കൊച്ചി: കോന്തുരുത്തി പള്ളിക്കു സമീപത്തെ വീട്ടുവളപ്പിൽ സ്ത്രീയുടെ ജഡം ചാക്കുകൊണ്ട് മൂടിയ നിലയിൽ കണ്ടെത്തി. ജോർജ് എന്ന വ്യക്തിയുടെ വീട്ടു വളപ്പിലാണ് മൃതദേഹം കണ്ടെത്തിയത്. സൗത്ത് പൊലീസ് സ്ഥലത്തെത്തി. മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. പനംപള്ളി നഗറിനും കടവന്ത്രയ്ക്കും ഇടയ്ക്കുള്ള സ്ഥലമാണ് കോന്തുരുത്തി.
ഹരിതകർമ സേനാംഗങ്ങൾ രാവിലെ മാലിന്യം ശേഖരിക്കാനെത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ ജോർജ് മദ്യലഹരിയിലായിരുന്നെന്ന് നാട്ടുകാർ പറയുന്നു. വെളുപ്പിനെ ആറരയോടെ മാലിന്യശേഖരണത്തിന് എത്തിയ ഹരിതകർമ സേനയിൽപ്പെട്ട സ്ത്രീയാണ് മൃതദേഹം ആദ്യം കണ്ടത്. സമീപം ജോർജ് മതിലിൽ ചാരിയിരുന്ന് ഉറങ്ങുന്നുണ്ടായിരുന്നു. തന്നെ ഒന്ന് പിടിച്ച് എഴുന്നേൽപ്പിക്കാമോയെന്ന് ജോർജ് ചോദിച്ചെന്നാണ് ഹരിത കർമസേനാംഗം പറയുന്നത്.
അവർ ഉടൻ തന്നെ കൗൺസിലറെ വിവരമറിയിക്കുകയായിരുന്നു. സംഭവത്തിൽ ജോർജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ജോർജിന്റെ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെയും പൊലീസ് ചോദ്യം ചെയ്യുകയാണ്. വെളുപ്പിനെ നാലരയോടെ ജോർജ് ചാക്ക് അന്വേഷിച്ച് അയൽവീടുകളിൽ ചെന്നിരുന്നു. നായ ചത്തു കിടപ്പുണ്ടെന്നും ഇതിനെ മൂടാനാണ് എന്നുമാണ് ജോർജ് പറഞ്ഞത്.













































