കണ്ണൂർ: ആത്മഹത്യ ചെയ്ത ബിഎൽഒ അനീഷ് ജോർജിനുമേൽ സമ്മർദമുണ്ടെന്ന് പരാതി ലഭിച്ച കാര്യം മറച്ചുവച്ച് ജില്ലാ കലക്ടർ കുറിപ്പ് ഇറക്കി. കഴിഞ്ഞ ഞായറാഴ്ചയാണ് കരിവെള്ളൂർ ഏറ്റുകുടുക്ക സ്വദേശിയായ ബിഎൽഒ അനീഷ് ജോർജ് ആത്മഹത്യ ചെയ്തത്. അനീഷിനു മേൽ സമ്മർദമുണ്ടെന്ന് കാണിച്ച് നവംബർ എട്ടിന് കോൺഗ്രസ് ബിഎൽഎ (ബൂത്ത് ലെവൽ ഏജന്റ്) കെ. വൈശാഖ് പരാതി നൽകിയിരുന്നു. എന്നാൽ അനീഷ് ജോർജിന്റെ മരണത്തിനു പിന്നാലെ കലക്ടർ പുറത്തിറക്കിയ കുറിപ്പിൽ ഇക്കാര്യം പറയുന്നില്ലെന്നു മാത്രമല്ല ഉദ്യോഗസ്ഥ തലത്തിൽ യാതൊരു സമ്മർദവും ഉണ്ടായിട്ടില്ലെന്നും വ്യക്തിപരമായ സമ്മർദത്തിനുള്ള സാധ്യത പരിശോധിക്കുന്നുവെന്നുമാണ് അറിയിച്ചത്.
കലക്ടർക്കു പരാതി നൽകിയതിനു പിന്നാലെ തിരഞ്ഞെടുപ്പ് വിഭാഗം ഓഫിസർ ഫോണിൽ ബന്ധപ്പെട്ടിരുന്നുവെന്ന് വൈശാഖ് പറഞ്ഞു. തുടർന്ന് ഇരുവിഭാഗത്തിന്റെയും ബിഎൽഎമാർ അനീഷിന്റെ കൂടെ പോകുന്നില്ലെന്ന് തീരുമാനമെടുക്കുകയായിരുന്നു. അതിനുശേഷം അനീഷ് ഒറ്റയ്ക്കാണ് വീടുകളിൽ പോയത്. ആളുകളെ അറിയാത്തതിനാൽ അനീഷ് തുടർന്നും തന്നെ ബന്ധപ്പെട്ടിരുന്നുവെന്നും വൈശാഖ് പറഞ്ഞു. എന്നാൽ ഇങ്ങനെ ഒരു പ്രശ്നമുണ്ടായിരുന്നെന്ന് കലക്ടർ ഒരിടത്തും സൂചിപ്പിച്ചില്ലെന്നും വൈശാഖ് പറഞ്ഞു.
കൂടാതെ കോൺഗ്രസുകാരനായ ബിഎൽഎയെ ഉൾപ്പെടുത്തി എസ്ഐആർ ജോലി ചെയ്താൽ സിപിഎമ്മുകാർ തടയുമെന്നും പ്രശ്നമുണ്ടാക്കുമെന്നും അനീഷ് ജോർജ് ഭയപ്പെട്ടുവെന്നാണ് ബിഎൽഎ വൈശാഖ് പരാതിപ്പെട്ടത്. വൈശാഖിനെ കൂടെ കൊണ്ടു പോകരുതെന്ന് ആവശ്യപ്പെട്ടു ഭീഷണിയുള്ളതായി അനീഷ് ജോർജ് പറയുന്ന ഫോൺ സംഭാഷണവും കോൺഗ്രസ് പുറത്തുവിട്ടിരുന്നു. വൈശാഖ് കൂടെ വന്നു കഴിഞ്ഞാൽ ഭയങ്കര പ്രശ്നമാണെന്നും അവർ തടയുമെന്നും അനീഷ് പറയുന്നുണ്ട്. പിന്നെ നിൽക്കാൻ കഴിയില്ലെന്നും അവരുടെ ഏരിയയല്ലേയെന്നും ചോദിക്കുന്നുണ്ട്.
അതേസമയം, കോൺഗ്രസ് ബിഎൽഎയാണ് അനീഷിനെ ഭീഷണിപ്പെടുത്തിയതെന്നാണ് സിപിഎം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് ആരോപിച്ചത്. കൂടെകൊണ്ടുപോയില്ലെങ്കിൽ തിരഞ്ഞെടുപ്പ് കമ്മിഷനു പരാതി നൽകുമെന്ന് പറഞ്ഞ് അനീഷിനെ കോൺഗ്രസ് ബിഎൽഎ ഭീഷണിപ്പെടുത്തുന്നത് കോൺഗ്രസ് പുറത്തുവിട്ട ഓഡിയോ ക്ലിപ്പിൽ നിന്ന് തന്നെ വ്യക്തമാണെന്നാണ് രാഗേഷ് പറഞ്ഞത്. അനീഷിന്റെ ഫോൺ കസ്റ്റഡിയിലെടുത്ത് പോലീസ് പരിശോധന നടത്തുകയാണ്. അനീഷിനെ ഭീഷണിപ്പെടുത്തിയ സിപിഎം ബിഎൽഎയ്ക്കെതിരെ കേസെടുക്കണമെന്നാണ് കോൺഗ്രസ് ആവശ്യപ്പെടുന്നത്.



















































