തളിപ്പറമ്പ്: പോലീസുകാരെ ബോംബെറിഞ്ഞ് വധിക്കാൻ ശ്രമിച്ചുവെന്ന കേസിൽ പയ്യന്നൂർ നഗരസഭയിലെ എൽഡിഎഫ് സ്ഥാനാർഥിയും ഡിവൈഎഫ്ഐ നേതാവുമായ വെള്ളൂർ കാറമേലിലെ വി.കെ.നിഷാദ് (35), അന്നൂരിലെ ടി.സി.വി.നന്ദകുമാർ (35) എന്നിവർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ശിക്ഷ ചൊവ്വാഴ്ച വിധിക്കും.
തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതി ജഡ്ജി കെ.എൻ.പ്രശാന്താണ് പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. പ്രതികളെ കണ്ണൂർ ജില്ലാ ജയിലിൽ റിമാൻഡ് ചെയ്തു. മറ്റു രണ്ടു പ്രതികളായ വെള്ളൂർ ആറാംവയലിലെ എ.മിഥുൻ (36), ആലിൻകീഴിൽ കുനിയേരിയിലെ കെ.വി.കൃപേഷ് (38) എന്നിവരെ വെറുതേ വിട്ടു.2012 ഓഗസ്റ്റ് ഒന്നിനായിരുന്നു സംഭവം. അരിയിലെ എംഎസ്എഫ് നേതാവ് ഷൂക്കൂർ വധക്കേസുമായി ബന്ധപ്പെട്ട് സിപിഎം നേതാവ് പി.ജയരാജനെ പോലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് നടന്ന പ്രകടനത്തിനിടെയായിരുന്നു ബോംബേറ്.
ശിക്ഷാവിധി ഒന്നാം പ്രതി നിഷാദിന്റെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ ബാധിക്കില്ലെന്നാണ് നിയമവിദഗ്ധർ പറയുന്നത്. നിഷാദ് ഡിവൈഎഫ്ഐ പയ്യന്നൂർ ബ്ലോക്ക് സെക്രട്ടറിയും നിലവിൽ പയ്യന്നൂർ കാറമേൽ വെസ്റ്റ് കൗൺസിലറുമാണ്.
















































