പാലക്കാട്: പാലക്കാട് നിയമസഭാ മണ്ഡലത്തിൽ പാലക്കാട് നിന്നുള്ളവരെ തന്നെ പരിഗണിക്കണമെന്ന ആവശ്യവുമായി ബിജെപിയിലെ ഒരു വിഭാഗം രംഗത്ത്. മണ്ഡലത്തിനു പുറത്തുള്ള മറ്റ് നേതാക്കളെയോ, സെലിബ്രിറ്റികളെയോ പരിഗണിക്കരുതെന്നും പാലക്കാട്ടെ ഒരു വിഭാഗം ബിജെപി നേതാക്കൾ നേതൃത്വത്തോട് ആവശ്യപ്പെട്ടു.
നടൻ ഉണ്ണി മുകുന്ദൻ സ്ഥാനാർത്ഥിയാകുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് നേതാക്കളുടെ ആവശ്യം. തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥികളെ തീരുമാനിക്കുന്നതിന് മുന്നോടിയായി ബിജെപി ഒരു സർവേ നടത്തിയിരുന്നു. ഈ സർവേയിൽ ഉണ്ണി മുകുന്ദനും മേജർ രവിക്കും ആർ ശ്രീലേഖയ്ക്കുമെല്ലാം മുൻഗണന ലഭിക്കുകയായിരുന്നു. ഇവർ മൂന്നുപേരെയും സ്ഥാനാർത്ഥികളായി നിർത്തുന്നത് ബിജെപിക്ക് ഗുണം ചെയ്യും എന്നാണ് സർവേ ഫലം പറയുന്നത്.
ഇതിനിടെ മണ്ഡലത്തിൽ മത്സരിക്കാൻ സന്നദ്ധത അറിയിച്ച് പാലക്കാട് മുനിസിപ്പാലിറ്റി മുൻ ചെയർപേഴ്‌സൺ പ്രമീള ശശിധരൻ രംഗത്തെത്തി. പാലക്കാട് മണ്ഡലത്തിൽ ബിജെപിക്ക് വിജയിക്കാൻ അനുകൂലമായ സാഹചര്യമാണുള്ളത്. പാർട്ടി ആവശ്യപ്പെട്ടാൽ തീർച്ചയായും മത്സരിക്കും. ജനങ്ങൾക്ക് വേണ്ടിയാണ് മത്സരിക്കാനുള്ള തീരുമാനമെന്നും ആർഎസ്എസിന്റെയും ബിജെപി പ്രവർത്തകരുടെയും പിന്തുണ തനിക്കുണ്ടെന്നും പ്രമീള അവകാശപ്പെട്ടു. എന്നാൽ ബിജെപി ജില്ലാ അധ്യക്ഷൻ പ്രശാന്ത് ശിവനെ മത്സരിപ്പിക്കണമെന്ന് മറ്റൊരു വിഭാഗം ആവശ്യമുന്നയിക്കുന്നുണ്ട്.















































