തിരുവനന്തപുരം: ശബരിമല സ്വർണ കൊള്ള കേസിൽ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ അറസ്റ്റിൽ. മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശ്രീകുമാറിനെയാണ് എസ്ഐടി അറസ്റ്റ് ചെയ്തത്. 2019 ൽ ദ്വാരപാലക ശിൽപ്പങ്ങൾ പുറത്തേക്ക് കൊണ്ടുപോകുമ്പോൾ ശബരിമല എഒ ആയിരുന്നു ശ്രീകുമാർ. ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയത് പിന്നാലെയാണ് അന്വേഷണ സംഘത്തിൻറെ നടപടി. അതേസമയം ഉദ്യോഗസ്ഥനെന്ന നിലയിൽ മേൽത്തട്ടിൽ നിന്നുളള നിർദേശം അനുസരിച്ച് ഫയൽ നീക്കുകമാത്രമാണ് ചെയ്തതെന്നായിരുന്നു ശ്രീകുമാറിൻറെ വാദം.
2019ൽ ദേവസ്വം കമ്മിഷണറായിരുന്ന വാസു നൽകിയ ശുപാർശയുടെ അടിസ്ഥാനത്തിലാണ് കട്ടിളപ്പാളിയിലെ സ്വർണം ചെമ്പാണെന്ന് രേഖപ്പെടുത്തിയതെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ. മുരാരി ബാബു നൽകിയ കത്ത് ഉചിതമായ തീരുമാനമെടുക്കുന്നതിന് ബോർഡിന് കൈമാറുക മാത്രമാണ് താൻ ചെയ്തതെന്നും, താൻ വിരമിച്ചതിനുശേഷമാണ് പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറിയതെന്നുമായിരുന്നു എൻ വാസുവിൻറെ വാദം.
അതേസമയം ശബരിമല സ്വർണക്കൊള്ളയിൽ കേസ് രേഖകൾ ആവശ്യപ്പെട്ടുള്ള ഇഡിയുടെ അപേക്ഷയിൽ കൊല്ലം വിജിലൻസ് കോടതിയുടെ ഉത്തരവ് മറ്റന്നാൾ വരും. ഹർജിയിൽ ഇഡിയുടെയും എസ്ഐടിയുടെയും വാദം പൂർത്തിയായിക്കഴിഞ്ഞു. കള്ളപ്പണ ഇടപാട് അന്വേഷിക്കുന്നതിനാണ് എഫ്ഐആറും റിമാൻഡ് റിപ്പോർട്ടും അടക്കമുള്ള രേഖകൾ ആവശ്യപ്പെട്ട് ഇഡി കോടതിയെ സമീപിച്ചത്. എന്നാൽ രേഖകൾ കൈമാറുന്നതിൽ എസ്ഐടി രേഖാമൂലം എതിർപ്പ് അറിയിച്ചുകഴിഞ്ഞു.
ഇഡിയ്ക്ക് രേഖകൾ നൽകുന്നത് അന്വേഷണത്തെ ബാധിക്കുമെന്നാണ് എസ്ഐടിക്ക് വേണ്ടി പ്രോസിക്യൂഷൻ അറിയിച്ചത്. അങ്ങനെ ചെയ്താൽ യഥാർത്ഥ പ്രതികളിലേക്ക് എത്താൻ സാധിക്കില്ലെന്നും എസ്ഐടി വാദിച്ചു. അതേസമയം ഇഡിയുടെ അന്വേഷണം എങ്ങനെയാണ് എസ്ഐടിയുടെ അന്വേഷണത്തെ ബാധിക്കുന്നതെന്നായിരുന്നു പ്രോസിക്യൂഷൻ്റെ ചോദ്യം. കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടെന്നും ഹൈക്കോടതി അനുമതിയോടെയാണ് രേഖകൾ ആവശ്യപ്പെട്ടതെന്നും ഇഡി വിജിലൻസ് കോടതിയിൽ വാദിച്ചു.
















































