പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പില്‍ പ്രചാരണം നടത്തുമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. ഒരു നേതാവും തന്നോട് പ്രചരണത്തില്‍ പങ്കെടുക്കരുതെന്നും പങ്കെടുക്കണമെന്നും പറഞ്ഞിട്ടില്ലെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. പാലക്കാട് നഗരസഭയില്‍പ്പെട്ട ശേഖരിപുരം വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ലിജിക്ക് വേണ്ടി പ്രചരണത്തിനെത്തിയപ്പോഴായിരുന്നു പ്രതികരണം.
ഏതെങ്കിലും തരത്തില്‍ ഞാന്‍ ഭവന സന്ദര്‍ശനവുമായി ബന്ധപ്പെട്ട് പോകരുത് എന്ന് പറഞ്ഞിട്ടില്ല. പോകാനും പറഞ്ഞിട്ടില്ല. അപ്പോള്‍ സ്വാഭാവികമായിട്ടും എനിക്ക് വേണ്ടി വീട് കയറിയ ആളുകള്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ അവര്‍ക്ക് വേണ്ടി ഇറങ്ങുക എന്നുള്ളത് ഒരു പാര്‍ട്ടി പ്രവര്‍ത്തകനെന്ന നിലയില്‍ എന്റെ ഉത്തരവാദിത്തമാണ്. മാധ്യമങ്ങള്‍ക്ക് ഇക്കാര്യത്തില്‍ തത്കാലമുള്ള പ്രയാസങ്ങള്‍ കാണാന്‍ ഉദ്ദേശിക്കുന്നില്ല. ഇവിടുത്തെ സ്ഥാനാര്‍ഥികള്‍ക്കും പാലക്കാട്ടുകാര്‍ക്കുമില്ലാത്ത പ്രശ്‌നം മാധ്യമങ്ങള്‍ക്ക് വേണ്ട – രാഹുല്‍ പറഞ്ഞു.
രാഹുലിനെതിരെ നടപടി സ്വീകരിച്ചതാണെന്നും കൂടുതല്‍ നടപടി ഉണ്ടാകുമോയെന്ന് പറയാന്‍ താന്‍ ആളല്ല എന്നുമായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ പ്രതികരണം. അതേസമയം, പാര്‍ട്ടി വേദികളിലേക്ക് രാഹുലിനെ ഔദ്യോഗികമായി ക്ഷണിച്ചിട്ടില്ലെന്നാണ് സണ്ണി ജോസഫ് പ്രതികരിച്ചത്.
പെണ്‍കുട്ടിയെ ഗര്‍ഭധാരണത്തിനും ഗര്‍ഭഛിദ്രത്തിനും നിര്‍ബന്ധിക്കുന്ന ശബ്ദരേഖയും വാട്സാപ്പ് ചാറ്റുമുള്‍പ്പെടെ ഇന്നലെയാണ് പുറത്തു വന്നത്. തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഭാഗമായി രാഹുല്‍ മാങ്കൂട്ടത്തില്‍ സജീവമായതിന് പിന്നാലെ വീണ്ടും ശബ്ദരേഖ വന്നതോടെ ലൈംഗികാരോപണ വിവാദത്തില്‍ ചര്‍ച്ചകള്‍ സജീവമായി. മുഖ്യമന്ത്രിയെ നേരില്‍ കണ്ടു പരാതി നല്‍കാന്‍ പെണ്‍കുട്ടി തയ്യാറെടുക്കുന്നുവെന്നാണ് വിവരം. പരാതി നല്‍കിയാല്‍ ലൈംഗികാരോപണ വിവാദം അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം മൊഴി രേഖപ്പെടുത്തി തുടര്‍ നീക്കങ്ങളിലേക്ക് കടക്കും. തിരഞ്ഞെടുപ്പ് സാഹചര്യത്തിലുണ്ടായ പുതിയ വിവാദത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് വ്യക്തമായ മറുപടിയില്ല.


















































