മലപ്പുറം: ദേശീയപാതയുടെ പ്രവൃത്തി മുക്കാല്‍ഭാഗത്തിലേറെ പൂര്‍ത്തിയായിക്കഴിഞ്ഞു. പൂര്‍ത്തിയായ ഭാഗങ്ങളെല്ലാം ഇതിനകംതന്നെ ഗതാഗതത്തിന് തുറന്നുകൊടുക്കുകയും ചെയ്തു. ഇനി യാത്രക്കാരുടെ ഊഴമാണ്. ഇതുവരെ നമ്മള്‍ പരിചയിച്ചതും പ്രാവര്‍ത്തികമാക്കിയതുമായ ഗതാഗതശീലങ്ങള്‍ പലതും ഈ ദേശീയപാതയ്ക്കു പുറത്ത് ഉപേക്ഷിക്കേണ്ടിവരും. പുതിയൊരു ഗതാഗതസംസ്‌കാരം ശീലിച്ചില്ലെങ്കില്‍ ഈ ആറുവരിപാത നമ്മുടെ മരണപ്പാതയാകും. ഉദ്ഘാടനത്തിനു മുന്‍പുതന്നെ അതിന്റെ എത്രയോ ദുസ്സൂചനകള്‍ നമുക്ക് ലഭിച്ചുകഴിഞ്ഞു.
സര്‍വീസ് റോഡുകള്‍ ടുവേ ആണെന്ന് ദേശീയപാതാ അതോറിറ്റി അറിയിച്ചിട്ടുണ്ട്. അതേസമയം നിലവിലെ വീതിയില്‍ ഇത്തരമൊരു ഗതാഗതം വലിയ പ്രശ്നങ്ങള്‍ സൃഷ്ടിക്കാനിടയുണ്ട്. ആറരമീറ്റര്‍ വീതിമാത്രമേ സര്‍വീസ് റോഡുകള്‍ക്കുള്ളൂ. പലയിടങ്ങളിലും അത്രപോലുമില്ല. അതുകൊണ്ടുതന്നെ എതിരേ എപ്പോള്‍ വേണമെങ്കിലും വാഹനം വരാമെന്ന ധാരണയില്‍ വണ്ടിയോടിക്കണം. ഓരോ അടിപ്പാതയിലും ജങ്ഷനിലും അതിശ്രദ്ധവേണം. ദേശീയപാതയിലേക്ക് കയറുന്നതും ഇറങ്ങുന്നതുമായ കവാടങ്ങളില്‍ വേഗംകുറയ്ക്കണം. ദേശീയപാതയിലേക്ക് പ്രവേശിക്കുമ്പോള്‍ വലതുഭാഗത്തുനിന്ന് വാഹനങ്ങള്‍ വരുന്നില്ലെന്ന് ഉറപ്പുവരുത്തണം.
ആദ്യത്തെപടിതന്നെ എന്തെല്ലാം ചെയ്യാം എന്തെല്ലാം ചെയ്തുകൂടാ എന്നറിയലാണ്. ഓട്ടോ, ഇരുചക്രവാഹനങ്ങള്‍, ട്രാക്ടര്‍ പോലുള്ള വാഹനങ്ങള്‍ ഒന്നുംതന്നെ ആറുവരിപ്പാതയിലൂടെ പോകാന്‍ പാടില്ല. വലിയ പിഴ അടയ്‌ക്കേണ്ടിവരും. മാത്രമല്ല, ഇതുവഴി പോയി വല്ല അപകടവും പറ്റിയാല്‍ ഇന്‍ഷുറന്‍സ്പോലും കിട്ടില്ല. അതിവേഗത്തില്‍ യാത്രചെയ്യേണ്ടവര്‍ക്കുള്ളതാണ് ആറുവരിപ്പാത എന്ന് ഓര്‍മ്മവേണം. കണ്ണെത്താദൂരം റോഡ് കിടക്കുന്നതുകണ്ട് അതിവേഗം പാടില്ല. നിയന്ത്രണംവിട്ടാല്‍ അപകടത്തിന്റെ ആഘാതം കടുത്തതാകും.
ആറുവരിപ്പാതയിലെ അടയാള ബോര്‍ഡുകളും മുന്നറിയിപ്പുകളും വ്യക്തമായി ശ്രദ്ധിച്ചുവേണം വാഹനമോടിക്കാന്‍. ഓരോ മേഖലയിലും പോകേണ്ട വേഗം മാര്‍ക്ക്‌ചെയ്തിട്ടുണ്ട്. അതനുസരിച്ചേ വേഗംകൂട്ടാവൂ. സര്‍വീസ് റോഡില്‍നിന്ന് ദേശീയപാതയിലേക്കും പുറത്തേക്കുമുള്ള പ്രവേശകദ്വാരങ്ങള്‍ക്ക് തൊട്ടുമുന്‍പായി റോഡില്‍ മഞ്ഞവരകളുണ്ട്. അത്തരം മേഖലകളില്‍ വേഗംകുറച്ച് ശ്രദ്ധിച്ചുവേണം പോകാന്‍. പുറത്തേക്കുള്ള വഴിയിലൂടെ അകത്തേക്കോ അകത്തേക്കുള്ള വഴിയിലൂടെ പുറത്തേക്കോ പോകരുത്.
മൂന്നുവരികളായാണ് ദേശീയപാത പോകുന്നത്. ഇതില്‍ ഏറ്റവും ഇടത്തുള്ള വരി വേഗംകുറഞ്ഞ വാഹനങ്ങള്‍ക്കും ഭാരംവഹിക്കുന്ന വാഹനങ്ങള്‍ക്കുമുള്ളതാണ്. നടുക്കുള്ള വരിയിലൂടെ അനുവദിച്ച വേഗത്തില്‍ വാഹനങ്ങള്‍ക്ക് പോകാം. വലത്തേ വരിയിലൂടെ വാഹനമോടിക്കരുത്. അത് ഓവര്‍ടേക്ക് ചെയ്യാനുള്ളതും അടിയന്തരസ്വഭാവമുള്ള വാഹനങ്ങള്‍ക്ക് പോകാനുള്ളതുമാണ്. ആംബുലന്‍സ്, അഗ്‌നിരക്ഷാവാഹനങ്ങള്‍, സുരക്ഷാവാഹനങ്ങള്‍ എന്നിവയ്‌ക്കേ അതിലൂടെ പോകാന്‍ അനുവാദമുള്ളൂ. വലത്തേ വരിയിലൂടെ മറികടന്നശേഷം ഉടന്‍ നടുക്കുള്ള വരിയിലേക്കു മാറണം.
ഏതു വരിയില്‍നിന്നായാലും മറ്റൊരു വരിയിലേക്കു കടക്കുന്നതിനുമുന്‍പ് ഇന്‍ഡിക്കേറ്റര്‍ ഉപയോഗിച്ച് സൂചന നല്‍കണം. ആ ഭാഗത്ത് വാഹനമില്ലെന്ന് ഉറപ്പുവരുത്തിവേണം ട്രാക്ക് മാറാന്‍. വാഹനത്തിന്റെ എല്ലാ കണ്ണാടികളിലും ശ്രദ്ധവേണം. ട്രാക്ക് മാറുമ്പോള്‍ പിന്നില്‍ വാഹനങ്ങളൊന്നും കാണുന്നില്ലെങ്കിലും ഇന്‍ഡിക്കേറ്റര്‍ ഇടുന്നത് നല്ലതാണ്.
 
			

































 
                                






 
							






