യുവതിയുടെ അറ്റുപോയ ചെവി 5 മാസങ്ങൾക്കിപ്പുറം അപൂർവ ശസ്ത്രക്രിയയിലൂടെ അതേസ്ഥാനത്ത് തുന്നിച്ചേർത്ത് ഒരുകൂട്ടം ഡോക്ടർമാർ. ചൈനയിലെ ഷാൻഡോങ് പ്രവിശ്യയിലെ ജിനാൻ നഗരത്തിലുള്ള ആശുപത്രിയിലാണ് സംഭവം. അറ്റുപോയ ചെവി ആദ്യം യുവതിയുടെ കാലിൽ തുന്നിച്ചേർക്കുകയും പിന്നീട് മാസങ്ങൾക്കുശേഷം യഥാസ്ഥാനത്ത് തിരികെ വെക്കുകയുമായിരുന്നുവെന്ന് സൗത്ത് ചൈനാ മോണ്ങ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. ലോകത്ത് ആദ്യമായാണ് ഇത്തരമൊരു ശസ്ത്രക്രിയയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.
ജോലിസ്ഥലത്തുവെച്ച് ഏപ്രിലിലാണ് യുവതിക്ക് അപകടമുണ്ടായത്. ജോലിക്കിടെ അബദ്ധത്തിൽ വലിയ ഒരു മെഷീൻ ഇവരുടെ ചെവി അറുക്കുകയായിരുന്നു. ചെവിക്കൊപ്പം വലിയഭാഗം ശിരോചർമവും അപകടത്തിൽ നഷ്ടമായിരുന്നു. ജീവന് ഭീഷണിയായേക്കാവുന്ന പരുക്കുകളാണ് യുവതിക്ക് ഉണ്ടായിരുന്നതെന്ന് ഷാൻഡോങ് പ്രവിശ്യയിലെ ആശുപത്രിയിലുള്ള മൈക്രോ സർജറി വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ ക്വി ഷെൻക്വിയാങ് പറഞ്ഞു. ശിരോചർമത്തിനൊപ്പം മുഖത്തെയും കഴുത്തിലെയും ചർമഭാഗങ്ങളും നഷ്ടമായിരുന്നു. ഇവയ്‌ക്കൊപ്പം ചെവി പൂർണമായി അറ്റുപോയെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ അപകടം നടന്നതിന് പിന്നാലെ ആശുപത്രിയിലെ വിവിധ വിഭാഗങ്ങളിലെ ഡോക്ടർമാർ ഒന്നിച്ച് ആധുനിക വൈദ്യശാസ്ത്രത്തിൽ നിലവിലുള്ള രീതിയിൽ ചികിത്സിക്കാൻ ശ്രമിച്ചു. എന്നാൽ ശിരോചർമത്തിലെ കലകൾക്ക് വലിയ പരുക്കാണേറ്റിരുന്നത്. ഇതുകാരണം ഈ രീതി വിജയിച്ചില്ല. തുടർന്നാണ് പരമ്പരാഗതമായ വഴിയിൽ നിന്ന് മാറിനടക്കാൻ ഡോക്ടർമാർ തീരുമാനിച്ചത്.
ശിരോചർമത്തിലെ പരുക്ക് ഭേദമാകാൻ സമയം ആവശ്യമായിരുന്നതിനാൽ ഉടൻ തന്നെ ചെവി തുന്നിച്ചേർക്കുക അസാധ്യമായിരുന്നു. ഇതോടെയായിരുന്നു ഡോക്ടർമാർ പുതിയ മാർഗം അവലംബിച്ചത്. അറ്റുപോയ ചെവിയെ പരുക്കുകൾ ഭേദമാകുന്നതുവരെ ‘ജീവനോടെ’ നിലനിർത്താനായി ഡോക്ടർമാർ യുവതിയുടെ കാൽപ്പാദത്തിന് മുകളിൽ ഗ്രാഫ്റ്റ് ചെയ്തു.
