കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികളുടെ ശിക്ഷാവാദം കഴിഞ്ഞു. ശിക്ഷാവിധി അൽപസമയത്തിനകം ഉണ്ടാകും. നേരത്തെ കേസ് എടുത്തിരുന്നുവെങ്കിലും മറ്റ് കേസുകൾ പരിഗണിച്ചശേഷം ശിക്ഷയിൽ വാദം കേൾക്കാമെന്ന നിലപാടാണ് എറണാകുളം സെഷൻസ് കോടതി കൈക്കൊണ്ടത്. 11.30-ഓടെയാണ് വാദം തുടങ്ങിയത്. ശിക്ഷാവിധി 3.30നുണ്ടാകുമെന്നാണ് അറിയുന്നത്. ആറു പ്രതികളേയും കോടതിയിൽ ഹാജരാക്കി. പ്രതികളിൽ പലരും പൊട്ടിക്കരഞ്ഞും ദയ യാചിച്ചും ജഡ്ജിക്കു മുന്നിൽ അപേക്ഷിച്ചു.
അതേസമയം ജുഡീഷ്യൽ നടപടിക്രമങ്ങളെ മോശമായി ചിത്രീകരിക്കാൻ പാടില്ല എന്ന് പറഞ്ഞുകൊണ്ടാണ് കോടതി വാദം കേൾക്കൽ ആരംഭിച്ചത്. അഭിഭാഷകരുടെയും മാധ്യമപ്രവർത്തകരുടെയും ഭാഗത്തുനിന്ന് കോടതി നടപടികളെ തടസപ്പെടുത്തുന്നതോ മോശമായി ചിത്രീകരിക്കുന്നതോ ആയ പ്രവർത്തികൾ ഉണ്ടാകരുത് എന്നാണ് ജഡ്ജി ഹണി എം. വർഗീസ് മുന്നറിയിപ്പ് നൽകി. തന്റെ ഭൂതവും ഭാവിയും അന്വേഷിച്ചുകൊള്ളൂ, പക്ഷേ കോടതി ക്രമങ്ങളെ മോശമായി ചിത്രീകരിക്കാൻ പാടില്ലെന്ന് ജഡ്ജി കർശനമായി പറഞ്ഞു.
ഇതിനിടെ സമൂഹത്തിനു മാതൃകയാകുന്ന തരത്തിൽ പ്രതികൾക്ക് ശിക്ഷ വിധിക്കണമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ കോടതിയോട് ആവശ്യപ്പെട്ടു. എന്നാൽ സമൂഹത്തിനുവേണ്ടിയാണോ വിധിയെഴുതേണ്ടതെന്ന് കോടതി പ്രോസിക്യൂഷനോട് ചോദിച്ചു. ഇനി ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ വരുമെന്ന് കോടതിയെ അറിയിച്ചപ്പോൾ ഈ കേസിൽ അന്വേഷണം ഉണ്ടോയെന്ന് കോടതി ചോദിച്ചു, ഈ കേസിൽ അല്ല ഇനിയും കേസുകൾ ഉണ്ടല്ലോ. അതിൽ അന്വേഷണം നടക്കുമെന്നായിരുന്നു പ്രോസിക്യൂട്ടറുടെ മറുപടി.
ഒന്നുമുതൽ ആറുവരെ പ്രതികളായ എൻ.എസ്. സുനിൽ (പൾസർ സുനി), മാർട്ടിൻ ആന്റണി, ബി. മണികണ്ഠൻ, വി.പി. വിജീഷ്, എച്ച്. സലിം (വടിവാൾ സലിം), പ്രദീപ് എന്നിവരാണ് കേസിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.













