തൃശ്ശൂർ: ചേലക്കര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായി കോൺഗ്രസിലെ ടി. ഗോപാലകൃഷ്ണനെ തെരഞ്ഞെടുത്തു. ഇതോടെ 10 വർഷം തുടർച്ചയായി ഭരിച്ച എൽഡിഎഫ് യാത്രയ്ക്ക് അന്ത്യമായി. അതോടൊപ്പം സിപിഎം സ്ഥാനാർത്ഥിയായി വിജയിച്ച 16-ാം വാർഡ് അംഗം രാമചന്ദ്രന്റെ വോട്ട് യുഡിഎഫിന് ലഭിച്ചു.
എന്നാൽ അറിയാതെ വോട്ട് മാറിപ്പോയതാണ് എന്നാണ് രാമചന്ദ്രൻ പറയുന്നത്. ഇതോടെ 13 വോട്ട് നേടി ടി. ഗോപാലകൃഷ്ണൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. 24 വാർഡുള്ള പഞ്ചായത്തിൽ 12 വീതം സീറ്റുകളാണ് യുഡിഎഫും എൽഡിഎഫും നേടിയിരുന്നത്.
എൽഡിഎഫിലെ പ്രസിഡന്റ് സ്ഥാനാർഥി കെ. നന്ദകുമാറിന് 11 വോട്ടുകൾ ലഭിച്ചു. തോന്നൂർക്കര പാറപ്പുറം 21-ാം വാർഡ് അംഗമാണ് ടി. ഗോപാലകൃഷ്ണൻ. പഞ്ചായത്തിലെ ഉയർന്ന ഭൂരിപക്ഷവും ടി. ഗോപാലകൃഷ്ണന് തന്നെയായിരുന്നു. 446 വോട്ടുകളുടെ ഭൂരിപക്ഷമാണ് ലഭിച്ചത്. കഴിഞ്ഞ തവണത്തെ പ്രതിപക്ഷനേതാവ് കൂടിയായിരുന്നു.
ആകെ വാർഡ് -24
കക്ഷിനില
എൽഡിഎഫ്- സിപിഎം-12
യുഡിഎഫ്- കോൺഗ്രസ്-11,ലീഗ്- ഒന്ന്


















































