കേരളത്തിനെതിരെയുള്ള കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക ഉപരോധത്തിനെതിരെ സംസ്ഥാന മന്ത്രിസഭ നടത്തിയ സത്യാഗ്രഹം അങ്ങനെ പൂർത്തിയായിരിക്കുകയാണ്. സാമ്പത്തിക ഉപരോധം എന്ന ഫ്രീക്ക് വാക്കൊക്കെ വച്ച് കാച്ചിയെങ്കിലും കാര്യം കണക്കില്ലാതെ കടമെടുക്കാൻ അനുവദിക്കാത്തതാണെന്നത് മറ്റൊരു വാസ്തവം. എങ്കിലും സംസ്ഥാന മന്ത്രിസഭയൊന്നാകെ നടത്തുന്ന സമരമല്ലേ, എങ്ങനെയുണ്ടായിരുന്നു എന്ന് നോക്കിയാലോ….
കേരളത്തിലെ മുഖ്യമന്ത്രി ഇരിക്കുന്ന സത്യാഗ്രഹമല്ലേ, സ്വാഭാവികമായും പത്രങ്ങൾ സത്യാഗ്രഹം മുൻപേജിൽ തന്നെ വാർത്ത നൽകിയിട്ടുണ്ട്. എന്നാൽ സത്യാഗ്രഹത്തിന്റെ കാരണങ്ങളും മറ്റും ഒരുപാട് പറഞ്ഞു പഴകിയതുകൊണ്ടോ എന്തോ കാര്യമായി വിശദീകരിക്കാനൊന്നും പല പത്രങ്ങളും നിന്നില്ല. ദേശാഭിമാനി മാത്രം കാര്യമായി വാർത്തകൾ നൽകിയിട്ടുണ്ട്. എന്നാൽ സാമ്പത്തിക ഉപരോധത്തിനെതിരെ എന്ന പേരിൽ നടത്തിയ സത്യാഗ്രഹം ആ കാരണം അത്രക്ക് ഏശുന്നില്ല എന്നത് കണ്ട് കൊണ്ടോ എന്തോ അവസാനമായപ്പോൾ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽ എക്കെതിരെ ആരോപണമുന്നയിച്ച ആദ്യത്തെ പരാതിക്കാരി ഫേസ്ബുക്കിൽ കുറിച്ച വാക്കുകൾ ഒരു ചായക്കപ്പിൽ പ്രിന്റ് ചെയ്ത് അതിൽ മുഖ്യമന്ത്രിയെക്കൊണ്ട് ചായകുടിപ്പിച്ച് വാർത്തയാക്കാനാണ് അവസാനം ശ്രമിച്ചത്. അതിജീവിതയ്ക്ക് മുഖ്യമന്ത്രിയുടെ ഐക്യദാർഢ്യം എന്ന പേരിൽ ദേശാഭിമാനി മുൻ പേജിൽ തന്നെ വലിയ വാർത്തയും നൽകിയിട്ടുമുണ്ട്. ചായക്കോപ്പയിലെ കൊടുങ്കാറ്റ് എന്നൊരു ശൈലീപ്രയോഗമുണ്ട്. അവസാനം രാഹുൽ മാങ്കൂട്ടത്തിലിന്റെ കേസുകൾ ആ രീതിയിൽ തന്നെ ആവുമെന്നതിന്റെ സൂചനയാണോ മുഖ്യൻ നൽകിയത് എന്ന് ചിന്തിച്ചാലും തെറ്റ് പറയാനാവില്ല.
