പമ്പ: ശബരിമലയിലെ തിരക്ക് വിലയിരുത്തി സ്‌പോട് ബുക്കിങ് വർധിപ്പിക്കാമെന്ന് ഹൈക്കോടതി. ശബരിമല എക്സിക്യൂട്ടീവ് ഓഫീസറും ചീഫ് പോലീസ് കേർഡിനേറ്ററും കൂടി ആലോചിച്ച് തീരുമാനമെടുക്കണമെന്നും കോടതി നിർദേശിച്ചു.മാറ്റങ്ങൾക്ക് ശബരിമല സ്പെഷ്യൽ കമ്മിഷണറുടെ അനുമതി വാങ്ങണമെന്നും ഹൈക്കോടതി വ്യക്തമാക്കി.
നിലവിൽ 5000 പേർക്കാണ് സ്പോട്ട് ബുക്കിങ് വഴി ദർശനത്തിന് അനുമതി നൽകുന്നത്. ഹൈക്കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിൽ സെക്ടർ തിരിച്ച് ഉൾക്കൊള്ളാവുന്ന ഭക്തരുടെ കണക്ക് തയ്യാറായി. പമ്പ മുതൽ സന്നിധാനം വരെ 66,936 പേരെ ഉൾക്കൊള്ളും. പമ്പയിൽ ഉൾക്കൊള്ളാൻ കഴിയുന്നത് 12,500 പേരെയാണ്. ദർശന കോംപ്ലെക്സിലും പരിസരത്തും 2500 പേരെ ഉൾക്കൊള്ളാം. ഫ്ലൈ ഓവറിൽ 1500, തിരുമുറ്റത്ത് 1200, മാളികപ്പുറം ക്ഷേത്ര പരിസരത്ത് 800 ഭക്തരെയും ഉൾക്കൊള്ളാം.


















































