തിരുവനന്തപുരം: തീവ്രവോട്ടർ പട്ടിക (എസ്‌ഐആർ) പരിഷ്‌കരണത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി കോൺഗ്രസും മുസ്‌ലിം ലീഗും. സർക്കാർ പേരിനാണ് കേസ് നൽകിയതെന്നും സുപ്രീം കോടതിയിൽ പോകുമെന്നും ഇതിനായി സുപ്രീം കോടതി വക്കീലിനെ ചുമതലപ്പെടുത്തിയെന്നും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പ്രതികരിച്ചു. കേരളത്തിലെ എസ്‌ഐആർ നിർത്തിവെക്കണമെന്നാവശ്യപ്പെട്ടാണ് മുസ്‌ലിം ലീഗ് സുപ്രീം കോടതിയെ സമീപിച്ചത്. മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയാണ് ഹർജി നൽകിയത്.
അതേസമയം പയ്യന്നൂരിലെ ബിഎൽഒ അനീഷിൻ്റെ ആത്മഹത്യയിൽ സിപിഎമ്മിനും ബിജെപിക്കുമെതിരെ സണ്ണി ജോസഫ് പ്രതികരിച്ചു. ആത്മഹത്യ വേദനാജനകമാണ്. പക്ഷെ കോൺഗ്രസ് ബൂത്ത് ഏജന്റിനെ കൂടെ കൂട്ടിയതിന് സിപിഐഎം ബിഎൽഒയെ ഭീഷണിപ്പെടുത്തി. കള്ളപരാതി നൽകി ജോലി കളയുമെന്ന് ഭീഷണിപ്പെടുത്തി. ഇതിന്റെ ഫോൺ സംഭാഷണമുണ്ട്. ജോലി ഭാരവും സിപിഐഎമ്മിന്റെ ഭീഷണിയുമാണ് ആത്മഹത്യക്ക് കാരണം’, അദ്ദേഹം ആരോപിച്ചു.
ഇക്കാര്യത്തിൽ നിഷ്പക്ഷ അന്വേഷണം വേണമെന്നും തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനൊപ്പം എസ്‌ഐആർ കൊണ്ടുപോകുന്നത് ദുരൂഹമാണെന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു. ബിഎൽഒമാർക്ക് രാഷ്ട്രീയ സമ്മർദ്ദമുണ്ട്. ബിഎൽഒമാരുടെ സമരത്തിന് പൂർണ പിന്തുണ നൽകുന്നു. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ കണ്ണ് തുറക്കാൻ ഈ പ്രതിഷേധം കാരണമാകുമെന്നും സണ്ണി ജോസഫ് പറഞ്ഞു.
അതേസമയം ബിഎൽഒയുടെ ആത്മഹത്യയിൽ ഗൗരവമായ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും പറഞ്ഞു. മരണത്തിൽ സിപിഐഎം പ്രവർത്തകർക്ക് പങ്കുണ്ടെന്നും നേതാക്കൾ അടക്കമുള്ളവരുടെ ഭീഷണിയുണ്ടായിട്ടുണ്ടെന്നും വി ഡി സതീശൻ ആരോപിച്ചു. ജോലി ഭാരവും ഉണ്ട്. ജോലി ചെയ്തു തീർക്കാൻ കഴിയുന്നില്ല. ബിജെപിയും സിപിഐഎമ്മും ദുരുപയോഗം ചെയ്യുന്നു. കോൺഗ്രസ് വോട്ടുകൾ ചേർക്കാതിരിക്കാൻ നീക്കം നടക്കുന്നുവെന്നും ബിജെപിയിൽ രണ്ട് ആത്മഹത്യകൾ നടന്നെന്നും വി ഡി സതീശൻ പ്രതികരിച്ചു.
















































