തിരുവനന്തപുരം: പിതാവിന്റെ അടിയേറ്റ വഞ്ചിയൂർ കുന്നുംപുറം തോപ്പിൽ നഗറിൽ പൗർണമിയിൽ ഹൃദ്ദിക്ക്(28) മരിച്ചു. ആഡംബര ബൈക്ക് വാങ്ങാൻ 50 ലക്ഷം രൂപ ആവശ്യപ്പെട്ട് ഹൃദ്ദിക്ക് നടത്തിയ ആക്രമണത്തിൽ സഹികെട്ട് പിതാവ് വിനയാനന്ദ് തിരിച്ച് ആക്രമിച്ചതാണ് മരണകാരണമെന്നാണ് പൊലീസ് കേസ്. ഒക്ടോബർ 9ന് വഞ്ചിയൂരിലെ വീട്ടിലുണ്ടായ സംഭവത്തെത്തുടർന്ന് തലയ്ക്ക് ഗുരുതര പരുക്കേറ്റ ഹൃദ്ദിക്ക് മെഡിക്കൽ കോളജ് ഐസിയുവിൽ ചികിത്സയിലായിരുന്നു.
വിനയാനന്ദ് (52) പൊലീസിന് മുന്നിൽ കീഴടങ്ങിയിരുന്നു. ഹൃദ്ദിക്ക് അച്‌ഛനെയും അമ്മയെയും ആക്രമിക്കുന്നത് പതിവായിരുന്നെന്നു പൊലീസ് പറഞ്ഞു. നിർബന്ധത്തെത്തുടർന്ന് അടുത്തിടെ 12 ലക്ഷം രൂപയുടെ ബൈക്ക് മാതാപിതാക്കൾ വായ്പയെടുത്ത് വാങ്ങി നൽകിയിരുന്നു. എന്നാൽ ഒക്ടോബർ 21ന് തന്റെ ജന്മദിനത്തിന് മുൻപ് 50 ലക്ഷം രൂപ മുടക്കി രണ്ട് ബൈക്കുകൾ കൂടി വാങ്ങി നൽകണമെന്ന് വാശി പിടിച്ചതാണ് അക്രമത്തിൽ കലാശിച്ചത്.
ഹൃദ്ദിക്ക് വിനയാനന്ദിനെ ആദ്യം വെട്ടുകത്തി ഉപയോഗിച്ച് ആക്രമിച്ചെന്നാണ് അമ്മ അനുപമ പൊലീസിന് നൽകിയ മൊഴി. പിന്നാലെ തലയ്ക്ക് കമ്പിപ്പാര കൊണ്ട് പിതാവ് അടിക്കുകയും ഹൃദ്ദിക്ക് ബോധരഹിതനാവുകയുമായിരുന്നു. ഹൃദ്ദിക്കിനെ വിനയാനന്ദ് തന്നെയാണ് ആശുപത്രിയിൽ എത്തിച്ചത്.

















































