തൃശൂർ: ഒന്നാംകല്ലിൽ കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയ ഫിറ്റ്നസ് പരിശീലകൻ മാധവ് മസിലിനു കരുത്തു ലഭിക്കാൻ അമിതമായി മരുന്നുകൾ ഉപയോഗിച്ചതായി സൂചന. ഇയാളുടെ കിടപ്പുമുറിയിൽ നിന്ന് വിദേശനിർമിത മരുന്നുകളും സിറിഞ്ചും പോലീസിനു ലഭിച്ചു. ഇരുപത്തിയെട്ടുകാരനായ മാധവിനെ ഇന്നലെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ആരോഗ്യസംരക്ഷണത്തിൽ ഏറെ ശ്രദ്ധാലുവായിരുന്ന മാധവ് ശരീര സൗന്ദര്യ മൽസരങ്ങളിൽ സ്ഥിരമായി പങ്കെടുക്കാറുണ്ടായിരുന്നു. അമ്മയും മാധവും മാത്രമാണ് വീട്ടിൽ താമസം. ദീർഘകാലമായി ഫിറ്റ്നസ് പരിശീലകനാണ്. അടുത്ത മാസം വിവാഹം ഉറപ്പിക്കാനിരിക്കെ ആണ് മരണം.
അതേസമയം മരണകാരണം പോസ്റ്റ്‌മോർട്ടത്തിലും വ്യക്തമായില്ലെന്നാണ് വിവരം. ആന്തരികാവയവങ്ങൾ രാസപരിശോധനയ്ക്കായി അയച്ചു. ദിവസവും വെളുപ്പിന് നാലു മണിക്ക് ഫിറ്റ്നസ് സെൻററിൽ പരിശീലകനായി മാധവ് പോകാറുണ്ട്. ഇന്നലെ പക്ഷേ, നാലര കഴിഞ്ഞിട്ടും എഴുന്നേറ്റില്ല. വാതിൽ തുറക്കാതെ വന്നപ്പോൾ അയൽവാസികളുടെ സഹായത്തോടെ വീട്ടുകാർ തള്ളിത്തുറന്നു. അപ്പോഴാണ് കട്ടിലിൽ അനക്കമറ്റ നിലയിൽ കണ്ടെത്തിയത്. ഉടൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

















































