തിരുവനന്തപുരം: അനശ്വര നടൻ ശ്രീനിവാസന്റെ വിയോഗം സിനിമാ ലോകത്തിന് പകരം വയ്ക്കാനില്ലാത്ത കനത്തനഷ്ടമാണുണ്ടാക്കിയിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തന്റെ ശൈലിയിലൂടെ, നല്ല മൂർച്ചയേറിയ പരിഹാസങ്ങളിലൂടെ, സിനിമ കാണുന്നവരെ വലിയൊരു തലത്തിലേക്ക് ഉയർത്തികൊണ്ടുപോവാൻ ശ്രീനിവാസന് കഴിഞ്ഞിരുന്നുവെന്നും എല്ലാ രീതിയിലും ഇത് വലിയൊരു നഷ്ടമാണെന്നും ശ്രീനിവാസന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ചുകൊണ്ട് മുഖ്യമന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ശ്രീനിവാസൻ സിനിമയുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും തന്റേതായ വ്യക്തിമുദ്ര അദ്ദേഹം പതിപ്പിച്ചിരുന്നു. കഥ, തിരക്കഥ, സംവിധാനം, നടൻ എന്നീ നിലകളിലെല്ലാം അദ്ദേഹം അതുല്യ പ്രതിഭയായി മാറിയിരുന്നു. സാമൂഹികമായി ഒട്ടേറെ പ്രാധാന്യമുള്ള വിഷയങ്ങൾ അദ്ദേഹത്തിന്റേതായ ശൈലിയിൽ സിനിമയിലൂടെ അവതരിപ്പിക്കാൻ അദ്ദേഹം ശ്രദ്ധിച്ചിരുന്നു- മുഖ്യമന്ത്രി പറഞ്ഞു.
അതേപോലെ കണ്ണൂരിലെ പാട്യത്തുകാരനായ അദ്ദേഹം നാട്ടിലുള്ള പ്രശ്‌നങ്ങളടക്കം ഉൾക്കൊള്ളിച്ച് സിനിമയെടുത്തതും ഈ ഘട്ടത്തിൽ ഓർമിക്കുന്നു. നല്ല നിശിതമായ വിമർശനം സിനിമയിലൂടെ ഉയർത്തിക്കൊണ്ടുവരാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. എല്ലാ രീതിയിലും വ്യക്തിപരമായും വലിയ തോതിലുള്ള നഷ്ടം ഇതിലൂടെ സംഭവിച്ചിരിക്കുന്നു, അദ്ദേഹത്തിന്റെ വിയോഗത്തിൽ കുടുംബാംങ്ങളോടും സുഹൃത്തുക്കളോടും ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു. മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ഇന്നു രാവിലെ തൃപ്പൂണിത്തുറയിലെ ആശുപത്രിയിൽ വെച്ചായിരുന്നു ശ്രീനിവാസന്റെ അന്ത്യം. ദീർഘനാളായി അസുഖ ബാധിതനായി ചികിത്സയിലും വിശ്രമത്തിലുമായിരുന്നു. ഡയാലിസിസിനായി അശുപത്രിയിലേക്കു പോകവെ പെട്ടെന്ന് അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് തൃപ്പൂണിത്തുറയിലെ ആശുപത്രിയിൽ പ്രവേശിപ്പിപ്പെങ്കിലും അന്ത്യം സംഭവിക്കുകയായിരുന്നു.
















































