തിരുവനന്തപുരം: നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ മകളും സംരംഭകയുമായ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസിൽ സ്ഥാപനത്തിൽ നിന്നും 66 ലക്ഷം രൂപയാണ് നഷ്ടമായതെന്നാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം. സ്ഥാപനത്തിലെ മൂന്ന് മുൻ ജീവനക്കാരികളും ഒരാളുടെ ഭർത്താവും കേസിൽ പ്രതിയാണ്. ദിവ്യ, രാധാകുമാരി, വിനീത, വിനീതയുടെ ഭർത്താവ് ആദർശ് എന്നിവരാണ് പ്രതികൾ. ദിയ കൃഷ്ണ നടത്തുന്ന ആഭരണക്കടയായ ‘ഒ ബൈ ഓസി’യിലെ ക്യു ആർ കോഡിൽ കൃത്രിമം കാണിച്ച് മൂന്ന് ജീവനക്കാരികൾ പണം തട്ടിയെടുത്തു എന്നായിരുന്നു കേസ്.
അതേസമയം തട്ടിയെടുത്ത പണം പ്രതികൾ ആഡംബര ജീവിതത്തിനായി ചെലവഴിച്ചെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ. വിശ്വാസ വഞ്ചന, മോഷണം എന്നീ കുറ്റങ്ങൾ പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്. ദിയ സ്ഥാപനത്തിൽ സ്ഥാപിച്ച ക്യൂ ആർ കോഡിന് പകരം മറ്റൊന്ന് സ്ഥാപിച്ചാണ് പ്രതികൾ തട്ടിപ്പ് നടത്തിയിരിക്കുന്നത്.
അതുപോലെ ജീവനക്കാരികളുടെ എതിർപരാതിയിൽ കഴമ്പില്ലെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ. തട്ടിക്കൊണ്ടുപോയെന്നാരോപിച്ചായിരുന്നു ഇവർ കൃഷ്ണകുമാറിനെതിരെയും ദിയക്കെതിയും പരാതി നൽകിയത്. തുടർന്ന് കൃഷ്ണകുമാർ, ദിയ, സുഹൃത്ത് സന്തോഷ് എന്നിവർക്കെതിരെ പോലീസ് കേസെടുത്തിരുന്നു.
കവടിയാറിലെ ദിയയുടെ ‘ഓ ബൈ ഓസി’ എന്ന ആഭരണങ്ങളും സാരിയും വിൽക്കുന്ന ഓൺലൈൻ-ഓഫ് ലൈൻ പ്ലാറ്റ്ഫോമിലെ സ്ഥാപനത്തിലാണ് ക്യൂആർ കോഡിൽ തിരിമറി നടത്തി ജീവനക്കാർ പണം തട്ടിയത്. തുടർന്ന് പോലീസ് പരാതി നൽകുകയും ജീവനക്കാർക്കെതിരെ കേസെടുക്കുകയുമായിരുന്നു. ഇതിനു പിന്നാലെയാണ് കൃഷ്ണകുമാറിനും കുടുംബാംഗങ്ങൾക്കുമെതിരെ ജീവനക്കാരികൾ പരാതി നൽകിയത്.

















































