കോട്ടയം: ഭർത്താവുമായി നിരന്തരം വഴക്ക് ഉണ്ടാകുന്നത് ശരീരത്തിൽ ആത്മാവ് കയറിയതിനാലെന്ന ഭർതൃമാതാവിന്റെ കണ്ടെത്തലിൽ ആഭിചാരക്രിയയ്ക്കിടെ യുവതി നേരിട്ടത് ക്രൂരമായ പീഡനം. 10 മണിക്കൂർ നീണ്ട ക്രൂരമായ ആഭിചാരക്രിയയ്ക്കിടെ യുവതിയുടെ മുടിയിൽ മന്ത്രവാദി ആണി ചുറ്റി. ആണി തടിയിൽ തറച്ചതോടെ മുടി മുറിഞ്ഞുപോയി. ശരീരം പൊള്ളിച്ചതോടെ യുവതി ബോധരഹിതയായെന്നും യുവതിയുടെ വെളിപ്പെടുത്തൽ.
സംഭവത്തിൽ മന്ത്രവാദിയും യുവതിയുടെ ഭർത്താവുമടക്കം 3 പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പത്തനംതിട്ട പെരുംതുരുത്തി മാടാച്ചിറ വീട്ടിൽ ശിവദാസ് (ശിവൻ തിരുമേനി– 54), യുവതിയുടെ ഭർത്താവ് തിരുവഞ്ചൂർ കൊരട്ടിക്കുന്നേൽ അഖിൽ ദാസ് (26), ഇയാളുടെ പിതാവ് ദാസ് (55) എന്നിവരെയാണ് ഇന്നലെ മണർകാട് പോലീസ് അറസ്റ്റ് ചെയ്തത്. മന്ത്രവാദിയെ വീട്ടിലെത്തിച്ച അഖിലിന്റെ മാതാവ് കേസിൽ പ്രതിയാണെങ്കിലും ഇവർ ഒളിവിലാണ്.
‘‘ഭർത്താവിന്റെ അമ്മയാണ് മന്ത്രവാദിയെ കൊണ്ടുവന്നത്. ഞാനും ഭർത്താവുമായി വഴക്കുണ്ടാകുന്നത് ബാധ കാരണമെന്നാണ് അമ്മ പറഞ്ഞത്. മദ്യവും വെറ്റയും പാക്കും മഞ്ഞൾ വെള്ളവും മന്ത്രവാദി കൊണ്ടുവന്നു. പൂജയ്ക്ക് കവടിക്ക് പകരം ബാത്ത്റൂമിലെ ടൈലാണ് കൊണ്ടുവന്നത്. പൂജാ കാര്യങ്ങൾ ഇത്രയ്ക്ക് അറിയാത്ത ആളാണോ എന്നു ഞാൻ ചോദിച്ചു. പിന്നീട് കാലിൽ ചുവന്ന പട്ടു കെട്ടി. മുടിയിൽ ആണി ചുറ്റി. പിന്നീട് തടിയിൽ ആണി തറച്ചു. അപ്പോൾ മുടി മുറിഞ്ഞുപോയി. ശരീരത്തിൽ പൊള്ളലേൽപിച്ചു. അപ്പോഴേക്കും ബോധം നഷ്ടമായി, മദ്യം നൽകിയതും ബീഡിവലിപ്പിച്ചതും ഓർമയില്ല. ഇക്കാര്യമെല്ലാം ഞാൻ ആവശ്യപ്പെട്ടെന്നാണ് അയാൾ പറഞ്ഞത്. വീഡിയോ കണ്ടപ്പോഴാണ് എനിക്ക് കാര്യങ്ങളെല്ലാം മനസിലായത്. സംഭവം നടന്ന് രണ്ട് ദിവസം കഴിഞ്ഞ് വീഡിയോ കാണിക്കാമെന്നായിരുന്നു പറഞ്ഞത്. ഞാൻ തർക്കിച്ചപ്പോഴാണ് അഖിലിന്റെ സഹോദരി വീഡിയോ കാണിച്ചുതന്നത്’–യുവതി മാധ്യമങ്ങളോട് പറഞ്ഞു.
എന്റെ അമ്മയുടെ ചേച്ചി ഒരുമാസം മുൻപ് മരിച്ചു. അവരുടെ ബാധ എന്റെമേൽ കയറിയെന്ന് പറഞ്ഞാണ് ഇയാളെ കൊണ്ടുവന്നത്. രാവിലെ 11 മണിക്ക് ആരംഭിച്ച പൂജ രാത്രി 10 മണിവരെ ഉണ്ടായിരുന്നു. അതിന് ശേഷമാണ് ഭക്ഷണം പോലും തന്നതെന്നും യുവതി വെളിപ്പെടുത്തി.
അതേസമയം പ്രണയിച്ച് വിവാഹിതരാണ് അഖിലും യുവതിയും. ഭർതൃമാതാവ് പറഞ്ഞതു പ്രകാരം 2നു രാവിലെ 11ന് വീട്ടിലെത്തിയ മന്ത്രവാദി ശിവദാസ് രാത്രി 9 വരെയാണ് ആഭിചാരക്രിയകൾ നടത്തിയത്. യുവതിക്ക് ബലമായി മദ്യം നൽകിയ ശേഷം ബീഡി വലിപ്പിക്കുകയും ഭസ്മം കഴിപ്പിക്കുകയും ചെയ്തു. ശരീരത്തിൽ പൊള്ളലും ഏൽപിച്ചു. യുവതിയുടെ മാനസികനിലയിലെ വ്യത്യാസം ശ്രദ്ധിച്ച യുവതിയുടെ പിതാവാണ് പോലീസിൽ പരാതിപ്പെട്ടത്. ഭർത്താവ് അഖിൽ ദാസിന്റെ സഹോദരി സംഭവസമയത്ത് വീട്ടിൽ ഉണ്ടായിരുന്നു. ഇവർ പീഡനദൃശ്യങ്ങൾ ഫോണിൽ പകർത്തുകയായിരുന്നു. പിന്നീട് ഡിലീറ്റ് ചെയ്യുകയും ചെയ്തു. ഈ ദൃശ്യങ്ങൾ പിന്നീട് കണ്ടെടുത്തു.

















































