തിരുവനന്തപുരം∙ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു വമ്പന്‍ ചരക്കുകപ്പലുകള്‍ എത്തുകയും വിഴിഞ്ഞം രാജ്യാന്തര തുറമുഖം നേട്ടങ്ങളുടെ ചരിത്രമെഴുതുകയും ചെയ്യുമ്പോഴും തുറമുഖത്തെ റെയില്‍വേയുമായി ബന്ധിപ്പിക്കുന്ന ഭൂഗര്‍ഭപാത നിര്‍മാണം ടെന്‍ഡര്‍ പോലും വിളിക്കാതെ അനന്തമായി നീളുന്നു.
2025 മാര്‍ച്ച് 20നാണ് സര്‍ക്കാര്‍ പദ്ധതിക്ക് 1482.92 കോടി രൂപയുടെ ഭരണാനുമതി നല്‍കിയത്. എന്നാല്‍ കൊങ്കണ്‍ റെയില്‍വേ തയാറാക്കിയ നല്‍കിയ എന്‍ജിനീയറിങ്, പ്രൊക്യുര്‍മെന്റ്, കണ്‍സ്ട്രക്ഷന്‍ (ഇപിസി) ടെന്‍ഡര്‍ രേഖകള്‍ പരിശോധിച്ച് അംഗീകാരം നല്‍കാന്‍ 5 മാസം കഴിഞ്ഞിട്ടും അധികൃതര്‍ക്കു കഴിഞ്ഞിട്ടില്ല.
വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീ പോര്‍ട്ട് ലിമിറ്റഡ് (വിസില്‍) അധികൃതര്‍ക്കു സമര്‍പ്പിച്ച ടെന്‍ഡര്‍ രേഖകള്‍ കൂടുതല്‍ പഠിക്കാനായി സര്‍ക്കാര്‍ പത്തംഗ സമിതിയെ നിയോഗിച്ചിരുന്നു. ഇവരില്‍ പലരെയും കൊങ്കണ്‍ റെയില്‍വേ അധികൃതര്‍ നേരിട്ടു സമീപിച്ച് അഭിപ്രായങ്ങള്‍ എഴുതി വാങ്ങിയെങ്കിലും ഇതുവരെ ടെന്‍ഡര്‍ രേഖകള്‍ക്ക് അംഗീകാരം ലഭിച്ചിട്ടില്ല.
















































