വെല്ലിങ്ടൺ: മലയാളത്തിലെ ഹിറ്റ് സിനിമയായിരുന്ന ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ സിനിമയിലെപ്പോലെ ന്യൂസീലൻഡിലെ പോലീസുകാർ വജ്രംപതിച്ച ലോക്കറ്റുവിഴുങ്ങിയ കള്ളനു വേണ്ടി കാവലിരുന്നത് ആറുദിവസം. ആറാംദിനമായ വെള്ളിയാഴ്ച കള്ളന് മനുഷ്യന്റെ ഏറ്റവും വലിയ ആ ബുദ്ധിമുട്ടെത്തി. ഇതോടെ 19,300 ഡോളറിന്റെ (ഏകദേശം 17.35 ലക്ഷം രൂപ) തൊണ്ടിമുതൽ പുറത്ത്.
ഓക്ലൻഡിലെ സ്വർണക്കടയിൽനിന്നാണ് 32-കാരനായ മോഷ്ടാവ് മുട്ടയുടെ (ഫേബെർജേ എഗ്) ആകൃതിയിലുള്ള ലോക്കറ്റ് മോഷ്ടിച്ചത്. പക്ഷെ രക്ഷപ്പെടും മുൻപേ പോലീസുപിടിച്ചു. ഇതോടെ 18 കാരറ്റ് സ്വർണവും 60 വെളുത്ത വജ്രവും 13 ഇന്ദ്രനീലവും പതിപ്പിച്ച ലോക്കറ്റ് കള്ളനങ്ങു വിഴുങ്ങി.
1983-ൽ ഇറങ്ങിയ ജെയിംസ് ബോണ്ട് ചലച്ചിത്രം ‘ഒക്ടോപസി’യിൽനിന്നു പ്രചോദനമുൾക്കൊണ്ട് ഉണ്ടാക്കിയ ലോക്കറ്റിൽ ഒരു കുഞ്ഞ് സ്വർണനീരാളിയെയും കൊത്തിവെച്ചിട്ടുണ്ടായിരുന്നു. റഷ്യയിലെ ഹൗസ് ഓഫ് ഫേബെർജേ 19-ാം നൂറ്റാണ്ടിൽ സർ ചക്രവർത്തിമാർക്കുവേണ്ടിയാണ് ഈസ്റ്റർമുട്ടയുടെ ആകൃതിയുള്ള ആദ്യ ലോക്കറ്റ് ഡിസൈൻ ചെയ്തത്. അതേ മാതൃകയിലുള്ളതായിരുന്നു കള്ളൻ വിഴുങ്ങിയ ലോക്കറ്റ്. ലോക്കറ്റ് തിരിച്ചുകിട്ടിയെങ്കിലും ഇയാളുടെപേരിൽ മോഷണക്കുറ്റം ചുമത്തിയിട്ടുണ്ട്.
















































