കൊച്ചി: ഇടതുസര്‍ക്കാര്‍ അഴിമതിക്കാരെ രക്ഷിക്കുന്ന സര്‍ക്കാരായിമാറിയെന്ന് ഹൈക്കോടതി. കശുവണ്ടി ഇറക്കുമതി അഴിമതിക്കേസിലായിരുന്നു കോടതിയുടെ രൂക്ഷമായ പരാമര്‍ശം. പ്രതികളായ കശുവണ്ടി വികസന കോര്‍പ്പറേഷന്‍ മുന്‍ ചെയര്‍മാന്‍ ഐഎന്‍ടിയുസി നേതാവ് ആര്‍. ചന്ദ്രശേഖരനെയും മുന്‍ മാനേജിങ് ഡയറക്ടര്‍ കെ.എ. രതീഷിനെയും വിചാരണചെയ്യാന്‍ പ്രോസിക്യൂഷന്‍ അനുമതിതേടി സിബിഐ നല്‍കിയ അപേക്ഷ മൂന്നാമതും തള്ളിയത് ചോദ്യംചെയ്തുള്ള കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കവേയാണ് ജസ്റ്റിസ് എ. ബദറുദ്ദീന്റെ വാക്കാലുള്ള രൂക്ഷപരാമര്‍ശം. ”ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ക്കേറുമ്പോള്‍ അഴിമതി നടക്കില്ലെന്നാണ് പ്രതീക്ഷ. ഇപ്പോള്‍ അഴിമതിക്കാരെ രക്ഷിക്കുന്ന സര്‍ക്കാരായി മാറിയെന്നാണ് മനസ്സിലാകുന്നത്. വളരെ പരിതാപകരമായ അവസ്ഥയാണിത്”. -കോടതി കുറ്റപ്പെടുത്തി.
”വ്യക്തമായ കേസാണിത്. സര്‍ക്കാര്‍ അഴിമതിക്കാര്‍ക്കൊപ്പം സഞ്ചരിക്കുകയാണ്. ഇക്കാര്യം ഏതെങ്കിലും ഉത്തരവില്‍ എഴുതിയേക്കും. കോടതിയലക്ഷ്യ നടപടിയാണിതില്‍. എന്തിനാണ് സര്‍ക്കാര്‍ രണ്ടുവ്യക്തികളെ സംരക്ഷിക്കുന്നത്. ആരാണ് ഇതിനു പിന്നില്‍. അവര്‍ എവിടെപ്പോയി. എന്തിനാണ് ഇങ്ങനെയൊക്കെ ചെയ്യുന്നത്”. -കോടതി ചോദിച്ചു.പ്രോസിക്യൂഷന്‍ അനുമതി അപേക്ഷ മൂന്നാമതും തള്ളിയതിനാല്‍ വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി മുഹമ്മദ് ഹനീഷിനെതിരേ കോടതിയലക്ഷ്യ നടപടി തുടരണമെന്നാവശ്യപ്പെട്ട് കൊല്ലം സ്വദേശി കടകംപള്ളി മനോജ് നല്‍കിയ ഉപഹര്‍ജിയാണ് സിംഗിള്‍ ബെഞ്ച് പരിഗണിച്ചത്.
സത്യവാങ്മൂലം ഫയല്‍ ചെയ്യാന്‍ സര്‍ക്കാര്‍ സമയം തേടിയതിനെത്തുടര്‍ന്ന് വിഷയം ഒരാഴ്ചകഴിഞ്ഞ് പരിഗണിക്കാന്‍ മാറ്റി.നടപടിക്രമങ്ങളിലെ വീഴ്ചയാണ് സിബിഐ ചൂണ്ടിക്കാട്ടുന്നതെന്നും അതില്‍ തെറ്റായ ഉദ്ദേശ്യമോ ഔദ്യോഗിക പദവിയുടെ ദുരുപയോഗമോ എന്തെങ്കിലും നേട്ടമോ ഉണ്ടാക്കിയതായി പറയാനാകില്ലെന്നും വിലയിരുത്തിയാണ് സര്‍ക്കാര്‍ പ്രോസിക്യൂഷന്‍ അനുമതി ഇത്തവണയും നിഷേധിച്ചത്.
















































