അട്ടപ്പാടി: കരുവാര ഉന്നതിയിൽ നിർമാണം പൂർത്തിയാക്കാത്ത വീടിന്റെ ചുമരിടിഞ്ഞ് വീണ് രണ്ടു കുട്ടികൾക്ക് ദാരുണാന്ത്യം. വീടിന്റെ സൺഷെയ്ഡിൽ കളിക്കുന്നതിനിടെയാണ് അപകടം. സഹോദരങ്ങളായ ആദി (7), അജ്നേഷ് (4) എന്നിവരാണ് മരിച്ചത്. ഇവരുടെ കൂടെയുണ്ടായിരുന്ന ബന്ധുവായ അഭിനയ എന്ന കുട്ടിക്ക് ഗുരുതരമായി പരുക്കേറ്റു. 8 വർഷമായി ഈ വീട് ഉപയോഗശൂന്യമായി കിടക്കുകയായിരുന്നുവെന്നാണ് വിവരം. വൈകീട്ട് നാലു മണിയോടെയായിരുന്നു അപകടം.
കുട്ടികൾ സാധാരണയായി ഈ വീട്ടിൽ കളിക്കാനായി പോകാറുണ്ടായിരുന്നു എന്നാണ് വിവരം. അജയ് – ദേവി ദമ്പതികളുടെ മക്കളാണ് മരിച്ച ആദിയും അജ്നേഷും. മുക്കാലിയിൽ നിന്ന് നാലു കിലോമീറ്റർ അകലെ ഉൾവനത്തിലാണ് കരുവാര ഉന്നതി. അപകടം നടന്നതിനു പിന്നാലെ കുട്ടികളെ ആശുപത്രിയിലെത്തിക്കാൻ വൈകി. സ്കൂട്ടറിലാണ് കുട്ടികളെ വനംവകുപ്പിന്റെ ഓഫിസിലേക്കും അവിടെ നിന്ന് വാഹനത്തിൽ ആശുപത്രിയിലും എത്തിച്ചത്. മൃതദേഹങ്ങൾ കോട്ടത്തറ ട്രൈബൽ ആശുപത്രിയില്‍. മൊബൈൽ സിഗ്നൽ സംവിധാനം ലഭ്യമല്ലാത്ത ഇടമാണ് അപകടം നടന്ന കരുവാര ഉന്നതി. അതിനാൽ തന്നെ അപകട വിവരം പുറത്തറിയാൻ വൈകി.
മരിച്ച 2 കുട്ടികളും സീങ്കര സെന്റ് ജോർജ് എൽപി സ്‌കൂളിലെ വിദ്യാർഥികളാണ്. 2016 ൽ സർക്കാർ അനുവദിച്ച വീടാണ് നിർമാണം പൂർത്തിയാവാത്ത അവസ്ഥയിലുണ്ടായിരുന്നത്. കുട്ടികൾ കളിക്കുന്നതിനിടെ വീടിന്റെ വാർപ്പ് സ്ലാബ് തകർന്നു വീഴുകയായിരുന്നുവെന്നാണ് വിവരം. പരുക്കേറ്റ കുട്ടിയെ തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റിയിട്ടുണ്ട്. മുഡുക ഗോത്ര ഉന്നതിയാണ് കരുവാര.


















































