ന്യൂഡൽഹി: ഇംഗ്ലിഷ് തന്നെ തപ്പിപ്പെടുക്കു കഷ്ടിച്ചുപറയുന്ന ആഫ്രിക്കൻ സ്വദേശി ബിജെപി കൗൺസിലറുടെ കോപത്തിനു മുന്നിൽ വിശദീകരിക്കാൻ വാക്കുകളില്ലാതെ നട്ടംതിരിഞ്ഞു. ‘ഒരു മാസത്തിനകം ഹിന്ദി പഠിച്ചില്ലെങ്കിൽ വിവരമറിയും’– എന്നായിരുന്നു കൗൺസിലർ രേണു ചൗധരിയുടെ ഭീഷണി. സംഭവത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
പ്രദേശത്തെ എംസിഡി പാർക്കിൽ കുട്ടികളെ ഫുട്ബോൾ പരിശീലിപ്പിക്കുന്ന ആഫ്രിക്കൻ സ്വദേശിയെയാണു ഹിന്ദി അറിയാത്തതിന്റെ പേരിൽ കൗൺസിലറുടെ ഭീഷണിക്കിരയായത്. ഇന്ത്യയിൽ ജോലി ചെയ്തു പണം സമ്പാദിക്കുന്നുണ്ടെങ്കിൽ നിർബന്ധമായും ഹിന്ദി പഠിച്ചിരിക്കണമെന്നു കൗൺസിലർ പറഞ്ഞു. ഈസ്റ്റ് ഡൽഹിയിലെ പട്പട്ഗഞ്ച് 196–ാം വാർഡിലെ കൗൺസിലറാണു രേണു.
അതേസമയം ഭീഷണിക്കിടെ ഫുട്ബോൾ കോച്ചിനോട് അനുകമ്പ പ്രകടിപ്പിച്ച് എത്തിയവരെയും കൗൺസിലർ ഭീഷണിപ്പെടുത്തി. ‘ഇയാൾ വല്ല കുറ്റകൃത്യവും ചെയ്താൽ നിങ്ങൾ ഉത്തരവാദിത്തം ഏറ്റെടുക്കുമോ’– എന്നായിരുന്നു ചോദ്യം. അതു കേട്ടതോടെ പിന്തുണയുമായി എത്തിയവർ വന്നതുപോലെ തിരിച്ചുപോയി.
സംഭവം വിവാദമായതോടെ വിശദീകരണവുമായി രേണു വീണ്ടും രംഗത്തെത്തി. ‘8 മാസം മുൻപ് കണ്ടപ്പോഴും ഹിന്ദി പഠിക്കാൻ അദ്ദേഹത്തോട് പറഞ്ഞിരുന്നു. ട്യൂഷൻ ഫീസ് നൽകാമെന്നും വാഗ്ദാനം ചെയ്തിരുന്നു. എന്നിട്ടും പഠിക്കാത്തതു കൊണ്ടാണ് ദേഷ്യപ്പെട്ടത്. ഫീസ് അടയ്ക്കാതെയാണ് എംസിഡി പാർക്കിൽ അയാൾ ഫുട്ബോൾ പരിശീലനം നടത്തി പണം സമ്പാദിക്കുന്നത്. മാത്രമല്ല, പരിസരവും വൃത്തികേടാക്കുന്നുണ്ട്. ഭാഷ അറിയാത്തതുകൊണ്ട് കാര്യം പറഞ്ഞു മനസിലാക്കാൻ കോർപറേഷൻ ജീവനക്കാർക്കു കഴിയുന്നില്ല’, താൻ തെറ്റായി ഒന്നും ചെയ്തിട്ടില്ലെന്നും വിശദീകരിച്ച് രേണു ചൗധരി മറ്റൊരു വീഡിയോയും പുറത്തിറക്കി.

















































