ബെംഗളൂരു: ബെംഗളൂരു യെലഹങ്കയിലെ ഇരുനൂറോളം വീടുകൾ ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചു നീക്കിയ സംഭവത്തിലെ ഇരകളെ താൽക്കാലികമായി പുനരധിവസിപ്പിക്കാൻ തീരുമാനം. ഇതിനായി സർക്കാർ അധികൃതരുടെ നേതൃത്വത്തിൽ സൂക്ഷ്മ പരിശോധന ആരംഭിച്ചു. ആധാർ, റേഷൻ കാർഡ് അടക്കമുള്ള യഥാർഥ രേഖകൾ ഉള്ളവർക്ക് മാത്രമായിരിക്കും വീടുകൾ നൽകുക. രാജീവ് ഗാന്ധി ഹൗസിങ് സ്‌കീമിൽ 180ഫ്ലാറ്റുകൾ ബൈപ്പനഹള്ളിയിൽ നൽകാനാണ് തീരുമാനം.
ഇതിനായി രാജീവ് ഗാന്ധി ഹൗസിങ് സ്‌കീം ഉദ്യോഗസ്ഥർ ഇന്നലെ കോളനിയിലെത്തി രേഖകൾ പരിശോധിച്ചിരുന്നു. ബൈപ്പനഹള്ളിയിൽ നിർമാണം പൂർത്തിയായ 1200 ഫ്ലാറ്റുകളിൽ 180 എണ്ണം ആണ് ഇരകൾക്കു നൽകുക. ചർച്ചയ്ക്ക് ശേഷം മുഖ്യമന്ത്രി സിദ്ധരാമയ്യ വൈകിട്ടോടെ പ്രഖ്യാപനം നടത്തിയേക്കും.
അതേസമയം മുഖ്യമന്ത്രി സിദ്ധരാമയ്യയുടെയും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെയും നേതൃത്വത്തിൽ ഇന്ന് യോഗം ചേർന്ന് പുനരധിവാസ പാക്കേജ് അംഗീകരിക്കുമെന്ന് മുസ്ലിം ലീഗ് പ്രതിനിധി സംഘത്തിന് കഴിഞ്ഞ ദിവസം ഉറപ്പ് നൽകിയിരുന്നു. മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി സി കെ സുബൈർ, അസിസ്റ്റന്റ് സെക്രട്ടറി അഡ്വ. ഫൈസൽ ബാബു, യൂത്ത് ലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി അഡ്വ. ഷിബു മീരാൻ, ദേശീയ സെക്രട്ടറി സി കെ ശാക്കിർ, ദേശീയ സമിതി അംഗം സയ്യിദ് സിദ്ദിഖ് തങ്ങൾ ബെംഗളൂരു എന്നിവരടങ്ങിയ സംഘമാണ് കർണാടക മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. ന്യൂനപക്ഷ കോൺഗ്രസ് കർണാടക സംസ്ഥാന സെക്രട്ടറി പി മുനീറും കൂടെയുണ്ടായിരുന്നു. ഇക്കാര്യത്തിൽ പ്രചരിപ്പിക്കപ്പെടുന്ന വാർത്തകളും മനുഷ്യ സ്നേഹികളുടെ ആശങ്കയും ലീഗ് നേതാക്കൾ കർണാടക സർക്കാരിന്റെ ശ്രദ്ധയിൽപെടുത്തി.
ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിയാണ് യെലഹങ്ക കൊഗിലു ഫക്കീർ കോളനിയിലെയും വസീം ലേഔട്ടിലേയും മുന്നൂറിലേറെ വീടുകൾ മുന്നറിയിപ്പില്ലാതെ പൊളിച്ചുമാറ്റിയത്. ഖരമാലിന്യ സംസ്‌കരണത്തിനുളള ബെംഗളൂരു സോളിഡ് വേസ്റ്റ് മാനേജ്മെന്റ് ലിമിറ്റഡ് ഉദ്യോഗസ്ഥരും പോലീസ് മാർഷലും ചേർന്ന് മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് വീടുകൾ പൊളിച്ചുമാറ്റുകയായിരുന്നു.


















































