ന്യൂഡൽഹി: രാജ്യത്തെ നടുക്കിയ ഡൽഹി സ്ഫോടനത്തിന് പിന്നിലെ ബുദ്ധികേന്ദ്രം അൽ- ഫലാഹ് യൂണിവേഴ്സിറ്റിയിലെ ഫാക്കൽറ്റി അംഗവും കശ്മീരി ഡോക്ടറുമായ മുസമ്മിലാണെന്ന് റിപ്പോർട്ട്. മുസമ്മിലും കൂട്ടാളികളായ ഉമറും മുസഫറും തങ്ങളുടെ മെഡിക്കൽ പ്രൊഫഷൻ മറയാക്കി ഹരിയാണയിലെ വാടക കെട്ടിടങ്ങളിൽ വൻതോതിൽ സ്ഫോടകവസ്തുക്കളും ആയുധങ്ങളും സംഭരിച്ചിരുന്നതായി സിഎൻഎൻ ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നു. കൂടാതെ പൊതുസമൂഹത്തിലുള്ള സ്വീകാര്യത മറയാക്കി വിദ്യാസമ്പന്നരെ റിക്രൂട്ട് ചെയ്തുവെന്നും റിപ്പോർട്ട്.
ചെങ്കോട്ട, തുടങ്ങി തന്ത്രപ്രധാന സ്ഥലങ്ങളിൽ ആക്രമണങ്ങൾ വേഗത്തിൽ നടപ്പാക്കാൻ ഉമർ ഉൾപ്പെടെയുള്ളവർ ആവശ്യപ്പെട്ടപ്പോഴും മുസമ്മിൽ അതിനെ എതിർത്തു. ഉമറിന്റെ തീരുമാനങ്ങൾ അവിവേകപരവും സംഘത്തെപിടികൂടുന്നതിലേക്കും നയിക്കുമെന്ന് മനസിലാക്കിയ മുസമ്മിൽ ഒരു പിന്തുണാ ശൃംഖല കെട്ടിപ്പടുക്കണമെന്ന് നിർബന്ധം പിടിക്കുകയും പദ്ധതികൾക്ക് നേതൃത്വം നൽകുകയും ചെയ്തതോടെ സംഘത്തിന്റെ പ്രവർത്തനങ്ങളുടെ നട്ടെല്ലായി മാറി.
അതേസമയം ഡോക്ടർമാർ, എൻജിനീയർമാർ, ബിരുദാനന്തര ബിരുദ വിദ്യാർഥികൾ തുടങ്ങിയ വിദ്യാസമ്പന്നരായ മുസ്ലീങ്ങളെ റിക്രൂട്ട് ചെയ്യുന്നതിൽ താൻ ബോധപൂർവം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നതായി മുസമ്മിൽ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയതായി റിപ്പോർട്ടുകളുണ്ട്. ഇത്തരത്തിൽ സമൂഹത്തിൽ സ്വീകാര്യതയുള്ളവർക്ക് സ്ഥാപനങ്ങളിൽ സംശയം ജനിപ്പിക്കാതെ തന്നെ പ്രവർത്തിക്കാൻ കഴിയുമെന്ന വിലയിരുത്തലുകളുടെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിയത്. ആശയങ്ങൾ പ്രചരിപ്പിക്കാനും റിക്രൂട്ട്‌മെന്റിനുമായി ഫർസദാനി ദാറുൽ ഉലൂം ദയൂബന്ദ്, കാഫില-ഇ-ഗുർബ തുടങ്ങിയ ടെലിഗ്രാം ചാനലുകൾ ഇയാൾ ഉപയോഗിച്ചിരുന്നതായും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.
കൂടാതെ വിദേശത്ത് നിന്നും കൃത്യം നടത്തുന്നതിനാവശ്യമായ മാർഗനിർദ്ദേശങ്ങൾ നൽകിയിരുന്നതായി സംശയിക്കുന്ന മൻസൂർ, ഹാഷിം, ഉക്കാഷ എന്നിവർ സ്ഫോടക വസ്തുക്കളുടെ സംഭരണം, കൈമാറ്റം, ഒളിപ്പിക്കൽ എന്നിവയിൽ മുസമ്മിലിനും സംഘത്തിനും നിർദേശങ്ങൾ നൽകിയിരുന്നതായാണ് സംശയം. ബുദ്ധിജീവികളായ പുതിയ അംഗങ്ങളാണ് ജിഹാദിന്റെ ഭാവിയെന്ന് ഇവർ മുസമ്മിലിനോട് പറഞ്ഞിരുന്നതായും റിപ്പോർട്ടുകളുണ്ട്. അക്കാദമിക് രംഗത്തെ ഉയർന്ന പദവി, ഇന്റേണുകളെയും ജൂനിയർ ഡോക്ടർമാരെയും സ്വാധീനിക്കാൻ മുസമ്മലിനെ സഹായിച്ചു.
അൽ-ഫലാഹിൽ മുസമ്മലിന്റെ സ്വാധീനം ക്രമേണ വർദ്ധിച്ചു. പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നതിനോ തീവ്രവാദ ചർച്ചാ ഗ്രൂപ്പുകളിൽ അംഗങ്ങളാകുന്നതിനോ ഇയാൾ സഹപ്രവർത്തകരിൽ സജീവമായി സമ്മർദ്ദം ചെലുത്തി. ആശുപത്രി പരിസരം സ്ഫോടക വസ്തുക്കൾ സൂക്ഷിക്കാനുള്ള കേന്ദ്രങ്ങളാക്കി മാറ്റി. ഹരിയാനയിൽ സുരക്ഷിതമായ വാടകവീടുകൾ എടുക്കുന്നതിന് സൗകര്യമൊരുക്കിയതും മുസമ്മിലാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ആശുപത്രിയുമായി ബന്ധപ്പെട്ട ജോലികളുടെ മറവിൽ നടത്തിയ സംസ്ഥാനാന്തര യാത്രകളിൽ വെടിക്കോപ്പുകൾ കടത്തിയതായും സൂചനകളുണ്ട്.
പ്രത്യയശാസ്ത്രപരമായ തീവ്രത, അക്കാദമിക് അധികാരം, പ്രവർത്തനങ്ങളിലെ വൈദഗ്ദ്ധ്യം എന്നിവ സംഘത്തിലെ അപകടകാരിയായ അംഗമായി ഇയാളെ മാറ്റിയെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നു. ഇയാളുമായി ബന്ധപ്പെട്ട വാടക കെട്ടിടങ്ങളിൽ വൻതോതിൽ സ്ഫോടകവസ്തുക്കൾ ഒളിപ്പിച്ചുവെച്ചിരുന്നതായും, ഭീകരാക്രമണ പദ്ധതിയുമായി ബന്ധപ്പെട്ട കാറുകളിലൊന്നായ മാരുതി ബ്രെസ്സ, ഏതാനും ആഴ്ചകൾക്ക് മുൻപ് മുസമ്മിലും കൂട്ടുപ്രതിയായ ഷഹീൻ സയീദും പണം നൽകി വാങ്ങിയതാണെന്നും ഫരീദാബാദ് പോലീസ് കണ്ടെത്തിയിട്ടുണ്ട്.
















































