തിരുവനന്തപുരം: ലൈംഗികാതിക്രമക്കേസിൽ മുൻ എംഎൽഎ പിടി കുഞ്ഞുമുഹമ്മദിനെതിരെ ഗുരുതര കണ്ടെത്തലുമായി പോലീസ്. ലൈംഗിക സ്വഭാവത്തോടെ പരാതിക്കാരിക്ക് നേരെ കുഞ്ഞുമുഹമ്മദ് കുറ്റകരമായ ബലപ്രയോഗം നടത്തിയെന്നാണ് പോലീസിന്റെ കണ്ടെത്തൽ. മുറിയിലേക്ക് വിളിച്ചുവരുത്തി അതിക്രമം നടത്തി. കടന്നുപിടിച്ച് ലൈംഗികാതിക്രമം നടത്തിയെന്നും പോലീസ് തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയെ അറിയിച്ചു. ഈ വിവരങ്ങളടങ്ങിയ പോലീസ് റിപ്പോർട്ടും കേസ് ഡയറിയും പൊലീസ് കോടതിയിൽ ഹാജരാക്കി. അതേസമയം കുഞ്ഞുമുഹമ്മദിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്ന് തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി വിധി പറയും.
പരാതി വന്നത് വൈകിയാണെന്നാണ് പി ടി കുഞ്ഞുമുഹമ്മദിന്റെ അഭിഭാഷകൻ കോടതിയിൽ ചൂണ്ടിക്കാണിച്ചത്. നവംബർ ആറിന് നടന്ന സംഭവത്തിൽ നവംബർ 27ന് പരാതി നൽകിയതിൽ ദുരൂഹതയുണ്ടെന്നും പരാതി രാഷ്ട്രീയ പ്രേരിതമെന്നുമായിരുന്നു പ ടി കുഞ്ഞുമുഹമ്മദിന്റെ വാദം. എന്നാൽ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായതിനാലാണ് പരാതിയിൽ കാലതാമസം വന്നതെന്നാണ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചത്.
അതേസമയം നവംബർ ആറിന് രാത്രിയിലാണ് മുറിയിലേക്ക് വിളിച്ചു വരുത്തി ചലച്ചിത്ര പ്രവർത്തകയ്ക്ക് നേരെ കുഞ്ഞുമുഹമ്മദ് അതിക്രമം നടത്തിയത്. സംഭവത്തിന് ശേഷം പരാതിക്കാരിയായ ചലച്ചിത്ര പ്രവർത്തക ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടി. ഇതിനിടെ കുഞ്ഞുമുഹമ്മദിനെതിരെ നടപടി വൈകിയതിൽ വ്യാപക വിമർശനം ഉയർന്നിരുന്നു. അതേസമയം തനിക്കെതിരെയുള്ളത് കള്ളക്കേസാണെന്നാണ് കുഞ്ഞുമുഹമ്മദിൻ്റെ വാദം. പരാതിയിൽ ദുരൂഹതയുണ്ടെന്നും തൊട്ടടുത്ത ദിവസം ചലച്ചിത്ര പ്രവർത്തക സന്ദേശമയച്ചെന്നും പിടി കുഞ്ഞുമുഹമ്മദ് പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട വാട്‌സ്ആപ്പ് ചാറ്റ് വിവരങ്ങളും കുഞ്ഞുമുഹമ്മദ് കോടതിയിൽ സമർപ്പിച്ചു.












































