ഇൻഡോർ: നമ്മുടെ രാജ്യത്ത് കളിക്കാനെത്തിയ താരങ്ങളെ അതിഥിളായി കണ്ടു സംരക്ഷിക്കേണ്ടതിനു പകരം ഇരകളെ കുറ്റപ്പെടുത്തി മന്ത്രി. മധ്യപ്രദേശിൽ നടുറോഡിൽ ഓസ്ട്രേലിയൻ ക്രിക്കറ്റ് താരങ്ങൾക്കുനേരെയുണ്ടായ ലൈംഗികാതിക്രമത്തിലാണ് സംസ്ഥാനത്തെ മന്ത്രിയുടെ വിവാദ പരാമർശം. പോലീസിന്റെ ഭാഗത്തെ വീഴ്ചയെക്കുറിച്ചു പറയുന്നതിനു പകരം, മന്ത്രി കൈലാഷ് വിജയ്‌വർഗിയ നടത്തിയ പ്രസ്താവന പുതിയ പ്രതിഷേധങ്ങൾക്കും വിവാദങ്ങൾക്കും തിരികൊളുത്തി.
ലോകകപ്പ് കളിക്കാനെത്തിയ വനിതാ ക്രിക്കറ്റ് താരങ്ങൾക്കു നേരെയുണ്ടായ ലൈംഗികാതിക്രമത്തിൽ കളിക്കാർ ഒരു പാഠം പഠിക്കണമെന്നാണ് വിജയ്‌വർഗിയ പറഞ്ഞത്. ‘‘ നമ്മൾ പുറത്ത് പോകുമ്പോൾ പോലും, ഒരു പ്രാദേശിക വ്യക്തിയെയെങ്കിലും അറിയിക്കാറുണ്ട്. ഇനിയെങ്കിലും താമസിക്കുന്ന സ്ഥലം വിട്ട് പുറത്ത് പോകുമ്പോൾ സുരക്ഷാ ജീവനക്കാരെയോ പ്രാദേശിക ഭരണകൂടത്തെയോ അറിയിക്കണം എന്ന് ഈ സംഭവം കളിക്കാരെ ഓർമിപ്പിക്കുമെന്ന് ഞാൻ കരുതുന്നു. കളിക്കാർക്കു വലിയ ആരാധക പിന്തുണയുള്ളതിനാലാണിത്. ഇംഗ്ലണ്ടിലെ ഫുട്ബോൾ പോലെയാണ് ഇവിടെ ക്രിക്കറ്റ്. ഫുട്ബോൾ കളിക്കാരുടെ വസ്ത്രങ്ങൾ കീറുന്നത് ഞാൻ കണ്ടിട്ടുണ്ട്… ഞങ്ങൾ ഹോട്ടലിൽ കയറി കാപ്പി കുടിക്കുകയായിരുന്നു. നിരവധി യുവാക്കൾ അവിടെ വന്നു. ഒരാൾ പ്രശസ്ത കളിക്കാരനോട് ഓട്ടോഗ്രാഫ് ചോദിച്ചു. ഒരു പെൺകുട്ടി അയാളെ ചുംബിച്ചു, അയാൾ ധരിച്ചിരുന്ന വസ്ത്രം കീറിപ്പോയി. വളരെ പ്രശസ്തനായ ഒരു ഫുട്ബോൾ കളിക്കാരനായിരുന്നു അദ്ദേഹം.
ചിലപ്പോൾ, ഈ കളിക്കാർക്ക് അവരുടെ ജനപ്രീതി മനസിലാകുന്നില്ല. ഇവർക്കൊക്കെ വലിയ ജനപ്രീതിയുണ്ട്, അതിനാൽ അവർ ശ്രദ്ധിക്കണം. ഈ സംഭവം നടന്നുകഴിഞ്ഞു. എല്ലാവർക്കും ഒരു പാഠമാണിത്. നമുക്കും കളിക്കാർക്കും ഒരു പാഠമാണ്. സുരക്ഷാ വീഴ്ചയുണ്ടായിട്ടുണ്ടെങ്കിലും, പുറത്ത് പോകുന്നതിന് മുമ്പ് പ്രാദേശിക അധികാരികളെ അറിയിക്കേണ്ടത് കളിക്കാരുടെ ഉത്തരവാദിത്തം കൂടിയായിരുന്നു. അവർ ആരെയും അറിയിച്ചില്ല, ആരോടും പറഞ്ഞില്ല. എന്നാൽ ഈ സംഭവത്തിൽനിന്ന് അവർ ഒരു പാഠം പഠിക്കുകയും ഭാവിയിൽ ജാഗ്രത പാലിക്കുകയും ചെയ്യും’’ – വിജയ്‌വർഗിയ പറഞ്ഞു.
അതേസമയം വിജയ്‌വർഗിയയുടെ അഭിപ്രായത്തിനെതിരെ പ്രതിപക്ഷ പാർട്ടികളിൽനിന്നും വനിതാ സംഘടനകളിൽനിന്നും രൂക്ഷമായ വിമർശനം ഉയർന്നു. വിജയ്‌വർഗിയയുടെ ഈ പ്രസ്താവന അറപ്പുളവാക്കുന്നതും പിന്തിരിപ്പനുമാണെന്ന് വിശേഷിപ്പിച്ച് മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ അരുൺ യാദവ് രംഗത്തെത്തി. ‘‘അതിഥികളെ സംരക്ഷിക്കുന്നതിൽ സംസ്ഥാനത്തിന്റെ പരാജയമാണ് ഈ സംഭവം തുറന്നുകാട്ടുന്നത്. സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനു പകരം, ഇരകളെ കുറ്റപ്പെടുത്തുന്നത് കൈലാഷ് ജിയുടെ അസ്വസ്ഥപ്പെടുത്തുന്ന മാനസികാവസ്ഥയെയാണ് പ്രതിഫലിപ്പിക്കുന്നത്. മുഖ്യമന്ത്രി തന്നെ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്തിട്ടും, അദ്ദേഹത്തിന്റെ മേൽനോട്ടത്തിൽ ഇത്തരം സംഭവങ്ങൾ നടക്കുന്നു’’ – അദ്ദേഹം പറഞ്ഞു.














































