വിശാഖപട്ടണം: ടാറ്റാ നഗർ – എറണാകുളം എക്സ്പ്രസ് ട്രെയിനില്‍ വന്‍ തീപിടിത്തം. രണ്ട് എസി കോച്ചുകൾ പൂർണമായും കത്തി നശിച്ചു. ബി 1, എം 2 കോച്ചുകളാണ് കത്തിയത്. കോച്ചുകളിൽ ഉണ്ടായിരുന്ന 158 യാത്രക്കാരെ രക്ഷപ്പെടുത്തി. ഒരാൾ മരിച്ചെന്നാണ് പ്രാഥമിക റിപ്പോർട്ട്. മരിച്ചയാളുടെ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല.
ട്രെയിൻ അനകാപള്ളി ജില്ലയിലെ യെലമഞ്ചലി സ്റ്റേഷന് സമീപം എത്തിയപ്പോഴാണ് തീപിടിത്തം ഉണ്ടായത്. 18189 ടാറ്റാനഗർ – എറണാകുളം ജംഗ്ഷൻ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിന്റെ രണ്ട് കോച്ചുകളിൽ തീപിടിത്തമുണ്ടായത്. പുലർച്ചെയാണ് സംഭവം. തീപിടിത്തം ശ്രദ്ധയിൽപ്പെട്ടയുടൻ റെയിൽവെ ഉദ്യോഗസ്ഥർ അഗ്നിശമന സേനയെ വിവരമറിയിച്ചു.
രണ്ട് അഗ്നിശമന യൂണിറ്റുകൾ ഉടൻ സ്ഥലത്തെത്തി തീ അണയ്ക്കുകയായിരുന്നു. യാത്രക്കാരെ ഉടനെ പുറത്തിറക്കാൻ കഴിഞ്ഞതിനാൽ വൻ ദുരന്തം ഒഴിവായി.













































