കോട്ടയം: ശബരിമല സ്വര്‍ണക്കൊള്ള വിഷയത്തില്‍ നിര്‍ണായകമായ ചില വിവരങ്ങള്‍ ലഭിച്ചെന്ന അവകാശവാദവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മോഷ്ടിച്ച സ്വര്‍ണം പുരാവസ്തുവായി വിറ്റതായി ചില വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന് ചെന്നിത്തല പറഞ്ഞു. 500 കോടി രൂപയുടെ മൂല്യമുണ്ട് അതിന്. വിവരം തന്ന വ്യക്തി മാധ്യമങ്ങള്‍ക്ക് മുന്നില്‍ പേര് പറയരുതെന്ന് പറഞ്ഞിട്ടുണ്ട്. പ്രത്യേക അന്വേഷണസംഘത്തോട് സംസാരിക്കാന്‍ അദ്ദേഹം തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇക്കാര്യത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് എസ്‌ഐടിക്ക് കത്ത് നല്‍കുമെന്ന് ചെന്നിത്തല പറഞ്ഞു. സ്വര്‍ണക്കൊള്ളയ്ക്കു പിന്നില്‍ അന്താരാഷ്ട്ര പുരാവസ്തു മാഫിയാ സംഘം പ്രവര്‍ത്തിക്കുന്നുണ്ട്. ഇവര്‍ക്ക് അന്തര്‍ദേശീയ കള്ളക്കടത്തുകാരന്‍ സുഭാഷ് കപൂറുമായി ബന്ധമുണ്ടെന്ന വിവരവും ലഭിച്ചിട്ടുണ്ട്. വിവരം നല്‍കിയയാള്‍ എസ്‌ഐടി ചോദിച്ചാല്‍ കാര്യങ്ങള്‍ വിശദീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇക്കാര്യത്തില്‍ തന്റെ പക്കല്‍ തെളിവില്ലെന്നും അതിനാലാണ് കൂടുതല്‍ വിശദീകരിക്കാത്തതെന്നും ചെന്നിത്തല പറഞ്ഞു. എന്നാല്‍ വിവരം നല്‍കിയ വ്യക്തിയുടെ കൈയില്‍ തെളിവുകളുണ്ട്. ഇദ്ദേഹം രാഷ്ട്രീയക്കാരനല്ല, വ്യവസായിയാണ്. എസ്‌ഐടി ചോദിച്ചാല്‍ ഇദ്ദേഹം കാര്യങ്ങള്‍ വിശദീകരിക്കും. എസ്‌ഐടി അന്വേഷണം ആ രീതിയില്‍ പോയാല്‍ വമ്പന്‍ സ്രാവുകള്‍ പിടിയിലാവുമെന്നും ചെന്നിത്തല പറഞ്ഞു. ജോണ്‍ ബ്രിട്ടാസ് കേന്ദ്ര-കേരള സര്‍ക്കാരുകള്‍ക്കിടയിലെ പാലമല്ല, ദല്ലാളാണെന്നും അദ്ദേഹം പറഞ്ഞു.
















