എന്തായാലും ഈ സത്യാഗ്രഹം രാജ്യശ്രദ്ധ നേടിയെന്നും ദേശാഭിമാനി അവകാശപ്പെടുന്നുണ്ട്. ദേശീയ മാധ്യമങ്ങളും ഓൺലൈൻ ചാനലുകളും സത്യാഗ്രഹത്തെ കവർ ചെയ്തു എന്നാണ് ദേശാഭിമാനി അതിന്റെ തെളിവായി പറയുന്നത്. എന്നാൽ എന്താണ് വസ്തുത. ഒരു ദിവസത്തെ ഏറ്റവും പ്രധാന വിഷയമാണ് നമ്മുടെ ന്യൂസ് ചാനലുകൾ അന്നത്തെ രാത്രി ഡിബേറ്റിനായി തെരഞ്ഞെടുക്കുന്നത്. ദേശീയ ചാനലുകൾ പോട്ടെ, മലയാള ചാനലുകൾ ചർച്ചക്കെടുത്ത വിഷയങ്ങൾ ഏതൊക്കെയാണ് എന്ന് ഒന്നു നോക്കാം.
ആദ്യം ഏഷ്യാനെറ്റ്. തന്ത്രിയിൽ തീരുമോേ സ്വർണ്ണക്കൊള്ള എന്ന പേരിൽ ശബരിമല സ്വർണ്ണക്കൊള്ളയാണ് ഏഷ്യാനെറ്റ് ചർച്ചക്ക് വിഷയമാക്കിയത്. ഇനി അടുത്തത് സർക്കാരിന്റെ സ്വന്തം റിപ്പോർട്ടർ ചാനൽ നോക്കാം. സംഭവം സത്യാഗ്രഹത്തെക്കുറിച്ചാണ് ചർച്ചയെങ്കിലും വിഷയം എൽഡിഎഫിലെ രണ്ടു കക്ഷികളുടെ നേതാക്കളുടെ അഭാവം മുൻനിർത്തി, സത്യാഗ്രഹത്തോടെ എൽ ഡി എഫിലെ ഭിന്നത മറനീക്കി പുറത്തു വന്നിരിക്കുന്നു എന്നതായിരുന്നു. പിന്നാലെ നടന്ന മീറ്റ് ദ എഡിറ്റേഴ്സ് എന്ന അവരുടെ എഡിറ്റോറിയൽ പരിപാടിയിലും സമാന വിഷയമായിരുന്നു ചർച്ച ചെയ്തത്. ഇനി മനോരമയാകട്ടെ അഴിക്കുള്ളിൽ അയോഗ്യനാവുമോ എന്ന പേരിൽ രാഹുൽ മാങ്കൂട്ടത്തിൽ വിഷയമാണ് ചർച്ച ചെയ്തത്. മാതൃഭൂമിയും ഇനിയെത്ര പേർ എന്ന പേരിൽ രാഹുൽ മാങ്കൂട്ടത്തിൽ വിഷയം തന്നെയാണ് ചർച്ച ചെയ്തത്.
24 ചാനലും ഇപ്പോഴും പിന്തുണയോ എന്ന പേരിൽ രാഹുൽ മാങ്കൂട്ടത്തിൽ വിഷയം തന്നെ ചർച്ച ചെയ്തു. മീഡിയ വൺ ആകട്ടെ കുറച്ചുകൂടി വിശാലമായി അന്താരാഷ്ട്ര വിഷയമാണ് ചർച്ച ചെയ്തത്. ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷം. ദോഷം പറയരുതല്ലോ, സഖാക്കളുടെ സ്വന്തം കൈരളി മാത്രം അടങ്ങാത്ത പകയിൽ ഒടുങ്ങില്ല കേരളം എന്ന പേരിൽ ഈ വിഷയം ചർച്ച ചെയ്തിരുന്നു. പിന്നെ സഖാക്കൾ പോലും ആ ചാനൽ കാണുന്നുണ്ടോ എന്നത് വേറെ വിഷയം. അതായത് കേരളത്തിനെ അത്രമേൽ ഗുരുതരമായി ബാധിക്കുന്നതെന്ന് പറഞ്ഞ് മന്ത്രിസഭയൊന്നാകെ സത്യാഗ്രഹമിരുന്ന സംഭവത്തിന് കേരളത്തിലെ മാധ്യമങ്ങൾ നൽകിയ പ്രാധാന്യമാണ് മുമ്പേ പറഞ്ഞത്. അപ്പോ ദേശീയ മാധ്യമങ്ങളുടെ കാര്യം പറയണോ. കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വന്നപ്പോൾ നൽകിയ പ്രാധാന്യം പോലും ഈ പരിപാടിക്ക് അവർ നൽകിയിരുന്നില്ല.
