കണ്ണൂർ: പാലത്തായി പീഡനക്കേസ് വിധിയോടെ കോടതിയോടുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി കെ രഞ്ചിത്ത്. കേസിന്റെ വാദംകേട്ട ഡസ്‌കിലല്ല വിധിപറഞ്ഞതെന്നത് സംശയങ്ങൾ വർധിപ്പിക്കുന്നുവെന്നും രഞ്ചിത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പോലീസിലെ മൂന്ന് വിഭാഗങ്ങൾ അന്വേഷിച്ചിട്ടും അധ്യാപകനെതിരെ ഒരു തെളിവും കണ്ടെത്താനായില്ല. എന്നാൽ അവസാനമായി അന്വേഷിച്ച തളിപ്പറമ്പ് ഡിവൈഎസ്പി ടി കെ രത്‌നകുമാർ കൃത്രിമ തെളിവുകളുണ്ടാക്കി അധ്യാപകനെ കുടുക്കുകയായിരുന്നുവെന്നും ബിജെപി ആരോപിക്കുന്നു.
ഈ വിധി കോടതിയോടുള്ള വിശ്വാസം നഷ്ടപ്പെടുത്തുന്നതാണ്. സിപിഐഎം, എസ്ഡിപിഐ, ജമാഅത്തെ ഇസ്ലാമി എന്നിവ നടത്തിയ ഗൂഢാലോചനയാണ് അധ്യാപകനെതിരെയുള്ള കേസ്. ഈ വിധിക്കെതിരെ മേൽ കോടതികളെ സമീപിക്കും. അധ്യാപകന് എല്ലാ പിന്തുണയും നൽകുമെന്നും ബിജെപി വ്യക്തമാക്കി.
കൂടാതെ 2019-ലെ പൗരത്വഭേദഗതി നിയമത്തെ അനുകൂലിച്ച് സാമൂഹിക മാധ്യമത്തിൽ കുറിച്ചത് മുതലാണ് മതതീവ്രവാദ സംഘടനകൾ അധ്യാപകനെതിരെ തിരിഞ്ഞതെന്നും രഞ്ചിത്ത് ആരോപിച്ചു. സംസ്ഥാന സമിതിയംഗം യു ടി ജയന്തൻ, ജില്ലാ ജനറൽ സെക്രട്ടറി ടി സി മനോജ് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
അതേസമയം തൃപ്രങ്ങോട്ടൂർ പഞ്ചായത്ത് പ്രസിഡന്റായിരുന്ന അധ്യാപകൻ പത്മരാജൻ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ചുവെന്നാണ് കേസ്. 2020 ജനുവരിക്കും ഫെബ്രുവരിക്കുമിടയിലാണ് കേസിനാസ്പദമായ സംഭവം. 2020 മാർച്ച് 17നാണ് യുപി സ്‌കൂൾ അധ്യാപകനായ പത്മരാജൻ പീഡിപ്പിച്ചുവെന്ന് പത്തുവയസുകാരി ചൈൽഡ് ലൈനിൽ പരാതി നൽകിയത്. ലോക്ക് ഉള്ളതും ഇല്ലാത്തതുമായ ശുചിമുറികളിൽ വെച്ച് തന്നെ പീഡനത്തിനിരയാക്കി എന്നായിരുന്നു പെൺകുട്ടിയുടെ മൊഴി.
തുടർന്ന് 2021ൽ ഡിവൈഎസ്പി ടി കെ രത്‌നകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിക്കെതിരെ പോക്‌സോ വകുപ്പ് ചുമത്തി കുറ്റപത്രം സമർപ്പിച്ചത്. 2024 ഫെബ്രുവരി 23നാണ് കേസിന്റെ വിചാരണ ആരംഭിച്ചത്. കുട്ടിയുടെ സുഹൃത്ത്, നാല് അധ്യാപകർ എന്നിവരുൾപ്പടെ 40 സാക്ഷികളെയാണ് പ്രോസിക്യൂഷൻ വിസ്തരിച്ചത്. കഴിഞ്ഞ ദിവസമാണ് അധ്യാപകന് ജീവപര്യന്തം തടവും രണ്ട് ലക്ഷം രൂപ പിഴയും തലശേരി അതിവേഗ സ്പെഷൽ കോടതി വിധിച്ചത്.


















































