ഇസ്‌ലാമാബാദ്: ചെങ്കോട്ടയ്ക്കു മുന്നിൽ കാർ പൊട്ടിത്തെറിച്ച് 15പേർ മരിച്ച സംഭവത്തിൽ പാക്കിസ്ഥാന് പങ്കുണ്ടെന്ന അവകാശവാദവുമായി പാക്ക് രാഷ്ട്രീയ നേതാവ് രംഗത്ത്. പാക്ക് അധിനിവേശ കശ്മീരിലെ നേതാവായ ചൗധരി അൻവറുൾ ഹഖാണ് അസംബ്ലിയിൽ ഇക്കാര്യം വെളിപ്പെടുത്തിയത്. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയിലാണ് ചൗധരി അൻവറുൾ ഹഖ് ഇക്കാര്യങ്ങൾ പറയുന്നത്. അതേസമയം പാക്കിസ്ഥാൻ ഇക്കാര്യത്തിൽ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.
ചൗധരി അൻവറുൾ ഹഖാന്റെ വാക്കുകൾ ഇങ്ങനെ- ‘‘നിങ്ങൾ ബലൂചിസ്ഥാനെ രക്തത്തിൽ മുക്കുന്നത് തുടർന്നാൽ ഞങ്ങൾ ഇന്ത്യയെ ചെങ്കോട്ട മുതൽ കശ്മീർവരെ ആക്രമിക്കുമെന്നു മുൻപ് പറഞ്ഞിരുന്നു. ഞങ്ങൾ അത് ചെയ്തു… ഞങ്ങളുടെ ധൈര്യമുള്ള ആളുകൾ അത് ചെയ്തു’’.
അതേസമയം ഈ മാസം 10ന് വൈകിട്ട് 6.52നായിരുന്നു രാജ്യത്തെ നടുക്കിയ ചെങ്കോട്ട സ്ഫോടനമുണ്ടായത്. രാജ്യതലസ്ഥാനത്തെ ഏറ്റവും തിരക്കേറിയ മേഖലകളിലൊന്നായ ചാന്ദ്നി ചൗക്ക് മാർക്കറ്റിനും ജുമാ മസ്ജിദിനും സമീപമാണു സ്ഫോടനം നടന്നത്. റെഡ് ഫോർട്ട് മെട്രോ സ്റ്റേഷന്റെ ഒന്നും നാലും ഗേറ്റുകൾക്കിടയിലെ റോഡിലാണ് ഹരിയാന റജിസ്ട്രേഷനുള്ള ഐ 20 കാർ പൊട്ടിത്തെറിച്ചത്. വേഗം കുറച്ച് ചെങ്കോട്ടയ്ക്കു മുന്നിലൂടെ നീങ്ങുകയായിരുന്ന കാർ ട്രാഫിക് സിഗ്നലിൽ നിർത്തിയതിനു പിന്നാലെയായിരുന്നു സ്ഫോടനം. കശ്മീർ പുൽവാമ സ്വദേശി ഡോ. ഉമർ നബിയാണ് സ്ഫോടനം നടന്ന കാർ ഓടിച്ചിരുന്നത്. ഇയാൾ സ്ഫോടനത്തിൽ കൊല്ലപ്പെട്ടെങ്കിലും ഭീകരബന്ധമുള്ള ഇയാളുടെ സുഹൃത്തുക്കളായ ഡോക്ടർമാരെ എൻഐഎ അറസ്റ്റ് ചെയ്തിരുന്നു.

















































