മോസ്കോ/ടെഹ്റാൻ: ഇറാനിലെ ആഭ്യന്തര രാഷ്ട്രീയത്തിൽ “അട്ടിമറി ലക്ഷ്യമാക്കിയ വിദേശ ഇടപെടൽ” നടക്കുന്നതായി ആരോപിച്ച് റഷ്യ ചൊവ്വാഴ്ച ശക്തമായ വിമർശനം ഉയർത്തി രംഗത്ത്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രതിഷേധക്കാരോട് സമരം തുടരാനും സ്ഥാപനങ്ങൾ കൈയ്യടക്കാനും ആഹ്വാനം ചെയ്തതിനു പിന്നാലെയാണ് റഷ്യയുടെ പ്രതികരണം. ഇത്തരം നീക്കങ്ങൾ മിഡിൽ ഈസ്റ്റിലും ആഗോള സുരക്ഷയിലും “വിനാശകരമായ പ്രത്യാഘാതങ്ങൾ” ഉണ്ടാക്കുമെന്ന് റഷ്യ മുന്നറിയിപ്പ് നൽകി.
അതേസമയം ഇറാനിൽ ആഴ്ചകളായി നടക്കുന്ന സർക്കാർ വിരുദ്ധ പ്രതിഷേധങ്ങൾക്ക് പിന്നാലെയുണ്ടായ അടിച്ചമർത്തലിൽ ഏകദേശം 2,000 പേർ കൊല്ലപ്പെട്ടതായി റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. റഷ്യൻ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ, “ജൂൺ 2025-ൽ ഇറാനെതിരെ നടന്ന ആക്രമണം ആവർത്തിക്കാൻ പുറംലോകം പ്രേരിപ്പിക്കുന്ന അശാന്തിയെ മറവിയായി ഉപയോഗിക്കാൻ പദ്ധതിയിടുന്നവർ അതിന്റെ ഗുരുതരമായ പ്രത്യാഘാതങ്ങൾ മനസ്സിലാക്കണം” എന്നും പറഞ്ഞിട്ടുണ്ട്.
ഇതിനിടെ, ട്രംപ് ട്രൂത്ത് സോഷ്യലിൽ ഇറാനിയൻ പ്രതിഷേധക്കാരോട് നേരിട്ട് അഭിസംബോധന ചെയ്തു. “ഇറാനിയൻ ദേശാഭിമാനികളേ, പ്രതിഷേധം തുടരൂ—നിങ്ങളുടെ സ്ഥാപനങ്ങൾ കൈയ്യടക്കൂ. കൊലയാളികളുടെയും പീഡകരുടെയും പേരുകൾ സൂക്ഷിക്കുക. അവർ വലിയ വില കൊടുക്കും. പ്രതിഷേധക്കാരെ അർഥമില്ലാതെ കൊന്നൊടുക്കൽ അവസാനിക്കുന്നതുവരെ ഇറാനിയൻ ഉദ്യോഗസ്ഥരുമായി എല്ലാ കൂടിക്കാഴ്ചകളും ഞാൻ റദ്ദാക്കി. സഹായം വരികയാണ്. MIGA (Make Iran Great Again)!” എന്ന് ട്രംപ് കുറിച്ചു.
അതേസമയം വഷളായ സാമ്പത്തിക സാഹചര്യങ്ങളാണ് പ്രതിഷേധങ്ങൾക്ക് കാരണമെന്നാണ് റിപ്പോർട്ടുകൾ. ഇറാനിലെ 31 പ്രവിശ്യകളിലേക്കും സമരം വ്യാപിച്ചതായും പറയുന്നുണ്ട്. റോയിറ്റേഴ്‌സിന്റെ റിപ്പോർട്ട് പ്രകാരം ഏകദേശം 2,000 പേർ കൊല്ലപ്പെടുകയും 10,700-ലധികം പേർ അറസ്റ്റിലാകുകയും ചെയ്തതായി കണക്കുകൾ ഉണ്ട്. എന്നാൽ ഔദ്യോഗിക മരണസംഖ്യ സർക്കാർ പുറത്തുവിട്ടിട്ടില്ല.
ഇന്റർനെറ്റ് നിയന്ത്രണങ്ങളും റിപ്പോർട്ടിംഗിനുള്ള വിലക്കുകളും നിലനിൽക്കുന്നതിനാൽ മരണസംഖ്യ സ്വതന്ത്രമായി സ്ഥിരീകരിക്കാൻ കഴിയുന്നില്ലെന്ന് അസോസിയേറ്റഡ് പ്രസ് അറിയിച്ചു. അതേസമയം, ഇറാന്റെ സമ്പദ്‌വ്യവസ്ഥ കടുത്ത സമ്മർദ്ദത്തിലാണെന്നും റിയാൽ മൂല്യം ഡോളറിന് 14 ലക്ഷം കടന്നതായും റിപ്പോർട്ടുകളുണ്ട്. ഇന്ധന സബ്‌സിഡികൾ കുറച്ചതും ഇറക്കുമതികൾക്കുള്ള മുൻഗണനാ വിനിമയ നിരക്ക് ഒഴിവാക്കിയതും ജനകീയ അസന്തോഷം വർധിപ്പിച്ചതായാണ് വിലയിരുത്തൽ.
ജൂണിൽ ഇസ്രായേലുമായി നടന്ന 12 ദിവസത്തെ യുദ്ധം, ഇറാനിലെ ആണവ കേന്ദ്രങ്ങളിലേക്കുള്ള അമേരിക്കൻ ആക്രമണം, മേഖലയിലെ സഖ്യങ്ങൾ ദുർബലമായത് എന്നിവയും പശ്ചാത്തലത്തിൽ പ്രതിഷേധങ്ങൾ ശക്തമായതായി റിപ്പോർട്ടുകൾ പറയുന്നു. സമാധാനപരമായ പ്രതിഷേധക്കാരെ “ഹിംസാത്മകമായി കൊന്നാൽ” അമേരിക്ക പ്രതികരിക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
















