കാലിലെ ധമനികളും സിരകളും ചെവിയിലെ രക്തക്കുഴലുകളുമായി യോജിക്കുന്നതിനാലാണ് ഡോക്ടർ ക്വിയും സംഘവും ഈ മാർഗം തിരഞ്ഞെടുത്തത്. ചെവിയിലേയും കാലിലേയും ചർമവും മൃദുകലകളും തലയിലേതിന് സമാനമായതിനാൽ തുന്നിച്ചേർക്കൽ വിജയകരമായി പൂർത്തിയാക്കാൻ കഴിഞ്ഞുവെന്നും ഡോ. ക്വി പറഞ്ഞു. പത്ത് മണിക്കൂർ നീണ്ട പ്രക്രിയയിലൂടെയാണ് ചെവി കാലിൽ ഗ്രാഫ്റ്റ് ചെയ്തത്. ചെവിയിലെ 0.2 മില്ലിമീറ്റർ മുതൽ 0.3 വരെ മില്ലിമീറ്റർ വ്യാസമുള്ള നേർത്ത രക്തക്കുഴലുകൾ ബന്ധിപ്പിക്കുന്നതായിരുന്നു ഇതിലെ ഏറ്റവും വെല്ലുവിളി എന്ന് ഡോക്ടർമാർ പറയുന്നു. അസാമാന്യമായ മൈക്രോസർജിക്കൽ വൈഭവമുണ്ടെങ്കിൽ മാത്രമേ ഇത് ചെയ്യാൻ കഴിയൂ.
ചെവി ഡ്രാഫ്റ്റ് ചെയ്തെങ്കിലും അഞ്ച് ദിവസത്തിന് ശേഷം ചെവിയിലേക്കുള്ള രക്തപ്രവാഹം തടസപ്പെടുകയും തുടർന്ന് ചെവിയുടെ നിറം മാറുകയും ചെയ്തതോടെ പ്രതിസന്ധി ഉടലെടുത്തു. തുടർന്ന് ഡോക്ടർമാർ കൃത്രിമമായി ചെവിയിലേക്ക് രക്തമെത്തിക്കുകയും തിരികെ എടുക്കുകയും ചെയ്താണ് ഇത് പരിഹരിച്ചത്. അഞ്ച് ദിവസത്തിൽ 500 തവണയാണ് ഇത് ചെയ്തത്.
ഇതിനിടെ രോഗിയുടെ വയറ്റിൽ നിന്നെടുത്ത ചർമം തലയിൽ ഗ്രാഫ്റ്റ് ചെയ്യുന്ന ശസ്ത്രക്രിയയും വിജയകരമായി നടന്നു. അഞ്ചുമാസത്തിനുശേഷം വീക്കം ഇല്ലാതാകുകയും മുറിവുകൾ ഉണങ്ങുകയും ചെയ്തതോടെ വിദഗ്ധ ഡോക്ടർമാരുടെ സംഘം കാലിൽ ഘടിപ്പിച്ചിരുന്ന ചെവി യഥാസ്ഥാനത്ത് തിരികെ തുന്നിച്ചേർത്തു. ഒക്ടോബറിൽ നടന്ന ഈ ശസ്ത്രക്രിയ ആറ് മണിക്കൂറിലേറെയാണ് നീണ്ടത്. പിന്നീട് അധികം വൈകാതെ തന്നെ യുവതിക്ക് ആശുപത്രിവാസം അവസാനിപ്പിക്കാൻ കഴിഞ്ഞു. ചെറിയ ചികത്സകളിലൂടെ കൺപുരികം പഴയപടിയാക്കുകയും കാലിലെ മുറിവുകൾ ഭേദപ്പെടുത്തുകയും ചെയ്തു. യുവതിയുടെ മുഖം വലിയൊരളവുവരെ അപകടത്തിന് മുമ്പുള്ളതുപോലെ തന്നെയാണ് ഇപ്പോഴുള്ളതെന്നും സൗത്ത് ചെനാ മോണിങ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.


















































