തിരുവനന്തപുരം: തന്ത്രി കണ്ഠരര് രാജീവരുടെ വീട്ടിൽ നിന്നും കണ്ടെത്തിയ വാജി വാഹനം പ്രത്യേക അന്വേഷണ സംഘം കോടതിയിൽ നൽകി. കൊല്ലം വിജിലൻസ് കോടതിയിലാണ് വാജി വാഹനം നൽകിയിരിക്കുന്നത്. പഴയ കൊടിമരത്തിലുണ്ടായിരുന്ന വാജി വാഹനം തന്ത്രി കണ്ഠരര് രാജീവര് കൈവശം വെച്ചിരിക്കുകയായിരുന്നു. വർഷങ്ങൾ പഴക്കമുള്ള ശിൽപ്പമാണ് വാജിവാഹനം. 11കിലോ തൂക്കം വരുന്ന പഞ്ചലോഹത്തിൽ സ്വർണം പൊതിഞ്ഞതാണ് വാജി വാഹനം. ശബരിമല സ്വർണക്കൊള്ള സമയത്ത് വാജിവാഹനം കാണാനില്ലെന്ന ആരോപണം ഉയർന്നപ്പോൾ തന്ത്രി തന്നെയാണ് തന്റെ വീട്ടിലെ പൂജാമുറിയിലുണ്ടെന്ന് വെളിപ്പെടുത്തിയത്.
അതേസമയം 2017ലാണ് ശബരിമലയിൽ ഉണ്ടായിരുന്ന വളരെ മൂല്യമുള്ള വാജി വാഹനം തന്ത്രി വീട്ടിലേക്ക് കൊണ്ടുപോയത്. വിവാദങ്ങളെ തുടർന്ന് വാജി വാഹനം തിരികെ നൽകാൻ തയ്യാറാണെന്ന് ദേവസ്വം ബോർഡിനെ അറിയിച്ചിരുന്നു. കട്ടിളപ്പാളി കേസിൽ തന്ത്രിയെ അറസ്റ്റ് ചെയ്തതിന് ശേഷം എസ്ഐടി സംഘം തന്ത്രിയുടെ വീട്ടിൽ റെയിഡ് നടത്തുകയും വാജിവാഹനം കണ്ടെത്തി കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു.
ഇതിനിചെ ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവരുടെ അറസ്റ്റിന് എസ്ഐടിക്ക് ഇന്നലെ കോടതി അനുമതി നൽകി. ദ്വാരപാലക പാളി കേസിൽ തന്ത്രിയെ അറസ്റ്റ് ചെയ്യാനുള്ള അനുമതിയാണ് കൊല്ലം വിജിലൻസ് കോടതി നൽകിയത്. നിലവിൽ കട്ടിളപ്പാളി കേസിൽ അറസ്റ്റിലായതിനെ തുടർന്ന് പൂജപ്പുര സെൻട്രൽ ജയിലിൽ തുടരുകയാണ് കണ്ഠരര് രാജീവര്.
അതേസമയം സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ അധ്യക്ഷൻ എ പത്മകുമാറിന് ഹൈക്കോടതി ജാമ്യം നിഷേധിച്ചു. 14 ദിവസത്തേക്ക് പത്മകുമാറിനെ റിമാൻഡ് ചെയ്യാൻ കൊല്ലം വിജിലൻസ് കോടതി ഉത്തരവിട്ടു. എ പത്മകുമാർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു, ബെല്ലാരിയിലെ സ്വർണവ്യാപാരി ഗോവർധൻ എന്നിവരുടെ ജാമ്യ ഹർജി പരിഗണിച്ച ഹൈക്കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു.
പന്ത്രണ്ടാം പ്രതി പങ്കജ് ഭണ്ഡാരിയും ഇന്നലെ ഹൈക്കോടതിയെ സമീപിച്ചു. അറസ്റ്റും എസ്‌ഐടിയുടെ നടപടിക്രമങ്ങളും നിയമവിരുദ്ധമാണെന്ന് കാട്ടിയാണ് സ്മാർട്ട് ക്രിയേൻ സിഇഒ പങ്കജ് ഭണ്ഡാരി ഹൈക്കോടതിയെ സമീപിച്ചത്. അറസ്റ്റ് ചെയ്തത് മതിയായ കാരണങ്ങൾ അറിയിക്കാതെയായിരുന്നുവെന്നും പങ്കജ് ഭണ്ഡാരി വാദിച്ചു. പങ്കജ് ഭണ്ഡാരിയുടെ ഹർജിയിൽ എസ്‌ഐടിയോട് ഹൈക്കോടതി വിശദീകരണം തേടിയിട്ടുണ്ട്. സംഭവത്തിൽ ഒരാഴ്ച്ചയ്ക്കകം മറുപടി നൽകാനാണ് ഹൈക്കോടതിയുടെ നിർദേശം. ജസ്റ്റിസ് എ ബദറുദ്ദീൻ അധ്യക്ഷനായ സിംഗിൾ ബെഞ്ചിന്റേതാണ് നടപടി. കേസ് ബുധനാഴ്ച്ച ഹൈക്കോടതി വീണ്ടും പരിഗണിക്കും.
ഇതിനിടെ ശബരിമല സ്വർണക്കൊള്ള കേസിൽ എസ്‌ഐടിയെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. ദേവസ്വം ബോർഡ് മുൻ അംഗമായ കെ പി ശങ്കർ ദാസിന്റെ അറസ്റ്റ് വൈകുന്നതിലായിരുന്നു വിമർശനം. ശങ്കർ ദാസിന്റെ മകൻ എസ്പി ആയതിനാലാണോ അറസ്റ്റ് വൈകുന്നതെന്ന് ഹൈക്കോടതി ചോദിച്ചിരുന്നു. ശബരിമല സ്വർണക്കൊള്ള കേസിൽ ആദ്യഘട്ട ജാമ്യ ഹർജികൾ പരിഗണിക്കവെയായിരുന്നു ഹൈക്കോടതിയുടെ വിമർശനം.
സ്വർണക്കൊള്ളയിൽ ദേവസ്വം ബോർഡിനെയും ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. എല്ലാ കാര്യങ്ങളും ഉണ്ണികൃഷ്ണൻ പോറ്റിയെ ഏൽപ്പിക്കാനാണെങ്കിൽ പിന്നെ എന്തിനാണ് സംസ്ഥാനത്ത് ദേവസ്വം ബോർഡ് എന്ന് ഹൈക്കോടതി സിംഗിൾ ബെഞ്ച് ചോദിച്ചിരുന്നു. ഗോവർദ്ധന്റെ ജാമ്യഹർജിയുടെ പലഭാഗങ്ങളിലും ഉണ്ണികൃഷ്ണൻ പോറ്റിയുടെ പേര് പരാമർശിച്ചതിലായിരുന്നു ഹൈക്കോടതിയുടെ ചോദ്യം.


















































