പട്ടാമ്പി: തറവാട്ടിൽ നിന്ന് പടിയിറങ്ങിയവർ മടങ്ങിയെത്തുമ്പോൾ പിണക്കംമറന്ന് ഇരുകൈയ്യും നീട്ടി കാരണവരുടെ സ്ഥാനത്തുനിന്ന് സ്വീകരിക്കാരൊരുങ്ങി കോൺഗ്രസ്. കോൺഗ്രസിൽനിന്ന് വിട്ടുപോയവർ രൂപവത്കരിച്ച ‘വീ ഫോർ പട്ടാമ്പി’ കൂട്ടായ്മ എൽഡിഎഫിനൊപ്പം മത്സരിച്ചതായിരുന്നു കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പട്ടാമ്പി നഗരസഭയിൽ എൽഡിഎഫ് ഭരണം കൈപ്പിടിയിലൊതുക്കിയത്.
ഇക്കുറി കൂട്ടായ്മ പിരിച്ചുവിട്ട് അവർ കോൺഗ്രസിൽ തിരിച്ചെത്തിയതോടെ ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ പട്ടാമ്പിയിൽ പൊടിപാറുമെന്നുറപ്പ്. മൊത്തം 77 സ്ഥാനാർഥികളാണുള്ളത്. ഇതിൽ 43 വനിതകളാണ്. ആദ്യ ടേമിലെ മികച്ചവി ജയം ആവർത്തിക്കാൻ യുഡിഎഫും ഭരണം നിലനിർത്താൻ എൽഡിഎഫും പുത്തൻ പരീക്ഷണങ്ങളാണ് കളത്തിലിറക്കിയിട്ടുള്ളത്. നില മെച്ചപ്പെടുത്താൻ ബിജെപിയും ശക്തമായ പ്രചാരണം ഇവിടെ പുറത്തെടുക്കുന്നുണ്ട്.
‘വീ ഫോർ പട്ടാമ്പി’ സ്വന്തം തട്ടകത്തിലേക്കു തിരിച്ചെത്തിയതോടെ ഭരണം വീണ്ടെടുക്കാനാവുമെന്ന വിശ്വാസത്തിലാണ് യുഡിഎഫ്. അഞ്ചുവർഷത്തെ ഭരണനേട്ടങ്ങൾ പ്രചാരണ വിഷയമാക്കിയാണ് എൽഡിഎഫ് മുന്നേറുന്നത്. ഇത്തവണ വാർഡുകൾ 28-ൽനിന്ന് 29 ആയി. കഴിഞ്ഞതവണ യുഡിഎഫിന് 11, എൽഡിഎഫിന് 10, എൻഡിഎയ്ക്ക് ഒന്ന്, വീ ഫോർ പട്ടാമ്പിക്ക് ആറ് എന്നിങ്ങനെയായിരുന്നു സീറ്റുകൾ.
അതേസമയം പുതുമുഖങ്ങളെ നിർത്തിയാണ് ഇത്തവണ ഇരുമുന്നണിയും കളംപിടിക്കുന്നത്. എൽഡിഎഫിൽ ഇത്തവണ 29-ൽ 25 പുതുമുഖങ്ങളാണ്. 15 പേർ സ്വതന്ത്രരാണ്. 28 സീറ്റ് സിപിഎമ്മിനാണ്. യുഡിഎഫിൽ 23 പേർ പുതുമുഖങ്ങളാണ്. 16 സീറ്റ് കോൺഗ്രസിനും 13 എണ്ണം മുസ്ലിം ലീഗിനുമാണ്. ഇതിൽ മൂന്നുപേർ സ്വതന്ത്രരാണ്. കഴിഞ്ഞ തവണത്തെ വൈസ് ചെയർമാനും ‘വീ ഫോർ പട്ടാമ്പി’ നേതാവുമായിരുന്ന ടി.പി. ഷാജി, സി. സംഗീത, കെ.ആർ. നാരായണസ്വാമി എന്നിവർ ഇക്കുറി കോൺഗ്രസിനുവേണ്ടി മത്സര രംഗത്തുണ്ട്.
അതുപോലെ മുസ്ലിംലീഗിൽ പ്രമീള ചോലയിൽ, പി. സുനിത എന്നിവരൊഴികെ ബാക്കിയെല്ലാം പുതുമുഖങ്ങളാണ്. കഴിഞ്ഞതവണ സ്ഥിരംസമിതി അധ്യക്ഷരായിരുന്ന പി.കെ. കവിത, പി. ആനന്ദവല്ലി, പി. വിജയകുമാർ എന്നിവരടക്കം നാലുപേർ എൽഡിഎഫിൽ വീണ്ടും മത്സരരംഗത്തുണ്ട്. എൻഡിഎ 18 സീറ്റിലാണ് മത്സരിക്കുന്നത്. 16 പേർ പുതുമുഖങ്ങൾ. ഇതിൽ 13 പേർ വനിതകളാണ്. പതിനഞ്ചാം വാർഡായ കൊളോർക്കുന്നിലും 26-ാം വാർഡായ നേതിരിമംഗലത്തും ജനറൽ വാർഡിൽ വനിതകളെയാണ് എൻഡിഎ മത്സരിപ്പിക്കുന്നത്. 15-ൽ ബിൻസി, 26-ൽ സുമസത്യൻ എന്നിവരാണ് മത്സരരംഗത്തുള്ളത്.
സുമ സത്യൻ കഴിഞ്ഞതവണ ചുരുങ്ങിയ വോട്ടുകൾക്കാണ് നേതിരിമംഗലത്ത് രണ്ടാം സ്ഥാനത്തെത്തിയത്. കഴിഞ്ഞതവണ ബിജെപിക്ക് ഒരുസീറ്റ് മാത്രമാണ് നഗരസഭയിലുണ്ടായിരുന്നത്. എന്നാൽ രണ്ടാംമൈലിൽനിന്നു ജയിച്ച എ. സുരേഷ് ഇക്കുറി മത്സരരംഗത്തില്ല.അതേസമയം സ്ഥാനാർഥി പ്രഖ്യാപനത്തിന് ശേഷം പാർട്ടിവിട്ട മുൻ കോൺഗ്രസ് നേതാവ് പി.പി. അബ്ദുൾ വാഹിദ് പതിനാലാം വാർഡായ മേലേപട്ടാമ്പിയിൽ എൽഡിഎഫ് സ്വതന്ത്രനായി മത്സരരംഗത്തുണ്ട്.


















