കാലാവധി അവസാനിക്കാൻ മൂന്നുമാസം മാത്രമുള്ളപ്പോൾ നടത്തുന്ന ഈ പ്രഹസനം തന്നെയല്ലേ കഴിഞ്ഞ നാലഞ്ചു വർഷങ്ങളായി പാടി നടക്കുന്നതും. അതുകൊണ്ട് പുതുതായി ഒന്നും പറായാനില്ലാതെ, കടം വാങ്ങാൻ സമ്മതിക്കുന്നില്ലേ എന്ന് വിലപിച്ച് നടത്തിയ സത്യാഗ്രഹം കേന്ദ്രത്തിനുള്ള താക്കീതെന്നൊക്കെ സഖാക്കൾ വലിയവായിൽ ഡയലോഗടിക്കുന്നുണ്ട്. പക്ഷേ നേരത്തേ പറഞ്ഞ പോലെ ചായക്കോപ്പയിലെ കൊടുങ്കാറ്റ് പോയിട്ട് ഒരു ഇളം തെന്നൽ പോലുമാകാതെ പോവുകയായിരുന്നു ഈ സത്യാഗ്രഹം. എന്നാൽ അങ്ങനെ ചുമ്മാ പോയെന്നും പറയാനാവില്ല.
കാരണം കോരള കോൺഗ്രസും ആർ ജെ ഡിയും മുന്നണി വിട്ട് പോകുമോ എന്ന ചർച്ച ഉണ്ടാക്കാനെങ്കിലും ഈ സത്യാഗ്രഹം കൊണ്ട് കഴിഞ്ഞു എന്ന് പറയേണ്ടി വരും. സോഷ്യൽ മീഡിയിൽ ചിലർ പറഞ്ഞ പോലെ ഇത് ഉപരോധത്തിനെതിരെയുള്ള സത്യാഗ്രഹമായിരുന്നില്ല കടം വാങ്ങി നാടിനെ കുട്ടിച്ചോറാക്കി കീശ വീർപ്പിക്കാനുള്ള സഖാക്കളുടെ അത്യാഗ്രഹമായിരുന്നു എന്ന് കരുതുന്നവരും ഉണ്ട്. അവസാനം കൈവിട്ടു എന്ന് മനസിലാക്കിയപ്പോഴാണ് ചായക്കപ്പിൽ ഐക്യദാർഢ്യം എന്ന ലൈനിൽ വീണത് വിദ്യയാക്കാനുള്ള ശ്രമം നടത്തി നോക്കിയത്.
എന്തായാലും നവകേരള ബസ് യാത്രയ്ക്ക് ശേഷം നടത്താൻ ശ്രമിച്ച നവകേരളം സർവ്വേ എന്നീ പൊളിഞ്ഞ് പാളീസായ തരികിടകൾക്കുശേഷം മലയാളികളുടെ കണ്ണിൽ പൊടിയിടാനുള്ള ശ്രമമായിരുന്നു ഈ സത്യാഗ്രഹ നാടകവും. ഇത്തവണ പ്രതിപക്ഷം ബുദ്ധിപരമായി ഇതിൽ നിന്നും വിട്ടു നിൽക്കുകയും ചെയ്തു. ഖജനാവിൽ കാൽകാശില്ലാത്തതിനാൽ തെരഞ്ഞെടുപ്പിന് മുമ്പായി ഇനിയും പലവിധ നാടകങ്ങൾ പ്രതീക്ഷിക്കാം.


















































