ അടിച്ചമർത്തുന്നതിന്റെ ഭാഗമായി പ്രതിഷേധക്കാരെ തൂക്കിലേറ്റാൻ തുടങ്ങിയാൽ അനന്തരഫലം ദയനീയമായിരിക്കുമെന്ന് ഭീഷണിപ്പെടുത്തി അമേരിക്ക. ഇത്തരമൊരു സംഭവമുണ്ടായാൽ വളരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി, വ്യോമാക്രമണങ്ങൾ ഉൾപ്പെടെ പല വഴികൾ പരിഗണനയിലുണ്ടെന്ന് പറഞ്ഞതിന് പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം.
പ്രതിഷേധത്തിനിടെ അറസ്റ്റിലായ 26 കാരൻ എർഫാൻ സോൽത്താനിയെ ബുധനാഴ്ച തൂക്കിലേറ്റാൻ ഇറാൻ തയ്യാറെടുക്കുന്നതായി മനുഷ്യാവകാശ സംഘടനകൾ ആരോപിക്കുന്നു. തലസ്ഥാനമായ തെഹ്റാനോട് ചേർന്ന കരാജിൽ നടന്ന പ്രതിഷേധത്തിനിടെയാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്നാണ് റിപ്പോർട്ട്. ശരിയായ വിചാരണ നടപടികൾ പാലിക്കാതെയാണ് ശിക്ഷ നടപ്പാക്കുന്നതെന്നും ആരോപണമുണ്ട്.
സിബിഎസ് ന്യൂസിനു നൽകിയ അഭിമുഖത്തിൽ ട്രംപ് കടുത്ത ഭാഷയിലാണ് ഇതിനോടു പ്രതികരിച്ചത്. “അവർ അങ്ങനെ ചെയ്താൽ ഞങ്ങൾ വളരെ ശക്തമായ നടപടി സ്വീകരിക്കും. ഇതിനകം ആയിരക്കണക്കിന് ആളുകളെ കൊല്ലുന്നു — ഇനി തൂക്കിലേറ്റലിനെക്കുറിച്ചാണോ പറയുന്നത്? അത് അവർക്കെങ്ങനെ ഫലത്തിൽ കൊണ്ടുവരുമെന്ന് നാം കാണും,” ട്രംപ് പറഞ്ഞു.
പ്രതിഷേധക്കാരെ “അർത്ഥമില്ലാതെ കൊല്ലുന്നത്” അവസാനിപ്പിക്കുന്നതുവരെ ഇറാൻ ഉദ്യോഗസ്ഥരുമായി നിശ്ചയിച്ചിരുന്ന എല്ലാ കൂടിക്കാഴ്ചകളും റദ്ദാക്കിയതായും ട്രംപ് അറിയിച്ചു. പ്രതിഷേധങ്ങൾ തുടരുന്ന സാഹചര്യത്തിൽ ഇറാനിലെ യഥാർത്ഥ മരണസംഖ്യ വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു. “ഒരു മരണം പോലും അധികമാണ്. ചിലപ്പോൾ കുറച്ച് കണക്കുകൾ കേൾക്കുന്നു, ചിലപ്പോൾ വളരെ ഉയർന്ന കണക്കുകളും,” ട്രംപ് വ്യക്തമാക്കി.
മിഷിഗണിൽ നടത്തിയ സന്ദർശനത്തിനിടെ സാമ്പത്തിക വിഷയങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പ്രസംഗത്തിൽ, ഇറാനിലെ പ്രതിഷേധക്കാർക്ക് “സഹായം വരികയാണ്” എന്ന സന്ദേശവും ട്രംപ് ആവർത്തിച്ചു. പ്രതിഷേധങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച അദ്ദേഹം, സംഭവവികാസങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും പറഞ്ഞു. വാഷിങ്ടണിലേക്കുള്ള മടക്കയാത്രയിൽ എയർ ഫോഴ്‌സ് വണ്ണിൽ മാധ്യമങ്ങളോട് സംസാരിക്കവേ, ഇറാനിലെ സാഹചര്യം സംബന്ധിച്ച് വിശദമായ ബ്രീഫിങ് ലഭിക്കാനിരിക്കുന്നതായും ട്രംപ് അറിയിച്ചു.
അതേസമയം രാജ്യത്തുടനീളം പ്രതിഷേധങ്ങൾ തുടരുന്നതിനിടെ ഇറാൻ അധികാരികൾ വ്യാപകമായ ആശയവിനിമയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിനിടെ ഇറാനിലെ സംഭവവികാസങ്ങൾ അന്താരാഷ്ട്ര തലത്തിൽ ശക്തമായ ആശങ്കയ്ക്കിടയാക്കുകയാണ്.















































