മുംബൈ: ഇത്തവണ ഇന്ത്യ ട്വന്റി20 ലോകകപ്പ് നിലനിർത്തണമെന്നുണ്ടെങ്കിൽ ഓപ്പണറായി സഞ്ജു- അഭിഷേക് സഖ്യത്തെ ഇറക്കണമെന്ന് മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പ. എന്തു തന്നെ സംഭവിച്ചാലും ലോകകപ്പ് ടീമിന്റെ ടോപ് 3 ഓർഡറിൽ സഞ്ജു ഉണ്ടായിരിക്കണമെന്നും ഉത്തപ്പ ഇൻസ്റ്റഗ്രാം വിഡിയോയിൽ പ്രതികരിച്ചു.
മത്സരങ്ങളിൽ ഇന്ത്യയ്ക്ക് വമ്പൻ സ്കോറുകൾ നേടുന്നതിന് അഭിഷേക് ശർമ– സഞ്ജു സാംസൺ സഖ്യം ഓപ്പണിങ്ങിനിറങ്ങുന്നത് നല്ലതാണ്. ഏഷ്യാകപ്പിൽ വലിയ മത്സരങ്ങളിലെ സമ്മർദം സഞ്ജു എങ്ങനെയാണു കൈകാര്യം ചെയ്യുന്നതെന്നു നമ്മൾ കണ്ടതാണെന്നും ഉത്തപ്പ പറഞ്ഞു. അതേസമയം വൈസ് ക്യാപ്റ്റൻ ശുഭ്മൻ ഗിൽ ലോകകപ്പ് ടീമിൽനിന്നു പുറത്തായതോടെ അഭിഷേക്– സഞ്ജു സഖ്യം ഇന്ത്യയ്ക്കായി ഇന്നിങ്സ് ഓപ്പൺ ചെയ്യുമെന്ന് ഏറക്കുറെ ഉറപ്പാണ്. ലോകകപ്പ് ടീമിലെ പ്രധാന വിക്കറ്റ് കീപ്പറാണ് സഞ്ജു.
റോബിൻ ഉത്തപ്പയുടെ വാക്കുകൾ ഇങ്ങനെ- ഈ ലോകകപ്പിൽ സഞ്ജു എന്തായാലും മുൻനിരയിൽ തന്നെ ഉണ്ടാകണം. എന്തുകൊണ്ടാണെന്നു ഞാൻ പറയാം. 2024 ട്വന്റി20 ലോകകപ്പിനു ശേഷം ദക്ഷിണാഫ്രിക്കയിൽ അദ്ദേഹം തുടർച്ചയായി രണ്ടു സെഞ്ചുറികളാണു നേടിയത്. ബംഗ്ലദേശിനെതിരെയും പിന്നീട് സെഞ്ചുറിയിലെത്തി. ഇതു യുവതാരങ്ങളെ വളരെയധികം പ്രചോദിപ്പിച്ചിട്ടുണ്ട്. സഞ്ജുവിന് സെഞ്ചുറിയടിക്കാമെങ്കിൽ എന്തുകൊണ്ട് ഞങ്ങൾക്കും ചെയ്തുകൂടാ എന്നാണ് അവരും കരുതുന്നത്.’’
‘‘രണ്ടാമതായിട്ട് അഭിഷേക്–സഞ്ജു സഖ്യം പൊളിക്കാൻ മാത്രം എന്താണ് തെറ്റായി അവർ ചെയ്തത്? ആ സഖ്യം നന്നായി കളിച്ചുകൊണ്ടിരുന്നതാണ്. ഇരുവരും ചേർന്നാൽ ഒരു വലിയ സ്കോർ തന്നെ നമുക്ക് നേടാൻ സാധിക്കുന്നുണ്ട്. മൂന്നാമത് സഞ്ജു ഇന്ത്യൻ ടീമിലേക്ക് ഒരു സന്തുലിതാവസ്ഥ കൊണ്ടുവരുന്നുണ്ട്. ഏഷ്യാകപ്പിൽ വലിയ മത്സരങ്ങളിലെ സമ്മർദം സഞ്ജു എങ്ങനെയാണു കൈകാര്യം ചെയ്യുന്നതെന്നു നമ്മൾ കണ്ടുകഴിഞ്ഞു. സഞ്ജുവിനെ കളിപ്പിക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ ബാറ്റിങ്ങിൽ ഉറപ്പായും ആദ്യ മൂന്നു സ്ഥാനങ്ങളിലായിരിക്കണം, അതിനും താഴേക്കു പോകരുത്.’’
‘‘അതുപോലെ രാജസ്ഥാൻ റോയൽസിനെ വർഷങ്ങളോളം നയിച്ചിട്ടുള്ള ക്യാപ്റ്റനാണു സഞ്ജു. അതിന്റെ അനുഭവ സമ്പത്ത് അദ്ദേഹത്തിനുണ്ട്. അതുകൊണ്ടു തന്നെ ഏതൊരു ഘട്ടത്തിലും എങ്ങനെ കളിക്കണമെന്ന് അദ്ദേഹത്തിനു നന്നായി അറിയാം. ഇന്ത്യയ്ക്കു ലോകകപ്പ് നിലനിർത്തണമെങ്കിൽ ടീമിൽ സഞ്ജു ഉണ്ടായിരിക്കണമെന്നാണ് എനിക്കു തോന്നുന്നത്.’’– റോബിൻ ഉത്തപ്പ കൂട്ടിച്ചേർത്തു.

















































