വാഷിങ്ടൺ: ഇതുവരെ സമാധാന കരാറിൽ എത്തിച്ചേരാനുള്ള സമയപരിധി നിശ്ചയിച്ചിട്ടില്ലെങ്കിലും റഷ്യ- യുക്രൈൻ യുദ്ധം സമീപഭാവിയിൽ തന്നെ അവസാനിക്കുമെന്ന് ഉറപ്പുണ്ടെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യുക്രൈൻ പ്രസിഡന്റ് വ്ലാഡിമിർ സെലെൻസ്‌കിയുമായുള്ള കൂടിക്കാഴ്ചയ്ക്കു പിന്നാലെ മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
റഷ്യ- യുക്രൈൻ ചർച്ചകളിൽ പുരോഗതിയുണ്ട്. സമാധാന കരാറിൽ എത്തിച്ചേരാൻ കഴിയാത്തപക്ഷം അത് സംഘർഷം തുടരുന്നതിലേക്ക് മാത്രമേ നയിക്കുകയുള്ളൂ, അത് കൂടുതൽ ജീവനുകൾ നഷ്ടമാകുമെന്നും ട്രംപ് പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള യുദ്ധം സംബന്ധിച്ച ചർച്ചകളുടെ അവസാനഘട്ടത്തിലാണ് നമ്മൾ. ഒന്നുകിൽ അത് അവസാനിക്കും. അല്ലെങ്കിൽ ഏറെക്കാലത്തേക്ക് തുടരും. ഇനിയും ദശലക്ഷക്കണക്കിനാളുകൾ കൊല്ലപ്പെടും- ട്രംപ് പറഞ്ഞു.
അതുപോലെ യുദ്ധം അവസാനിപ്പിക്കുന്നതിന് സമയപരിധി നിശ്ചയിച്ചോ എന്ന ചോദ്യത്തിനുള്ള ട്രംപിന്റെ മറുപടി ഇങ്ങനെയായിരുന്നു. ‘ഞാൻ സമയപരിധി നിശ്ചയിച്ചിട്ടില്ല. യുദ്ധം അവസാനിപ്പിക്കുക എന്നതാണ് എന്റെ സമയപരിധി. യുദ്ധം അവസാനിപ്പിക്കുക എന്നതിനു മാത്രമാണ് താൻ പ്രാധാന്യം നൽകുന്നത്’.
സമാധാനം പുനഃസ്ഥാപിക്കുന്നതിൽ ഗൗരവപൂർണമായ സമീപനമാണ് പുടിനും സെലൻസ്‌കിയ്ക്കുമുള്ളത് എന്നാണ് താൻ കരുതുന്നതെന്നും ട്രംപ് പറഞ്ഞു. സെലെൻസ്‌കിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുൻപ്, പുടിനുമായി രണ്ടുമണിക്കൂർ സംസാരിച്ചിരുന്നെന്നും ട്രംപ് പറഞ്ഞു. സംഭാഷണം ഗുണകരമായിരുന്നെന്നു. യുക്രൈൻ പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം വീണ്ടും പുടിനുമായി സംസാരിക്കും. ചർച്ചകൾ സങ്കീർണമാണെങ്കിലും കൈകാര്യം ചെയ്യാനാകുന്നുണ്ട്- ട്രംപ് കൂട്ടിച്ചേർത്തു.


















































