തിരുവനന്തപുരം: ഓഫീസ് മുറി വിവാദത്തിൽ എംഎൽഎ വികെ പ്രശാന്തിനെതിരെ കോൺഗ്രസ് നേതാവ് കെ മുരളീധരൻ. താൻ വട്ടിയൂർക്കാവ് എംഎൽഎ ആയിരുന്നപ്പോൾ ഓഫീസ് ആയി ഉപയോഗിച്ചത് എംഎൽഎ ക്വാർട്ടേഴ്സിലെ മുറിയായിരുന്നെന്നും അവിടെ ആർക്കും അത് ബുദ്ധിമുട്ട് ഉണ്ടാക്കിയിട്ടില്ല എന്നും മുരളീധരൻ പറഞ്ഞു. താൻ അവിടെയുണ്ടായിരുന്നപ്പോൾ മണ്ഡലത്തിലെ പല ഭാഗത്തുനിന്നും ആളുകൾ വരുന്നുണ്ടായിരുന്നുവെന്നും താൻ മറ്റൊരു സ്ഥലവും ഓഫീസിനായി തെരഞ്ഞെടുത്തിട്ടില്ല എന്നും മുരളീധരൻ പറഞ്ഞു.
അതുപോലെ കോർപ്പറേഷൻ കെട്ടിടത്തിലെ മുറി പ്രശാന്ത് ഒഴിയണോ വേണ്ടയോ എന്നത് അദ്ദേഹത്തിന്റെ ഇഷ്ടമാണ്. എന്നാൽ എംഎൽഎ ക്വാർട്ടേഴ്സിലെ മുറി എന്ത് ചെയ്തുവെന്ന് പരിശോധിക്കണമെന്നും ആളുകൾക്ക് ക്വാർട്ടേഴ്സിലേക്ക് കയറിവരാൻ ഒരു തടസവുമില്ലെന്നും മുരളീധരൻ വ്യക്തമാക്കി. കൗൺസിലർമാർക്ക് ഇരിക്കാനും ചെറിയ മുറി വേണം. ജനങ്ങൾ എപ്പോഴും അന്വേഷിക്കുന്നത് കൗൺസിലർമാരെയാണ്. തത്കാലം ഈ വിവാദത്തിൽ താൻ തലയിടുന്നില്ലെന്നും താൻ ഉള്ളപ്പോൾ ഒരു പ്രശ്നവുമില്ലായിരുന്നുവെന്നും മുരളീധരൻ പറഞ്ഞു.
അതേസമയം നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥിത്വത്തിലെ തലമുറമാറ്റത്തിലും മുരളീധരൻ പ്രതികരിച്ചു. പുതിയ ആളുകൾ വരണം, കോർപ്പറേഷനിൽ നിർത്തിയ ചെറുപ്പക്കാർ വിജയിച്ചില്ലേ എന്നും മുരളീധരൻ പറഞ്ഞു. അതോടൊപ്പം പരിചയസമ്പന്നരും തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഓഫീസ് മുറി വിവാദത്തിൽ വികെ പ്രശാന്തിനെതിരെ കെ എസ് ശബരിനാഥൻ സമൂഹമാധ്യമത്തിലൂടെ രംഗത്തുവന്നിരുന്നു. എംഎൽഎ ഹോസ്റ്റലിൽ സൗകര്യങ്ങളുള്ള മുറി ഉണ്ടായിട്ടും എന്തിന് വാടക കെട്ടിടത്തിൽ ഇരിക്കുന്നുവെന്ന് ശബരിനാഥൻ ചോദിച്ചു. എംഎൽഎ ഉപയോഗിക്കുന്ന ഹോസ്റ്റലിന് മാസം 800 രൂപ മാത്രം വാടക വാങ്ങുന്നത് ശരിയായ നടപടിയല്ല. തിരുവനന്തപുരത്ത് ഒരു ചെറിയ ചായക്കട നടത്താൻ പോലും ഇതിലും വലിയ വാടക നൽകണം. ജവഹർ നഗറിൽ പൊളിഞ്ഞ് കിടക്കുന്ന ഒരു കെട്ടിടത്തിൽ ചെറിയ കടമുറിക്ക് 15,000 രൂപ വരെ വാടക വാങ്ങുന്നുണ്ട്. എംഎൽഎ ഓഫീസിന് 15,000 രൂപ വാടക വാങ്ങണമെന്ന് ഞാൻ പറയില്ല. പക്ഷെ 800 രൂപ വാങ്ങാൻ പാടില്ല. ഇതൊക്കെ പറയുമ്പോൾ കാവി അല്ലെങ്കിൽ സംഘി പട്ടം ചുമത്തുന്നത് കണ്ട് പേടിക്കേണ്ടതില്ല. ഇവിടെ നിലപാട് പറയാൻ വേണ്ടി തന്നെയാണ് യുഡിഎഫിനെ വിജയിപ്പിച്ചിരിക്കുന്നതെന്നും ശബരിനാഥൻ പറഞ്ഞു.
എംഎൽഎമാരുടെ ഓഫീസ് സ്വന്തം മണ്ഡലത്തിലെ വാടക കെട്ടിടത്തിലാണ് സാധാരണ ഉണ്ടാവുക. എംഎൽഎ ഹോസ്റ്റലിൽ മുറികളും കമ്പ്യൂട്ടറും പാർക്കിങും ഉൾപ്പെടെയുള്ള സൗകര്യങ്ങളുണ്ട്. അത് ഉപേക്ഷിച്ച് ശാസ്തമംഗലത്ത് നിൽക്കുന്നത് എന്തിനാണെന്നും ശബരിനാഥൻ ചോദിച്ചു. എല്ലാ കൗൺസിലർമാർക്കും പ്രവർത്തിക്കാനുള്ള സൗകര്യമൊരുക്കണമെന്നും ശബരിനാഥൻ വ്യക്തമാക്കി.

















































