കൊച്ചി: കേരളത്തിൽ അവയവ കച്ചവടത്തിനായി ഇറാനിലേക്ക് മനുഷ്യക്കടത്തു നടത്തിയ രാജ്യാന്തര റാക്കറ്റിന്റെ പണമിടപാടുകൾ നടന്നത് കൊച്ചിയിലെ മെഡിക്കൽ ട്രീറ്റ്മെന്റ്–ടൂറിസം സ്ഥാപനമായ സ്റ്റെമ്മ ക്ലബ് വഴിയെന്ന് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ)യുടെ കണ്ടെത്തൽ. അവയവ കച്ചവട കേസിൽ അറസ്റ്റിലായ പ്രധാന പ്രതി പാലാരിവട്ടം സ്വദേശി മധു ജയകുമാറിനെ കസ്റ്റഡിയിൽ വാങ്ങുന്നതിന് പ്രത്യേക കോടതിയിൽ നൽകിയ അപേക്ഷയിലാണ് എൻഐഎ കേരളത്തിൽ നടക്കുന്ന മനുഷ്യ- അവയവ കടത്തിന്റെ കൂടുതൽ വിവരങ്ങൾ വ്യക്തമാക്കിയത്. മനുഷ്യക്കടത്തിനു പിന്നിൽ കൂടുതൽ മലയാളികളാണെന്നും എൻഐഎ വ്യക്തമാക്കുന്നുണ്ട്. മധു ജയകുമാറിനെ ഈ മാസം 24 വരെ എൻഐഎ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.
അതേസമയം മെഡിക്കൽ ടൂറിസം നടത്തുന്ന സ്ഥാപനമെന്നു വിശ്വസിപ്പിച്ച് മധു ജയകുമാർ തുടങ്ങിയതാണ് സ്റ്റെമ്മ ക്ലബ്. എന്നാൽ മനുഷ്യക്കടത്തിനും അവയവ കച്ചവടത്തിനുമുള്ള മറയായി സ്ഥാപനത്തെ ഉപയോഗിക്കുകയായിരുന്നു എന്നാണ് കേന്ദ്ര അന്വേഷണ ഏജൻസി കരുതുന്നത്. അതുകൊണ്ടു തന്നെ ഇതിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് കൂടുതലായി അന്വേഷിക്കുന്നുണ്ടെന്നും എൻഐഎ പറയുന്നു. അവയവ കടത്തുവഴിയുള്ള പണം എത്തിയിരുന്നത് സ്റ്റെമ്മ ക്ലബിന്റെ പേരിലാണ്. പ്രധാനമായും കർണാടക, ആന്ധ്രപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിൽ നിന്നുള്ളവരായിരുന്നു അവയവ ദാതാക്കൾ. ഇവർ അവയവങ്ങൾ ദാനം ചെയ്തിരുന്നത് കൂടുതലും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്കായിരുന്നു.
ഓരോ ഇടപാടിനും 50 ലക്ഷം രൂപ വരെ ആവശ്യക്കാരിൽ നിന്ന് സംഘം ഈടാക്കും. അവയവ ദാതാക്കൾക്ക് വാഗ്ദാനം ചെയ്യുന്നത് 6 ലക്ഷം രൂപയാണ്. എന്നാൽ അവയവം ദാനം ചെയ്ത ശേഷം ഈ പണം മുഴുവനായി മിക്കവർക്കും നൽകിയിട്ടില്ല എന്ന വിവരം നേരത്തേ പുറത്തു വന്നിരുന്നു. കഴിഞ്ഞ വർഷം മേയ് 18ന് തൃശൂർ സ്വദേശി സാബിത് നാസർ നെടുമ്പാശേരിയിൽ പിടിയിലായതോടെയാണ് അവയവക്കടത്ത് സംഭവം പുറത്തു വരുന്നത്. കൊച്ചി, കുവൈത്ത്, ഇറാൻ റൂട്ടിൽ നിരന്തരം യാത്ര ചെയ്തിരുന്ന ആളായിരുന്നു സാബിത്ത്. വൃക്ക നൽകാൻ തയാറാകുന്നവരെ കണ്ടെത്തി അവരെ ഇറാനിലും തിരികെയും എത്തിക്കുക എന്നതായിരുന്നു ഇയാളുടെ ജോലി. വൃക്ക നൽകുന്നത് നിയമപരമാണെന്ന് വിശ്വസിപ്പിച്ച് വ്യാജരേഖകൾ തയാറാക്കിയായിരുന്നു ആളുകളെ ഇയാൾ ഇറാനിലേക്ക് കൊണ്ടുപോയിരുന്നത്.
സാബിത്ത് പിടിയിലായതിനു പിന്നാലെ മൂന്നാം പ്രതിയും അവയവക്കടത്തിലെ മുഖ്യസൂത്രധാരനുമെന്നു കരുതപ്പെടുന്ന ഹൈദരാബാദ് സ്വദേശി ബെല്ലംകൊണ്ട രാമപ്രസാദും അറസ്റ്റിലായി. ഇവരുടെ പണം കൈകാര്യം ചെയ്തിരുന്നുവെന്ന് കരുതപ്പെടുന്ന കൊച്ചി എടത്തല സ്വദേശിയും മധുവിന്റെ സുഹൃത്തുമായ സജിത്ത് ശ്യാമിനേയും പിന്നാലെ അറസ്റ്റ് ചെയ്തു. നവംബർ ഏഴിന് ഇറാനിൽ നിന്ന് എത്തിയ മധുവിനെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ അറസ്റ്റ് ചെയ്യുകയായിരുന്നു. ആദ്യം പോലീസ് അന്വേഷിച്ച കേസ് പിന്നീട് എൻഐഎ ഏറ്റെടുക്കുകയായിരുന്നു.



















































