ചേർത്തല: വിഎസ് എന്നത് കേവലം ഒരു രാഷ്ട്രീയക്കാരൻ എന്നതിനപ്പുറം ഒരു ജനവികാരമാണ്. അതിനാൽ തന്നെ ആ വികാരം വോട്ടാക്കാനുള്ള ആലോചനയിൽ സിപിഎം എന്നു സൂചന. നിയമസഭാ തെരഞ്ഞെടുപ്പിൽ മുൻമുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ മകൻ വി.എ. അരുൺകുമാറിനെ മത്സരിപ്പിക്കാനുള്ള ആലോചനയിലാണ് സിപിഎം. പ്രധാനമായും ആലപ്പുഴ, പാലക്കാട് ജില്ലകളിൽനിന്നാണ് ഈ നിർദേശമുയർന്നത്. ഇതിന്റെ ഭാഗമായി വിഎസിന്റെ കുടുംബവുമായി നേതൃത്വം പ്രാഥമികമായി ബന്ധപ്പെട്ടു. ആലപ്പുഴയിലെ കായംകുളത്തോ വിഎസ് ഒടുവിൽ തെരഞ്ഞെടുക്കപ്പെട്ട മലമ്പുഴയിലോ മത്സരിപ്പിക്കാനാണ് ആലോചന.
നിലവിൽ ഐഎച്ച്ആർഡി അസിസ്റ്റന്റ് ഡയറക്ടറാണ് അരുൺകുമാർ. കൂടാതെ ഡയറക്ടറുടെ താത്കാലിക ചുമതലയുമുണ്ട്. ഉയർന്ന പദവിയായതിനാൽ രാജിവെച്ചേ മത്സരിക്കാനാകൂ. പാർട്ടി അംഗമല്ലെങ്കിലും അരുണിനെ മത്സരിപ്പിക്കുന്നതിൽ തടസമില്ല. മത്സരിച്ചാൽ വിഎസ് ഇഫക്ട് ഫലത്തിൽ പ്രതിഫലിക്കുമെന്നാണു പാർട്ടി കണക്കാക്കുന്നത്. അതുപോലെ തദ്ദേശ തെരഞ്ഞെടുപ്പിൽ പാർട്ടിക്കും മുന്നണിക്കുമുണ്ടായ ക്ഷീണം, ഇത്തരം ജനപക്ഷ തീരുമാനങ്ങളിലൂടെ മറികടക്കാനാകുമെന്നാണ് വിലയിരുത്തുന്നത്.
അതേസമയം കായംകുളത്തിനാണ് പ്രഥമ പരിഗണന നൽകുന്നത്. എന്നാൽ യു പ്രതിഭ അവിടെ രണ്ടുതവണ എംഎൽഎയായതിനാൽ ഇളവുനൽകിയാലേ ഇനി മത്സരിക്കാനാകൂ. മാത്രമല്ല പാർട്ടി വെളുപ്പിക്കാൻ ശ്രമിച്ചുവെങ്കിലും മകനുമായി ബന്ധപ്പെട്ട് പ്രതിഭയ്ക്കുണ്ടായ കോട്ടം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കാനും സാധ്യതയുണ്ട്. 2001 മുതൽ 2016 വരെ മലമ്പുഴയിൽ നിന്നാണ് വിഎസ് നിയമസഭയിലെത്തിയത്.
ഇത്തരം വാർത്ത പ്രചരിക്കുന്നതായി കേട്ടുവെന്നും എന്നാൽ തനിക്ക് അതേക്കുറിച്ച് അറിയില്ലെന്നും അരുൺകുമാർ പ്രതികരിച്ചു. സ്ഥാനാർഥി നിർണയമടക്കമുള്ള ചർച്ച തുടങ്ങിയിട്ടില്ലെങ്കിലും നേതൃതലത്തിൽ അനൗദ്യോഗിക ചർച്ച നടക്കുന്നുണ്ടെന്നാണ് അറിയുന്നത്.

















































