തിരുവനന്തപുരം: മുൻ മന്ത്രിയും ഇപ്പോൾ എംഎൽഎയുമായ ആന്റണി രാജുവിനും കോടതി മുൻ ജീവനക്കാരനായ ജോസിനും തൊണ്ടിമുതൽ തിരിമറിക്കേസിൽ 3 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി. നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയുടേതാണ് വിധി. അതേസമയം അപ്പീൽ നൽകാനായി ആന്റണി രാജുവിനും ജോസിനും ഒരു മാസത്തേക്ക് ജാമ്യം അനുവദിച്ചു. ഈ കാലയളവിൽ അപ്പീൽ നൽകാം. കേസിൽ ജോസ് ഒന്നാം പ്രതിയും ആന്റണി രാജു രണ്ടാം പ്രതിയുമാണ്.
അതേസമയം രണ്ടു വർഷത്തിനു മുകളിൽ ശിക്ഷ വിധിച്ചതിനാൽ ആന്റണി രാജുവിന്റെ എംഎൽഎ പദവി നഷ്ടമാകും. വിധി പുറത്തുവന്നതോടെ ആന്റണി രാജുവിനു തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അയോഗ്യത നേരിടേണ്ടിവരും. ശിക്ഷ പൂർത്തിയാക്കി ജയിലിൽനിന്ന് ഇറങ്ങുന്ന ദിവസം മുതൽ ആറു വർഷത്തേക്കാണ് അയോഗ്യത.
1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്‌ഷൻ 8 (3) അനുസരിച്ചാണ് അയോഗ്യത കൽപിച്ചിരിക്കുന്നത്. ഐപിസി 120 (ബി) അനുസരിച്ച് കബളിപ്പിക്കലിന് 6 മാസം ശിക്ഷ ഇരുവർക്കും ലഭിച്ചു. ഐപിസി 201 അനുസരിച്ച് രണ്ടു പ്രതികളും 3 വർഷം ശിക്ഷയും 10,000 രൂപ പിഴയും അടയ്ക്കണം. ഐപിസി 193 അനുസരിച്ച് 3 വർഷവും ഐപിസി 465 അനുസരിച്ച് 2 വർഷവും ശിക്ഷ അനുഭവിക്കണം. ഐപിസി 404 അനുസരിച്ച് ജോസ് ഒരു വർഷം തടവുശിക്ഷ അനുഭവിക്കണം.
അതുപോലെ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിക്ക് കൊടുക്കാൻ പറ്റുന്ന പരമാവധി ശിക്ഷയായ 3 വർഷമാണ് നൽകിയിരിക്കുന്നതെന്ന് പ്രോസിക്യൂട്ടർ പറഞ്ഞു. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി. ഐപിസി 409 വകുപ്പു പ്രകാരം സർക്കാർ ഉദ്യോഗസ്ഥരുടെ വിശ്വാസവഞ്ചനയ്ക്കു കുറ്റക്കാരനായാൽ 10 വർഷം മുതൽ ജീവപര്യന്തം വരെ തടവുശിക്ഷ ലഭിക്കാമെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിക്ക് (ഒന്ന്) ഈ വകുപ്പുകൾക്കു പരമാവധി ശിക്ഷ വിധിക്കാൻ കഴിയാത്തതിനാൽ സിജെഎം കോടതി ശിക്ഷ വിധിക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ അപേക്ഷ നൽകിയിരുന്നു. എന്നാൽ കോടതി ആവശ്യം പരിഗണിച്ചില്ല.
1990 ഏപ്രിൽ നാലിന് തിരുവനന്തപുരം വിമാനത്താവളത്തിൽ ലഹരിമരുന്നു കേസിൽ പിടിയിലായ ഓസ്‌ട്രേലിയൻ പൗരനെ ശിക്ഷയിൽനിന്ന് രക്ഷപ്പെടുത്താൻ തൊണ്ടിയായ അടിവസ്ത്രത്തിൽ കൃത്രിമം കാട്ടിയെന്നാണ് കേസ്.
















































