കൊച്ചി:6th Nov 2025: കേരളത്തിന്റെ വ്യവസായ ചരിത്രത്തിലെ നിർണ്ണായക വഴിത്തിരിവായി ഫെബ്രുവരിയിൽ നടന്ന ഇൻവെസ്റ്റ് കേരളാ ഗ്ലോബൽ ഉച്ചകോടി. ഉച്ചകോടിയെത്തുടർന്ന് സംസ്ഥാനത്തേക്ക് 100 പദ്ധതികളിലായി 36,000 കോടി രൂപയുടെ നിക്ഷേപം എത്തിയെന്ന് സംസ്ഥാന വ്യവസായ മന്ത്രി പി. രാജീവ് അറിയിച്ചു. ഈ നിക്ഷേപങ്ങളിലൂടെ 50,000-ഓളം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനായെന്നും മന്ത്രി കൂട്ടിച്ചേർത്തു. ആലുവ ചുണങ്ങൻവേലിക്കടുത്ത്, ഇൻവെസ്റ്റ് കേരളാ ഉച്ചകോടിയിലൂടെ വന്ന നൂറാമത്തെ പദ്ധതിയായ NDR സ്‌പേസ് പ്രൈവറ്റ് ലിമിറ്റഡിന്റെ വെയർഹൗസിങ് ആൻഡ് ലോജിസ്റ്റിക്‌സ് ശൃംഖലക്ക് തറക്കല്ലിട്ടുകൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി.
നിക്ഷേപ നിർദേശങ്ങൾ പദ്ധതികളാക്കി മാറ്റുന്നതിൽ (Conversion Rate) കേരളം മറ്റ് സംസ്ഥാനങ്ങളെക്കാൾ വളരെ മുന്നിലാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ‘മറ്റ് സംസ്ഥാനങ്ങളിൽ ഇത് 14-15 ശതമാനമാണ്. എന്നാൽ, കേരളത്തിൽ നിക്ഷേപ നിർദേശങ്ങൾ യാഥാർഥ്യമാകുന്നതിന്റെ നിരക്ക് 24 ശതമാനമാണ്,’ മന്ത്രി പറഞ്ഞു.
250 കോടി രൂപ മുതൽമുടക്കിൽ NDR സ്‌പേസ് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപിക്കുന്ന എ-ഗ്രേഡ് വെയർഹൗസിങ് ആൻഡ് ലോജിസ്റ്റിക്‌സിന്റെ ശിലസ്ഥാപനമാണ് മന്ത്രി നടത്തിയത്.
16 ഏക്കറിലായി വ്യാപിച്ച് കിടക്കുന്ന ഈ പദ്ധതി പൂർത്തിയാകുന്നതോടെ എഫ്.എം.സി.ജി, ഫാർമസ്യൂട്ടിക്കൽസ്, ഇ-കൊമേഴ്സ്, തേഡ് പാർട്ടി ലോജിസ്റ്റിക്‌സ് (3PL) മേഖലകൾക്ക് അത്യാധുനിക സേവനം ലഭിക്കും. കൂടാതെ 300 പേർക്ക് ഇവിടെ നേരിട്ടും അല്ലാതെയും തൊഴിൽ ലഭിക്കുമെന്നും പ്രതീക്ഷിക്കുന്നു.
സംസ്ഥാനത്തിന്റെ ലോജിസ്റ്റിക്‌സ് വികസനത്തിനും നവീകരണത്തിനും ഈ പദ്ധതി വലിയ പിന്തുണ നൽകുമെന്ന് NDR സ്‌പേസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ രാജ് ശ്രീനിവാസൻ പറഞ്ഞു.
ഈ പദ്ധതി മേഖലയിലെ വ്യാവസായിക പ്രവർത്തനങ്ങൾക്കും വിതരണ ശൃംഖലയുടെ കാര്യക്ഷമതയ്ക്കും കാര്യമായ സംഭാവന നൽകും. ലോകോത്തര നിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങൾ കെട്ടിപ്പടുക്കാനുള്ള കേരളത്തിന്റെ കാഴ്ചപ്പാടിന് ഈ സംരംഭം കരുത്ത് പകരും. 2026 മാർച്ചോടെ പദ്ധതി കമ്മീഷൻ ചെയ്യാനാണ് ലക്ഷ്യമിടുന്നത്,’ രാജ് ശ്രീനിവാസൻ വ്യക്തമാക്കി.
സുസ്ഥിര രൂപകൽപ്പനയ്ക്ക് പ്രാധാന്യം നൽകി EDGE സർട്ടിഫിക്കേഷൻ നേടുന്ന ഈ കേന്ദ്രത്തിൽ കാര്യക്ഷമമായ സ്റ്റോക്ക് മാനേജ്മെന്റിനായി സെമി-ഓട്ടോമേറ്റഡ്, ഫുള്ളി ഓട്ടോമേറ്റഡ് സംവിധാനങ്ങൾ സജ്ജീകരിക്കും.
ആലുവ എം.എൽ.എ. അൻവർ സാദത്ത്, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് ഐ.എ.എസ്., പഞ്ചായത്ത് പ്രസിഡന്റ് സതി ലാലു, വാർഡ് കൗൺസിലർ സാജു മത്തായി, NDR സ്‌പേസ് ബിസിനസ് ഹെഡ് ശ്രീനിവാസൻ എൻ. ഏരിയ മാനേജർ – കേരള, NDR സ്പേസ് പ്രൈവറ്റ് ലിമിറ്റഡ്, തോമസ് ടി പൊട്ടംകുളം എന്നിവരും ചടങ്ങിൽ പങ്കെടുത്തു.



















































